...

13 views

കാത്തിരിപ്പിനൊടുവിൽ
ഒരു പൂവ് കാണാൻ എത്ര കാലമായി കൊതിക്കുന്നു. തന്റെ വംശം നിലനിർത്താൻ ഒന്ന് പുഷ്പിക്കുവാൻ ഇത് കാത്ത് ചെടികളിലെ ഓരോ ഭാഗവും ഒരുപോലെ ആഗ്രഹിക്കുന്നു. അങ്ങിനെ പൂക്കൾ കാണാൻ കഴിയാതെ സങ്കടത്തോടെ കൊഴിഞ്ഞു പോയ ഇലകളെത്രയോ.
അങ്ങിനെ ഒരു ദിവസം രാവിലെ സൂര്യോദയത്തിൽ ഒരു മുകുളം പ്രത്യക്ഷപ്പെട്ടു. ചെടികളിലെ ഇലകളെല്ലാം സന്തോഷം കൊണ്ട് ഇളകിയാടി താളമിട്ടും സന്തോഷിച്ചു. എന്നാൽ ആ മുകുളങ്ങൾ വിരിയും മുൻപ് ഏതോ പുഴുവിന്റെ ഭക്ഷണമായി അതിന് മാറേണ്ടി വന്നു. ഇലകളുടെ സന്തോഷം അസ്തമിച്ചു.
ഇതിനിടയിൽ കുറെ കിളികൾ പറന്നു വന്നു വിവിധ രാഗങ്ങളിൽ പാട്ടും പാടി ചെടികളിൽ പറന്ന് പുഴുക്കളെയെല്ലാം ഭക്ഷണമാക്കി. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചെടികളിൽ വീണ്ടും കുറെ മുകുളങ്ങൾ പ്രത്യക്ഷപ്പെട്ടു. രണ്ട് ദിവസം കൊണ്ട് തന്നെ മുകുളങ്ങൾ വളർന്ന് വലുതായി പൂമൊട്ടുകൾ ആയി മാറി. ചെടികളിൽ ഇലകൾ സന്തോഷം കൊണ്ട് ആടിരസിക്കാൻ തുടങ്ങി. കാലങ്ങളുടെ കാത്തിരിപ്പ് ഇതാ സഫലമായി ഭവിക്കുന്നു. പൂക്കൾ വിരിഞ്ഞു. നറുമണമേകി അന്തരീക്ഷം വണ്ടുകളും ചിത്രശലഭങ്ങളും വന്ന് ചുറ്റി പറന്നുയരുമ്പോൾ പ്രകൃതി വളരെ സുന്ദരമായ കാഴ്ചകൾ കണ്ട് സന്തോഷിച്ചു. തേനീച്ചകളും ചിത്രശലഭങ്ങളും തേൻ നുകർന്ന് വയറ് നിറച്ച് പറന്നുയരുമ്പോൾ ചെടികളിൽ ഇലകൾ വീശി ആടി യാത്ര പറഞ്ഞു. സന്തോഷത്തിന്റെ നാളുകൾ അങ്ങിനെ വന്നു കഴിഞ്ഞു വെന്നതിൽ ഇലകളിലും പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥയാണ്. പൂക്കൾ സൗന്ദര്യം നിറഞ്ഞ് അല്പം അഹങ്കാരം കാണിക്കുന്നത് പോലെ ഇലകൾക്ക് തോന്നി. ദിവസങ്ങൾ കഴിയുന്തോറും പൂക്കളുടെ നിറങ്ങൾ മങ്ങി തുടങ്ങി. അങ്ങിനെ വാടി കൊഴിഞ്ഞു വീഴുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു. ഞാൻ ഇവിടെ നിറഞ്ഞ കായ്കളിൽ പുനർജന്മമെടുത്ത് ഇനിയും അഴക് വിരിയും. ഇത് കേട്ട് ചിത്രശലഭങ്ങൾ ചിറകുകൾ വിടർത്തി ആശ്ലേഷിച്ചുകൊണ്ട് പറന്നുയർന്നു. പ്രകൃതിയുടെ സംരക്ഷണത്തിൽ കായ്കളും മൂപ്പെത്തി വിരിയുവാൻ കാത്തിരുന്നു.

- സലിംരാജ് വടക്കുംപുറം-