...

5 views

ജീവിതം
കവിതകൾ പൂക്കുന്ന
മാസങ്ങളിൽ ആണ് ഞാനേറ്റവും
ക്ഷീണിച്ചിരിക്കുക !
മനസ് എല്ലോടു ചേർന്നു പോയിരിക്കും,
പറയാൻ മാറ്റി വച്ച
ഓരോ കഥകളും വീട്ടു മുറ്റത്തെ
നനഞ്ഞ മണ്ണ് മാന്തി തല കുനിച്ചിരിക്കും,
ഇടയ്ക്ക് അവ
ഉറക്കെ നിലവിളിക്കും,
ചുമരും കാതും തുളഞ്ഞു
എന്റെ ആത്മാവിന്റെ ഗർഭഗൃഹങ്ങളിൽ
വീണുലഞ്ഞു അവ പൊടുന്നനെ
നിന്ന് പോകും !
ഇല്ല ഞാനിനിയും
അവയൊന്നും പറയുകയില്ല !
ഓർമയുടെ ആവരണങ്ങൾ മേലേയ്ക്ക്
വലിച്ചിട്ട് ഞാൻ ഉറങ്ങാൻ ശ്രമിക്കും.
രാത്രിയിൽ
മുറ്റത്തെ നനഞ്ഞ മണ്ണ്
വീണ്ടും ആരോ തുരക്കുന്നത് കേൾക്കും !
പാതി തുറന്ന ജനൽ കാഴ്ചകളിലൂടെ
ഞാൻ എന്റെ കഥകളെ കാണും,
വെറും നിലത്ത്,
അവ കൈ നഖം കൊണ്ട് കുഴിക്കുന്നു !
പാതി ജീവനുള്ള കുറേ കഥകൾ !
ചോര ചിന്തിയ നഖം അടർന്ന വിരലഗ്രം
വേദനിച്ചു കൊണ്ട് നുണയുന്നു !!
പിന്നെ വീണ്ടും വീണ്ടും പതിയെ കരഞ്ഞുകൊണ്ട്
മണ്ണ് മാറ്റി കൊണ്ടേയിരിക്കുന്നു!!
എന്നെ കാണുമ്പോൾ
ജനൽ വഴികളിലേക്ക്
എന്നെ തിരഞ്ഞു അവ ഓടിവരും,
അതിന് മുൻപേ വാതിലുകൾ
ഇറുക്കിയടച്ചു
ഒരു കിതപ്പോടെ ഞാൻ നിലത്തിരിക്കും !
പുറത്ത് അതിയായ വേദനയിൽ
അവ ചോദിച്ചു കൊണ്ടേയിരുന്നു,
അനു, ഏറ്റവും പ്രിയമാർന്ന അനു ,
നീയൊളിപ്പിച്ചു വച്ച
നിന്റെ കഥകളുടെ പാതി
ഭൂമിയുടെ ഏത് ഗർഭത്തിൽ ആണ്
മറവ് ചെയ്തത് !
നിന്നെ ഞങ്ങൾ ഒരിക്കലെങ്കിലും
രക്ഷപെടുത്തട്ടെ !!


© അനൂപ്