...

7 views

പ്രിയപ്പെട്ട നിനക്ക്,
കേട്ടിരിക്കാൻ ആഗ്രഹമുള്ളവർക്കായ് ചിന്തകളുടെ കൂട്ടിൽ കെട്ടി പൂട്ടിവച്ചിരിക്കുന്ന തോന്നലുകളെ എന്നിലെ എന്നെ ഞാൻ പറത്തിവിടുകയാണ്. പിടിച്ചു നിൽക്കാൻ വേരുകൾ തേടുമ്പൊഴും സ്വയം വേരുകൾ അറുത്തു മാറ്റുന്നവൾ. എത്ര കണ്ട് നിങ്ങൾക്കവളെ മനസിലാക്കാൻ കഴിയുമെന്ന് അറിയില്ല. എനിക്കു പോലും മനസിലാക്കാൻ കഴിയാത്തൊരെന്നെ മറ്റൊരാൾ എങ്ങനെ മനസിലാക്കാനാണ്. ഒരു കഥ പറച്ചിലുകാരിയാവാൻ എന്നെ കൊണ്ട് കഴിഞ്ഞെന്നു വരില്ല. ഞാനൊരു നല്ല എഴുത്തുകാരിയോ വായനക്കാരിയോ ഒന്നുമല്ല. പക്ഷെ എനിക്കൊരുപാട് പറയാനുണ്ട്. വരികളിലൂടെ കടന്നുപോവുന്ന ഒരു നിമിഷമെങ്കിലും അത് വെറും എഴുത്തുകളല്ല എൻ്റെ മനസ്സാണ് എന്ന് തിരിച്ചറിഞ്ഞാൽ അതുമതിയെനിക്ക് . അത്ര മാത്രം. മരണം ചിന്തകളിൽ മാലാഖയുടെ വേഷം കെട്ടുന്നവൾക്ക് പറയാൻ കാരണങ്ങൾ ഇല്ലെന്ന് പറഞ്ഞാൽ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുമോ? കിനാവുകൾ വിടരുന്ന പുലരിയിൽ പുഞ്ചിരിക്കുന്നവളെ മനസിലാക്കാൻ കഴിയുമോ?
ഒരേ നിമിഷം പുഞ്ചിരിക്കാനും കരയാനും
എന്നാൽ ഇവ രണ്ടും അനുഭവിക്കാതിരിക്കാനും
കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുമോ? എങ്കിൽ കാരണങ്ങളുടെ കൈപിടിച്ചു നടക്കാത്ത പലതും നിങ്ങൾക്കു കാണാൻ കഴിയും. ഒരേ ചിത്രത്തിലെ ഇരുട്ടും വെളിച്ചവും പോലെ, ഒരു നിമിഷം പലതാവുക . പൂക്കൾ വിടരുന്ന വസന്തവും വിണ്ടു കീറിയ വേനലും ഒന്നിച്ചു വരുന്ന ചിന്തകളിൽ അവിശ്വസനീയമായ മറ്റൊരിടം.എന്നിലെ ഭ്രാന്തിയുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ഞാനിവിടെ എന്തൊക്കെയോ കുറിക്കാൻ തുടങ്ങുകയാണ്. എൻ്റെ എഴുത്തുകൾ എൻ്റെ കുത്തിക്കുറിക്കലുകളാണ്, ചിന്തകളാണ്, തോന്നലുകളാണ്, സ്വപ്നങ്ങളാണ് അങ്ങനെയെന്തൊക്കെയോ ആണ്. ഇവിടെ എന്തു വിരിയുമെന്ന് എനിക്ക് പറയാൻ കഴിയില്ല. ഒന്നും പ്രതീക്ഷിച്ച് ഇവിടെ വരാതിരിക്കുക. ഇത് എൻ്റെ ഇടമാണ്, ഞാൻ എനിക്കായ് ഒരുക്കുന്ന ഇടം, എൻ്റെ തോന്നലുകൾ കെട്ടുപൊട്ടി പറക്കുന്ന ഇടം, അത്രമേൽ പറയാൻ കൊതിക്കുമ്പൊ  ഞാനോടിവരാൻ കൊതിക്കുന്നയിടം. കേട്ടിരിക്കാനും കൂട്ടുവരാനും ആഗ്രഹിക്കുന്നവർക്ക് കൈ പിടിക്കാം. എൻ്റെ കുത്തിക്കുറിക്കലുകൾക്ക്, എന്നിലെ എന്നെ കാതോർത്തിരിക്കാം. വിട്ടു പോവാൻ തോന്നുമ്പോ ഒന്നും പറയാതെ തിരികെ നടന്നോളൂ. പരിഭവങ്ങളില്ല, പരാതികളില്ല. വീണ്ടും വരാൻ തോന്നിയാൽ ഒട്ടും മടിക്കാതെ വീണ്ടും കൈ പിടിക്കാം. ഞാനിവിടെ ഉണ്ടാവും, എന്തിനെന്നോ എന്തുകൊണ്ടെന്നോ അറിയാതെ തോന്നുന്നതൊക്കെയും പറഞ്ഞിരിക്കാൻ. തോന്നലിൻ്റെ കൂട്ടുകാരിയായി ,കിനാവിൻ്റെ കൂട്ടുപിടിച്ച് ഉള്ളുതൊട്ടു പറഞ്ഞിരിക്കാൻ..

ഹൃദയം കഥ പറയുമ്പോൾ കാതോർത്തിരിക്കാൻ നീയുണ്ടാവുമെന്ന പ്രതീക്ഷയിൽ ഒരു പാട് സ്നേഹത്തോടെ ഞാൻ കുറിച്ചു വയ്ക്കുന്നു. എഴുതിയതൊക്കെയും നിനക്കു വേണ്ടി , ഇനി എഴുതുന്നതും നിനക്കു വേണ്ടി, വരികളിലൂടെ കടന്നുപോവുന്ന നിനക്കുവേണ്ടി മാത്രം, അത്രമേൽ ഇഷ്ട്ടത്തോടെ ,എത്രയും പ്രിയപ്പെട്ട നിനക്കായ്........
                                                      -സാര്യ


© Sarya k