...

3 views

ചെറുകഥ : മഞ്ഞുമാസ കുളിരിൽ മയക്കത്തിൽ
ഞാനും പ്രിയ സുഹൃത്ത് വർഗീസും ജോലി ലഭിച്ചതിനാൽ വളരെ കാലങ്ങൾക്ക് മുമ്പ് തമിഴ് നാട്ടിൽ ഒന്നിച്ചു താമസിക്കുകയായിരുന്നു. അക്കാലത്ത് ഒരു വെളുപ്പാൻ കാലത്ത് പാതി മയക്കത്തിൽ ഞാൻ ഒരു സ്വപ്നം കാണാൻ തുടങ്ങി. വർഗീസ് നല്ല ഉറക്കത്തിലായിരുന്നു. തണുപ്പ് കൂടുതൽ ഉള്ളതിനാൽ ഞാൻ പുതപ്പ് കൊണ്ട് തലയടക്കം മൂടിപ്പുതച്ചാണ് കിടന്നിരുന്നത്.
പെട്ടെന്ന് ആകാശത്ത് വല്ലാത്ത ഒരു പ്രകാശം കണ്ടു. ഭയന്നു കൊണ്ട് എന്താണ് ആ പ്രകാശം എന്ന് വീക്ഷിക്കുമ്പോൾ രണ്ട് വിചിത്രമായ മനുഷ്യനെ പോലെ എന്നാൽ ഭൂമിയിൽ ഇന്ന് കാണുന്ന രൂപത്തിൽ നിന്നും വ്യത്യസ്തമായ ഒരു പ്രത്യേക നിറവും രൂപവും ഉള്ള അന്യഗ്രഹജീവികൾ തന്നെയാണ് എന്ന് മനസ്സിലാക്കാൻ മനസ്സിന് കഴിഞ്ഞു എന്നതാണ് വാസ്തവം.
രണ്ടു അന്യഗ്രഹജീവികളും ഒരു വിചിത്രമായ വാഹനത്തിൽ സഞ്ചരിച്ചാണ് എൻെറ സമീപത്ത് അല്പം ദൂരെയായി വന്നിറങ്ങിയത്. അവരെ കണ്ട് വല്ലാതെ ഭയന്നെങ്കിലും ഓടുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അവർ രണ്ടുപേരും സാവധാനം എന്റെ അടുത്ത് വന്നു നിന്നു. കയ്യിലിരുന്ന ഒരു ഉപകരണം ഉപയോഗിച്ച് സംസാരിക്കുന്നതാണ് കണ്ടത്. അവർ വളരെ ഭവ്യതയോടെ എന്നോട് സംസാരിക്കുന്നതാണ് കണ്ടത്. അവർ എന്തോ ഒരു ശബ്ദവീചികൾ പുറപ്പെടുവിച്ചു എന്നാൽ അവരുടെ കയ്യിൽ ഇരിക്കുന്ന ഉപകരണത്തിൽ നിന്നും നമ്മുടെ ഭാഷയിൽ തന്നെയാണ് സംസാരങ്ങൾ കേൾക്കാൻ കഴിഞ്ഞത്. അവർ പേര് ചോദിച്ചു. പേര് പറഞ്ഞു കൊടുത്തു. കുറെയേറെ സംഭാഷണങ്ങൾക്ക് ശേഷം അവർ ഏതോ ഗ്രഹത്തിൽ നിന്നും വന്നതാണെന്ന് പറഞ്ഞെങ്കിലും അത് ഓർമ്മയിൽ നിന്നും മാഞ്ഞു പോയി. എന്നാൽ പോകുന്നതിന് മുമ്പ് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ ചിന്തിച്ചത് അവർ ഇവിടെ നമ്മുടെ കൂടെ ഇരിക്കുകയാണെങ്കിൽ നമുക്ക് ആവശ്യമുള്ളതെല്ലാം അവർ തരുമല്ലോ എന്നതാണ്. നിങ്ങൾക്ക് ഞങ്ങളുടെ കൂടെ ഇവിടെ കഴിഞ്ഞു കൂടാൻ കഴിയുമോ എന്ന് ചോദിച്ചു. അവർ രണ്ടുപേരും ചേർന്ന് കഴിയില്ല എന്ന് പറയുന്നത് കേട്ടു. പെട്ടെന്ന് ആ സ്വപ്നത്തിൽ നിന്നും ഞാൻ ഞട്ടി ഉണരുകയും ചെയ്തു.
അവരുടെ ആ രൂപം മനസ്സിൽ അങ്ങിനെ തന്നെ ദിവസങ്ങളോളം തെളിഞ്ഞു നിന്നിരുന്നു. കുറച്ചു ദിവസങ്ങൾ ഉറങ്ങാൻ പോലും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയായിരുന്നു. കാലക്രമേണ മനസിൽ നിന്നും ആ രൂപവും മാഞ്ഞു പോയി.
© Salimraj Vadakkumpuram