...

1 views

പോരാളി തൊമ്മി
പട്ടണത്തിലെ ആ വലിയ കെട്ടിടത്തിലെ ഓഫീസിൽ അന്ന് അയാളുടെ അവസാനത്തെ ദിവസമായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി ലിഫ്റ്റിൽ ഒറ്റക്ക് താഴേക്കിറങ്ങുമ്പോൾ അയാളുടെ മനസ്സിലുണ്ടായിരുന്ന വികാരം സന്തോഷമാണോ സങ്കടമാണോ അതോ രണ്ടും കൂടി കലർന്നതായിരുന്നോ എന്നത് ഇപ്പോഴും ഒരു സമസ്യയായി അവശേഷിക്കുന്നു. ജോലിയിൽ നിന്നും സ്വയം രാജി വച്ചിറങ്ങിയ അന്ന് രാത്രിയിൽ ഫേസ്ബുക്കിലും ഇൻസ്റ്റയിലും അയാൾ ഇങ്ങനെ കുറിച്ചു.


എന്റെ ജീവിതത്തിലെ നീണ്ട ഒരു അദ്ധ്യായം ഇന്നിവിടെ അവസാനിക്കുകയാണ്. ഇനിയൊരു അദ്ധ്യായം ഉണ്ടോ എന്നു പോലും എനിക്കിപ്പോൾ ഉറപ്പു പറയുവാൻ കഴിയില്ല. ഗായകൻ തന്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിൽ പാട്ട് അവസാനിപ്പിച്ച പോലെയുള്ള ഒരു ആത്മസംതൃപ്തി ഞാനിപ്പോൾ അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ പതിനഞ്ചു വർഷമായി തന്റെ എല്ലാ ദിവസങ്ങളും ഒരു പോലെയായിരുന്നു. ഒരു ദിവസത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ആയിരുന്നു അടുത്ത ദിവസം. ഉറങ്ങുന്നു, ഉണരുന്നു. വിരസമായ പകലുകളും സ്വപ്നങ്ങളില്ലാത്ത രാത്രികളും. സർഗാത്മകഥയും സാഹസികതയും ഒന്നുമില്ലാത്ത ഒരു ജീവിതം. എന്നും കാണുന്ന അതേ മുഖങ്ങൾ.


ഓഫീസിലെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലെ പേജുകൾ അല്ലാതെ ഒന്നിനും കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലായിരുന്നു. മാറ്റം ആഗ്രഹിക്കുന്നവർ, വ്യത്യസ്തങ്ങളായ ആശയങ്ങൾ ഉള്ളവർ തന്നെ കോൺടാക്ട് ചെയ്യാൻ താല്പര്യപ്പെട്ടു അയാൾ തന്റെ മൊബൈൽ നമ്പർ സോഷ്യൽ മീഡിയയിലെ കുറിപ്പിനൊപ്പം നൽകി.



ആദ്യത്തെ കാൾ, ആമുഖങ്ങളില്ലാതെ അയാൾ പറഞ്ഞു. ഞാനൊരു കള്ളനാണ്. ഈ നാട്ടിലെ മിക്കവരുടെയും വീട്ടിൽ വലിയ സ്വർണ്ണശേഖരം ഉണ്ട്. അവരുടെ സ്വർണ്ണഭ്രമത്തെ മുതലെടുക്കുകയാണ് എന്റെ യുഎസ്പി. താങ്കൾ തെറ്റിദ്ധരിക്കേണ്ട. പഴയ കാലത്തെ "മീശ മാധവൻ" സ്റ്റൈൽ കള്ളനല്ല ഞാൻ. ഇത് ഒരു കമ്പനി ആണ്. സമാനമനസ്കരുടെ ഒരു ടീം. ഏറ്റവും ആധുനിക രീതിയിൽ ഡാറ്റാ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒക്കെ ഉപയോഗിച്ചാണ് ഞങ്ങളുടെ ഓപ്പറേഷൻ. താങ്കൾക്ക് കൂടുതൽ അറിയുവാൻ താല്പര്യം ഉണ്ടെങ്കിൽ അടുത്ത പടിയായിട്ടുള്ള ഒരു സൂം മീറ്റിങ് അറേഞ്ച് ചെയ്യാം. കാൾ അവിടെ അവസാനിച്ചു.



രണ്ടാമത്തെ കാൾ കൊല്ലത്തു നിന്നും. വിളിച്ചയാൾ ലക്ഷങ്ങളുടെ വരുമാനകണക്കുകൾ മാത്രം പറയുന്നത് കേട്ടപ്പോൾ "നെറ്റ്‌വർക്ക് മാർക്കറ്റിങ്" ആണോ എന്ന സംശയം അയാളിൽ ഉണ്ടായി. ഓൺലൈൻ സൂപ്പർമാർക്കറ്റ്, ഇ-കോമേഴ്‌സ്, ഭാവിയിലെ ബിസിനസ് ഓപ്പർച്യുണിറ്റി എന്നൊക്കെ പറഞ്ഞു വിളിച്ചയാൾ കാട് കയറിയെങ്കിലും അത് പുതിയ കുപ്പിയിലാക്കിയ "നെറ്റ്‌വർക്ക് മാർക്കറ്റിങ്" എന്ന പഴയ വീഞ്ഞാണെന്ന് അയാൾക്ക് ബോധ്യപ്പെട്ട നിമിഷം അയാൾ കാൾ അവിടെ മാന്യമായി അവസാനിപ്പിച്ചു.



മൂന്നാമത്തെ കാൾ എത്തിയത് അടുത്ത ദിവസം. കാസർകോഡ് നിന്നായിരുന്നു കാൾ. "ക്രിപ്റ്റോകറൻസി" ആണ് ഇനി ലോകം ഭരിക്കാൻ പോകുന്നത് എന്ന് തുടങ്ങി ഫോണിലൂടെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. വരാൻ പോകുന്ന ദശാബ്ദത്തിലെ കോടീശ്വരന്മാർ ക്രിപ്റ്റോയിൽ ഇൻവെസ്റ്റ് ചെയ്തവരായിരിക്കുമെന്നു എന്നെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. കമ്പനിയുടെ വെബ്സൈറ്റും ഡീറ്റൈൽസുമൊക്കെ വാട്ട്സാപ്പിലെക്ക് അയച്ചു തന്നിട്ട് വീണ്ടും വിളിക്കാമെന്ന് പറഞ്ഞു കാൾ അവസാനിപ്പിച്ചു.


അതേ ദിവസം തന്നെ മലപ്പുറത്തു നിന്നും അടുത്ത കാൾ എത്തി. യുട്യൂബ് ചാനൽ വഴിയുള്ള ഓൺലൈൻ ചാരിറ്റിയിലൂടെ സമ്പന്നനാകാനുള്ള അനന്ത സാധ്യതകൾ വിളിച്ചയാൾ അയാളുടെ കർണ്ണപുടങ്ങളിലേക്ക് ഫോണിലൂടെ വിളമ്പി. അയാളെ ഒരു നന്മമരമാക്കി വളർത്തുവാനുള്ള പ്ലാനും പദ്ധതിയും വിളിച്ചയാൾ വിശദമാക്കി. ലോകമെങ്ങുമുള്ള പ്രവാസികളുടെ ഗൃഹാതുരത്വവും സഹായിക്കുവാനുള്ള അവരുടെ താല്പര്യത്തെയും നമുക്കു പൂർണ്ണമായും ചൂഷണം ചെയ്യാൻ കഴിയും. വിദേശത്തു നിന്നും പണം ഒഴുകി വരും. നിങ്ങൾ ഒരു നന്മമരമായി ലോകം മുഴുവൻ അറിയപ്പെടും.



പിന്നീട് എത്തിയ കാൾ കണ്ണൂർ നിന്നായിരുന്നു. വ്യത്യസ്ഥമായ ആശയം. താല്പര്യം തോന്നി അയാൾക്ക്. അധികം വളച്ചുകെട്ടാതെ വിളിച്ചയാൾ കാര്യം പറഞ്ഞു. ചിന്തിക്കാൻ കഴിയുന്നതിലും കൂടുതൽ സമ്പത്ത് ആർജിക്കുവാൻ കഴിയുന്നതും സുരക്ഷിതത്വവും ഉള്ള ഒന്നാണിത്. താങ്കൾ ഞങ്ങൾക്ക് വേണ്ടി സൈബറിടത്തിൽ പോരാടുന്ന ഒരു സൈബർ ഗുണ്ടയായി മാറുക. ജോലി വളരെ ലളിതമാണ്. അസത്യം പ്രചരിപ്പിച്ചു സത്യമാണെന്ന തോന്നലുണ്ടാക്കുക, സോഷ്യൽ മീഡിയയിൽ കൂടി കേട്ടാലറക്കുന്ന തെറികളിലൂടെ എതിരാളികളുടെ ആത്മവിശ്വാസം തകർക്കുക. സത്യം വിളിച്ചു പറയുന്നവരെ സൈബർ ആക്രമണത്തിലൂടെ നിശ്ശബ്ദരാക്കുക.


പക്ഷെ ഇതെല്ലാം ചെയ്യുന്നത് നിങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റിയിൽ ആയിരിക്കില്ല. ഞങ്ങൾ നിങ്ങൾക്ക് ഒരു പുതിയ പേര് നൽകും.
ജോലിയുടെ വിശദവിവരങ്ങളും പുതിയ ഐഡന്റിറ്റിയും ഉള്ള മെയിൽ പിറ്റേ ദിവസം അയാളുടെ മെയിലിൽ എത്തി. മെയിൽ തുറന്ന അയാൾ തന്റെ പുതിയ പേരും ക്യാപ്ഷനും കണ്ടു ചെറുതായി ഒന്നു ഞെട്ടി.

"പോരാളി തൊമ്മി"
"സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം നിരന്തരം"


© All Rights Reserved