...

1 views

കൊല്ലാം, പക്ഷെ തോൽപ്പിക്കാനാവില്ല
ആയിരത്തിതൊള്ളായിരത്തി എൺപതിലെ ഒരു മെയ് മാസത്തിന്റെ അവസാനം. അന്നായിരുന്നു ടിങ്കുവിന്റെ പത്താംക്ലാസ്സിലെ പരീക്ഷ ഫലം വരുന്ന ദിവസം. അന്നത്തെ മാതൃഭൂമി പത്രം മുഴുവൻ പരതിയിട്ടും ടിങ്കുവിന്റെ നമ്പർ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. നാട്ടിൻപുറത്തുള്ള ട്യൂട്ടോറിയൽ കോളേജിൽ പോയി അവിടെയുള്ള ലിസ്റ്റിൽ നോക്കിയിട്ടും ടിങ്കുവിന്റെ നമ്പർ കാണാൻ കഴിഞ്ഞില്ല. ടിങ്കു കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും "210" എന്ന കടമ്പ കടക്കാൻ കഴിഞ്ഞില്ല. ടിങ്കു പത്താം ക്ലാസ്സിൽ നന്നായി തോറ്റു.


കുറെ ദിവസത്തേക്ക് ടിങ്കു വീടിനു പുറത്തിറങ്ങിയതേയില്ല. സഹപാഠികളിൽ ജയിച്ചവരും തോറ്റവരും ഉണ്ടായിരുന്നു. അവരുടെ ആരുടേയുംമുന്നിൽ ചെല്ലാനുള്ള ധൈര്യം ടിങ്കുവിനില്ലായിരുന്നു. സെപ്റ്റംബറിലെ പരീക്ഷക്ക് രജിസ്റ്റർ ചെയ്തു ടിങ്കു ഒരു തവണ കൂടി ശ്രമിക്കാം എന്ന തീരുമാനത്തിലെത്തി. വിജയശതമാനം കൂടുതലുള്ള ട്യൂട്ടോറിയൽ കോളേജിൽ ചേർന്നു പഠനം തുടങ്ങി. ടൂട്ടോറിയൽ കോളേജിന്റെ ഓല ഷെഡിലെ നിലത്തുറക്കാത്ത ബെഞ്ചിൽ ഇരുന്നു കൊണ്ടു തടി കൊണ്ടുള്ള അര ഭിത്തിക്ക് മുകളിൽ കൂടി തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പ് ടിങ്കുവിന് കാണാമായിരുന്നു. ടൗണിലെ കോളേജിലേക്ക് പ്രീഡിഗ്രി പഠിക്കാൻ പോകുന്ന തന്റെ സഹപാഠികളെ കണ്ടപ്പോൾ ടിങ്കു തളർന്നു. ടിങ്കുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി പത്താം ക്ലാസ്സിലെ പാഠപുസ്തകത്തിൽ വീണു.


നന്നായി ശ്രമിച്ചെങ്കിലും "210" എന്ന മാന്ത്രികസംഖ്യ ടിങ്കുവിന് ബാലികേറാമല തന്നെയായിരുന്നു. രണ്ടാം തവണയും ടിങ്കു ആയുധം വച്ചു കീഴടങ്ങി. തോറ്റ പ്രമുഖൻ ആയി ടിങ്കു ജീവിതം മുന്നോട്ട് കൊണ്ടു പോയി.

ജീവിതത്തിന്റെ വഴിത്തിരിവ് എന്ന് വിശ്വസിച്ചിരുന്ന പരീക്ഷയിൽ രണ്ടു തവണ പരാജയപ്പെട്ടെങ്കിലും ടിങ്കുവിന് ജീവിതത്തിൽ വിജയിക്കുവാൻ കഴിഞ്ഞിരുന്നു. നാട്ടിലെ ഒരു പൗര പ്രമുഖനായി ടിങ്കു വളർന്നു.

വർഷം 2024 മാർച്ച് മാസം. ടിങ്കു രാവിലെ കുളിച്ചൊരുങ്ങി തൊട്ടടുത്തുള്ള പത്താം ക്ലാസ് പരീക്ഷ നടക്കുന്ന സർക്കാർ സ്കൂളിലേക്ക് പോയി. കൂടെ തൊഴുത്തിലെ രണ്ടു പശുക്കളും ടിങ്കുവിന്റെ വളർത്തു നായയും രണ്ടു പൂച്ചകളും പത്തോളം കോഴികളും ടിങ്കുവിനെ അനുഗമിച്ചു.


ടിങ്കു ഉൾപ്പെടെ ഉള്ള എല്ലാവരുടെയും ലക്ഷ്യം ഒന്നു മാത്രമായിരുന്നു. വൈകിയ വേളയിലെങ്കിലും പത്താം ക്ലാസ് പാസ്സാകുക എന്നതായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ അവരെ സ്വീകരിച്ചു. പരീക്ഷ സമയത്തു ടിങ്കു നേരത്തെ വാങ്ങി വച്ചിരുന്ന കപ്പലണ്ടി കൊറിച്ചു കൊണ്ടു സ്കൂളിന് ചുറ്റും പലതവണ വലം വച്ചു. പശുക്കൾ സ്കൂൾ കോമ്പൗണ്ടിലെ പുല്ലു തിന്നു കൊണ്ടു തെക്കോട്ടും വടക്കോട്ടും നടന്നു. നായയും പൂച്ചകളും തമ്മിൽ തല്ലുകൂടി സമയം കളഞ്ഞു. കോഴികൾ തമ്മിൽ തമ്മിൽ കിന്നാരം പറഞ്ഞു സമയം കളഞ്ഞു. ദിവസങ്ങൾ പെട്ടെന്ന് തന്നെ കടന്നു പോയി. പരീക്ഷ അവസാനിച്ചു.



മെയ് മാസം വന്നെത്തി. പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് വന്നു. പരീക്ഷ എഴുതിയവരും എഴുതാത്തവരും ഒക്കെ ജയിച്ചു. വിജയശതമാനം അറിഞ്ഞ വിദ്യാഭ്യാസ മന്ത്രി അഭിമാനം കൊണ്ടു പുളകിതനായി സംസാരിക്കാൻ പോലും കഴിയാതെ പത്രസമ്മേളനത്തിൽ ഇരുന്നു കരഞ്ഞു.

പരീക്ഷ എഴുതാത്ത ടിങ്കുവിന് എല്ലാ വിഷയത്തിനും A+. ടിങ്കുവിന്റെ പശുവും നായയും പൂച്ചകളും കോഴികളും എല്ലാവരും ജയിച്ചു. എല്ലാ വിഷയത്തിനും A+ നേടിയ ടിങ്കുവിന്റെ ഫ്ലക്സ് കവലയിൽ എല്ലായിടത്തും സ്ഥാപിക്കപ്പെട്ടു. ടിങ്കുവിനെ തോൽപ്പിക്കാനാവില്ല മക്കളെ......

© All Rights Reserved