...

23 views

ചെങ്കൽ കുടീരം. part 1

ആകാശമാകെ കാർമേഘങ്ങളെക്കൊണ്ട് മൂടിയിരിക്കുന്നു.പക്ഷികളെല്ലാം നേരത്തെ തന്നെ തന്റെ കൂടണഞ്ഞിരിക്കുന്നു. ഒരു ചക്കിപ്പരുന്ത് മാത്രം ആ നേരത്തും തന്റെ ഇരയെ തേടി വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.നര പിടിച്ച തന്റെ താടി തടവിക്കൊണ്ട് അനന്തൻ മാഷ് നെടുവീർപ്പിട്ടു.. കാർമേഘം മൂടിയ തന്റെ ജീവിതത്തിലെ മറ്റൊരു കറുത്ത ദിനം...
രണ്ടു വർഷം മുൻപ് ഇതുപോലൊരു തുലാമാസക്കാലത്താണ് തനിക്ക് അഭിരാമിയെ നഷ്ടമായത്. അഭിരാമിയെക്കുറിച്ച് ഓർക്കും തോറും അടിമനസിൽ നിന്ന് അഗ്നി പടർന്നുയരുന്നതു പോലെ തോന്നും അനന്തൻ മാഷിന്.. യാഥാർത്ഥ്യത്തോട് ' പൂർണ്ണമായും പൊരുത്തപ്പെട്ടുവരാൻ ഇനിയും അയാൾക്ക് സാധിച്ചിട്ടില്ല.ഇടക്ക് ചാരുകസേരയിൽ ഒന്നു ഞെളിഞ്ഞിരുന്ന് ഇടനാഴിയിലേക്ക് നോക്കി അനന്തൻ മാഷ് വിളിച്ചു പറയും;മോളേ...അഭീ.... മാഷ്ക്ക് കൊറച്ച് വെള്ളം കൊണ്ട് രൂ...
'' ധൃതി വെക്കല്ലെ മാഷെ.. ഇപ്പൊ ..കൊണ്ട് രാം....."
എന്ന മറുപടി കേൾക്കാൻ അയാൾ കാതോർത്തിരിക്കുo.. രണ്ട് വർഷമായി ആ മറുപടി നിലച്ചിട്ട്.... പകരം വല്ല പൂച്ചയോ മറ്റോ പാത്രം തട്ടിമറിക്കുന്ന ശബ്ദം കേൾക്കാം.... അതും വല്ലപ്പോഴും മാത്രം '.
" അവൾടെ അമ്മേടെ സ്വഭാവാ... ന്റെ.. മോൾക്ക്. മാഷേ ന്നേ വിളിക്കൂ... ത്തിരി കുശുമ്പ് ഇണ്ടെങ്കിലും.. ന്റെ..കുട്ടി ഞാൻ പറയണേന് അപ്പറം.പോവില്ല്യാ..." മോളെക്കുറിച്ച് പറയുമ്പൊ നൂറു നാവാ..... മാഷിന്......
അമ്മ ഇല്ല്യാത്ത വെഷമം അറീച്ചിട്ടില്ല്യ ന്റെ കുട്ടീനെ ഞാൻ... ന്നാലും അമ്മക്ക് പകരാവാൻ കഴീല്ല... സാരല്യ കുട്ട്യേ ഒക്കെ മ്മടെ വിധ്യാന്നു കരുതിക്കോള്അ.. മാഷ് ഇടക്കൊക്കെ പറയും.. അഭിരാമിയെ സമാധാനിപ്പിക്കാനാണ്...
അഭിരാമിക്ക് രണ്ടു വയസായിരിക്കുമ്പോഴാണ് അവളുടെ അമ്മ സുമ മരിക്കുന്നത്.. രക്താർബുദം അവളെ എന്നെന്നേക്കുമായി കവർന്നെടുക്കുമ്പോഴും ചിരിയായിരുന്നു അവളുടെ മുഖത്ത്.... നിസ്സഹായതയുടെ വിളറിയ ചിരി.......
അന്ന് മരണക്കിടക്കയിൽ കിടന്ന് സുമ പറഞ്ഞത് മാഷിന് ഇന്നുo ഓർമ്മയുണ്ട്...
"മാഷേ........ അഭി..... അവൾക്കിനി മാഷ് മാത്രേള്ളൂ... ന്റെ കുട്ടീനെ നേരെ നോക്കണെമാഷെ...
നമ്മളൊന്നിച്ച് കണ്ട സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാൻ മാഷ്ക്ക് ഒപ്പം ഞാൻ ണ്ടാവില്ലാലോ.. എന്നാലോചിക്കുമ്പൊ സങ്കടം ണ്ട് ട്ടൊ... ഇത്തിരി... ഒരു കുഞ്ഞ്യ ഉറുമ്പിനോളം..... സാരല്യ... മാഷെ.. എല്ലാം നല്ലതിനാവും...

തെക്കേ തൊടീലെ മൂവാണ്ടൻ മാവിനരികിലാണ് സുമയെ അടക്കം ചെയ്തിട്ടുള്ളത്.... ആ മാവ് അവൾക്ക് വല്യ ഇഷ്ടാണ്... അഭിരാമിയെ വയറ്റിലായിരിക്കുമ്പോൾ മൂവാണ്ടൻ മാങ്ങവേണം എന്നു പറഞ്ഞ് വാശി പിടിച്ചതും പുളിയുറുമ്പിന്റെ കടി കുറെ കൊണ്ടതും ഒന്നും താൻ മറന്നിട്ടില്ല... മധുരമുള്ള ഓർമ്മകൾ !
ചിരിക്കാൻ വിസമ്മതിച്ച മാഷിന്റെ ആ ചുണ്ടുകൾക്കിടയിലൂടെ പല്ലുകൾ ഒന്നെത്തി നോക്കി....

സുമ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് വളരെ യാദൃശ്ചികമായാണ്.തിരുവള്ളൂരില്ലത്തെകോന്തുണ്ണി നായരുടെ ഏക പുത്രി... മുട്ടോളമുള്ള മുടിയിൽ തുളസിക്കതിരും ചൂടി.. ഒരു തളിക നിറയെ പൂവുമായി നിത്യം അമ്പലത്തിൽ പോകുന്ന സുമാ ദേവി എന്ന പെൺകുട്ടി.. ഇന്നും ആ പഴയ വിപ്ലവ വിദ്യാർത്ഥിയായ അനന്തന്റെ മനസിലുണ്ട്... രാവിലെ കുളിയും കഴിഞ്ഞ് രമേശനോടൊപ്പം അനന്തനും പോകാറുണ്ടായിരുന്നു.... അമ്പലത്തിലേക്ക്... അമ്പലത്തിനോട് ചേർന്ന കല്ലുവഴിയിൽ ഇരിക്കാറാണ് പതിവ്.... അമ്പലത്തിന്റെ പടിക്കലെത്തിയാൽ ഫുൾ സ്റ്റോപ്പിടുന്ന അനന്തനോട് രമേശൻ ചോദിക്കും" ഓ'.സഖാവിന് അമ്പലം ദഹിക്കില്ലാലോ..ല്ലേ... ഒരു കള്ളച്ചിരിയും ചിരിച്ച് അനന്തൻ അവിടെത്തന്നെ നിൽക്കുകയാണ് പതിവ്..രമേശൻ വരുന്നതുവരെ കല്ലുവഴlയിലെ മുക്കുറ്റികളോടും മഷിത്തണ്ടിനോടുമെല്ലാം കിന്നാരം പറഞ്ഞങ്ങനെയിരിക്കും അനന്തൻ..... ഈ സമയമാണ് മിക്കവാറും സുമയുടെ വരവ്....

വാലിട്ടെഴുതിയ അവളുടെ കണ്ണുകൾ കാണാൻ നല്ല ഭംഗിയാണ്.. കിഴക്കേ നടയിൽ നിന്ന് തൊഴുത് തിരിയുമ്പോൾ അവളുടെ ഒരു നോട്ടമുണ്ട്... ആ നോട്ടമായിരിക്കും ഒരു പക്ഷേ അനന്തന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് ...പിന്നീട് ഉത്സവപ്പറമ്പിലും അയ്യപ്പൻ വിളക്കിനും കവലയിലെ വിപ്ലവ പ്രസംഗങ്ങൾക്കിടയിലും.. എല്ലാം അനന്തനെ ' തിരയുന്ന ആ വാലിട്ടെഴുതിയ കണ്ണുകൾ അയാൾ കാണാറുണ്ടായിരുന്നു.....

മണ്ണാടിപ്പാടത്ത് വച്ചാണ് അനന്തൻ സുമയോട് ആദ്യമായി സംസാരിക്കുന്നത്.'
"സുമാദേവി അല്ലെ "

"അതെ "

"കോന്തുണ്ണി നായരുടെ മോള് അല്ലെ "

"ഉം "

"ഞാൻ"

"അറിയാം.... സഖാവ് അനന്തൻ... അല്ലെ.."

"എന്നെ എങ്ങനെ"

"നാട്ടിലെ എല്ലാർക്കും അറിയൂലോ.... "

"ഉം‌"

"സമയായി ഞാൻ പോണു "

" അല്ല ഒരു കാര്യം........."
അനന്തൻ പറയാൻ തുടങ്ങിയപ്പോഴേക്കും.. കുമാരി സുമാ ദേവി.... പാടം കടന്നിരുന്നു.. വീണ്ടും പലതവണ കണ്ടു... പക്ഷേ തന്റെ ഇഷ്ടം തുറന്ന് പറയാൻ അനന്തന് കഴിഞ്ഞില്ല... പിന്നീട്.. അമ്പലത്തിൽ വച്ച് പറയാമെന്ന് തീരുമാനിച്ചുറപ്പിച്ച് '..അനന്തൻ കാത്തു നിന്നു... കുളിച്ചൊരുങ്ങി ഈറൻ മുടിയിൽ കൃഷ്ണതുളസിക്കതിരും ചൂടി... കൂട നിറയെ മന്ദാരവും... തെച്ചിയും.. തുളസിയുമായി.. നടന്നു വരുന്ന സുമയെ നോക്കി ചെറിയ ഒരു..പരിഭ്രമത്തോടെ അനന്തൻ നിന്നു.... കയ്യോന്നിയും കറുകയും ചെമ്പരത്തിയും ഇട്ടു കാച്ചിയ എണ്ണയുടെ. ആ ഗന്ധം..മത്ത് പിടിപ്പിക്കുന്ന തരത്തിലായിരുന്നു...... തെല്ലു വേഗത്തിൽ നടന്നു വന്ന അവളെ തന്റെ വലം കൈ കൊണ്ട് തടഞ്ഞു നിർത്തി.. അനന്തൻ പറഞ്ഞു....

.. " സുമേ..... എന്റെ വീട്ടില് ഒരു പാട് തെച്ചീം മന്ദാരവും തുളസീം.. ചെമ്പരത്തീം എല്ലാം ഉണ്ട്... പിന്നെ.. അമ്മ നന്നായിട്ട് എണ്ണയും കാച്ചും... പോരാത്തതിന്.... ഗുൽമോഹറുകൾ പൂത്തുനിൽക്കുന്ന പടിപ്പുരയും അതിനപ്പുറം... വിളഞ്ഞു നിൽക്കുന്ന വയലും.. കാണാൻ നല്ല രസാണ്...
ന്റെ അമ്മക്കൊരു കൂട്ടായിട്ട്... ഈങ്ക്വിലാബ് വിളിച്ച് തളർന്നു വരുമ്പൊ.... ഒരു.. ചുക്കുകാപ്പിയിട്ടുതരാൻ.......നിക്ക് മാത്രമായിട്ട് സ്നേഹിക്കാൻ... ന്റെ കൂടെ കൂടുന്നോ....

ഒരു വിധത്തിലാണ് അനന്തൻ പറഞ്ഞൊപ്പിച്ചത്... പറഞ്ഞു തീർന്നതും കണ്ണുകൾ വികസിപ്പിച്ച് സുമ അവന്റെ കൈ തട്ടിമാറ്റി.'. മുന്നോട്ട് നീങ്ങി..... രണ്ടു മൂന്നടി വെച്ച ശേഷം അവൾ പതിയെ നിന്നു... പൂക്കൂടയിൽ നിന്ന് നാലാക്കി മടക്കിയ ഒരു കടലാസു കഷ്ണം അവൾ പുറത്തെടുത്തു.. അത് മെല്ലെ അവൾ താഴേക്കിട്ടു....അനന്തനെ ഒന്നു തിരിഞ്ഞു നോക്കി അവൾ അമ്പലത്തിലേക്കോടി............

( തുടരും)
© Ap