...

14 views

ഒരു പിടി ചോറ്
നട്ടുച്ചയ്ക്ക് ഞാന്‍ ബസ് സ്റ്റോപ്പിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി, ഫോണിലെ ചാർജ് തീർന്നതുകോണ്ട് അരമണിക്കൂര്‍ ഒരു മൂന്നു മണിക്കൂറായി തോന്നി. ഫോണ്‍ പോക്കറ്റിലിട്ട് കാലുകൊണ്ട് താളം പിടിച്ചിരിക്കുമ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന അഞ്ചു വയസ്സുകാരിയെ കണ്ടത്. എന്റെ അസ്വസ്ഥത കണ്ടിട്ടാവണം അവൾ  കുറച്ചു സംശയത്തോടയാണ് നോക്കുന്നത്. ഇരിക്കുന്ന അച്ഛന്റെ ബാഗില്‍ പിടിച്ചു കൊണ്ടു എന്നെ തന്നെ നോക്കി നിൽക്കുകയാണ്, ഞാൻ നോക്കുമ്പോള്‍ ബാഗില്‍ മുഖം മറച്ചു പിന്നെ ഞാന്‍ നോക്കുന്നുണ്ടോന്ന് നോക്കുകയാണ്. ഇങ്ങനെ കുറച്ചുനേരം ഈ ഒളിച്ചു കളി തുടർന്നു, ബസ് വന്നപ്പോള്‍ അച്ഛന്റെ കൈപിടിച്ചു എന്നെയൊന്ന് നോക്കി, കൂടെ വലത്തോട്ട് ഒന്ന് തിരിഞ്ഞു നോക്കി. ബസ് പോയപ്പോഴേക്കും ബസ് സ്റ്റോപ്പിൽ ഞാന്‍ തനിച്ചായി.

       ഞാന്‍ അവൾ നോക്കിയ ഭാഗത്തേക്ക് ഒന്ന് നോക്കി.
അവിടെ ദാരിദ്ര്യനിർമാർജന മുദ്രാവാക്യ ഫ്ലക്സിനപ്പുറം മെലിഞ്ഞുണങ്ങിയ രണ്ട് കൈകളാണ് ഞാന്‍ കണ്ടത്. ഞാന്‍ തോളിലെ ബാഗന്നൊതുക്കി അയാള്‍ക്കടുത്തു ചെന്നു, കുഴിയിലാണ്ടുപോയ കണ്ണുകളും ഒട്ടിയ വയറും തെളിഞ്ഞു കാണുന്ന 'ദാരിദ്ര്യ രേഖയും' അയാളുടെ വിശപ്പിന് അടിവരയിട്ടു.
അയാളിൽ നിന്നോ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങളിൽ നിന്നോ ഉള്ള നാറ്റവും, വിരലുകളിലും നഖങ്ങളിലും കട്ട പിടിച്ച ചെളിയും  അയാളെ കണ്ടപ്പോള്‍ ആദ്യം തോന്നിയ  സഹതാപം തെല്ലെന്നു കുറച്ചു.
ഞാന്‍ അയാളെ നോക്കാതെ ചുറ്റുപാടുമൊന്ന് നോക്കി അയാളെ കണ്ടില്ലെന്ന വ്യാജേന ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ക്കടുത്ത് കിടക്കുന്ന അ മിട്ടായിപൊതിയിൽ എന്റെ മനസ്സുടക്കി. ആ കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മിട്ടായിയുടെ പൊതി.

ഞാന്‍ വീണ്ടും അയാള്‍ക്കടുത്ത് ചെന്നു. കുനിഞ്ഞിരുന്ന അയാളോട് ഞാന്‍ ചോദിച്ചു.
വിശക്കുന്നുണ്ടോ? അയാള്‍ ഒന്നും പറയാതെ എന്നെയൊന്ന് നോക്കുക മാത്രം ചെയ്തു, ഒരു വിഡ്ഢിയെ കണ്ടതുപോലെ. ഞാൻ വീണ്ടും ചോദിച്ചു. എന്താ കഴിക്കാന്‍ വേണ്ടത്? എന്താണ് ഇഷ്ടമുള്ളത്? അയാള്‍ തലയുയർത്തി എന്നെ നോക്കി. പിന്നെ പതിയെ പറഞ്ഞു. "ചോറ്, ഒരുപിടി ചോറ്".

ഞാൻ ബസ്സില്‍ കയറുമ്പോള്‍ അയാളെ തിരിഞ്ഞൊന്നു നോക്കി. അപ്പോള്‍ എനിക്കയാളുടെ മുഷിഞ്ഞ നാറ്റം അനുഭവപ്പെട്ടില്ല, പകരം എന്റെ ശരീരത്തിന്റെ ഉള്ളറകളിൽ നിന്നുമുള്ള പുളിച്ചു തികട്ടിയ ഗന്ധമാണ് എന്റെ മൂക്കിൽ തുളഞ്ഞുകയറിയത്.

______________________________
© കഥ