...

28 views

പറയാൻ ബാക്കിവച്ചത്
അന്തരീക്ഷം സ്വതവേ മൂകം ആയിരുന്നു. കണ്മുന്നിൽ കുറച്ച് അകലെയുള്ള ദൃശ്യം അവ്യക്തം ആണ്. വലതു കൈയിലെ തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് മഹി മിഴികളിൽ ഇറ്റു വീഴാൻ പോയ നീരിനെ ഒപ്പിഎടുത്തു. ഇപ്പോൾ കാഴ്ച്ച വ്യക്തം. അനുരാധയുടെ വിരലിൽ നന്ദൻ മോതിരം അണിയിക്കുന്നത് വിദൂരതയിൽ നിന്നെന്നോണം മഹി കണ്ടു. ജനങ്ങളുടെ വലിയൊരു കൂട്ടത്തിനു ഏറ്റവും പിന്നിലായിരുന്നു അയാൾ നിലയുറപ്പിച്ചത്. പ്രതിശ്രുതവരനും വധുവും രാജകീയമായി അലങ്കരിക്കപ്പെട്ട സിംഹാസനങ്ങളിൽ ഇരിപ്പുറപ്പിച്ചപ്പോൾ ജനങ്ങൾക്കിടയിൽ ഒരു മർമ്മരം ഉണ്ടായി. തിരക്കിനിടയിൽ പെടാതിരിക്കാൻ അയാൾ പുറത്തേക്കിറങ്ങി. നന്ദനെ കാണേണ്ട എന്നായിരുന്നു ആദ്യം തീരുമാനിച്ചുറപ്പിച്ചത്. എന്നാൽ വീണ്ടുമൊരു ഒളിച്ചോട്ടം നന്നല്ല എന്ന തോന്നൽ അയാളിലുണ്ടായി. നന്ദനെ കാണണം. ഒരു ഭാവഭേദവുമില്ലാതെ ഇടപഴകണം. അവനിൽ ഒരു മനസ്സുണ്ടെങ്കിൽ, കുറ്റബോധം ഉടലെടുത്തേക്കാം. തന്നോട് ചെയ്തതിനു പകരം കൊടുക്കാവുന്നത് ഇത് മാത്രമാണ്. മധുരപ്രതികാരം ! മഹിയുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരിയുണ്ടായി. നിർത്തിയിട്ട കാറിനടുത്തേക്ക് അയാൾ സാവധാനം നടന്നു. ഇറങ്ങി വരട്ടെ തന്റെ ഉറ്റസുഹൃത്ത് ! തന്നെ കാണുമ്പോൾ ഉണ്ടാവാൻ പോകുന്ന അവന്റെ കണ്ണിലെ പിടപ്പ് തനിക്കാസ്വദിക്കണം. മഹി കാറിൽ ചാരി നിന്നു.
'ലോകമറിയപ്പെടുന്ന ബിസിനസ്മാൻ. മാധവ് മഹാദേവൻ !'
അയാളുടെ ചുണ്ടിൽ പരിഹാസത്തോടെ ഒരു ചിരി വിരിഞ്ഞു. എന്ത് കാര്യം !
എന്നോ കഴിഞ്ഞുപോയ കാലത്തിന്റെ ഓർമ്മയും പേറി ദുഃഖിച്ചു നടക്കുന്നു.
അനുരാധയുടെ മുഖം മഹിയുടെ മനസ്സിലേക്ക് പോടുന്നനെ തെളിഞ്ഞു വന്നു.
അനുരാധ !
നിറമേതെന്നു തിരിച്ചറിയാനാവാത്ത കൃഷ്ണമണികൾ സദാ ഒഴുകിനടക്കുന്ന വിടർന്ന മിഴിയിണകളും ഇളം ചാമ്പങ്ങാ നിറമുള്ള തുടുത്ത അധരങ്ങളും ഉള്ള അപ്സരസ്സ്.
മഹി മിഴികൾ അടച്ചു. കണ്മുന്നിൽ തലേന്ന് രാത്രി കണ്ട അനുരാധയെ ഓർത്തു. 5വർഷം മുമ്പ് കണ്ടതിൽനിന്നും കാര്യമായ മാറ്റമൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല.ഇടതൂർന്ന മുടിയിഴകൾക്ക് ആദ്യമായി നീളം വെച്ചുകണ്ടു. അതേ നോട്ടവും അതേ സംസാരവും.
മാധവ് മഹാദേവനെ കേവലം മഹിയാക്കി ചുരുക്കിയത് അനുരാധയായിരുന്നു. മഹി, അനുരാധ, നന്ദൻ എന്നിവർ അടങ്ങിയ മൂവർ സംഘം തങ്ങളുടെ ഡിഗ്രി കാലയളവിൽ ക്യാമ്പസിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇടയിലെപ്പോഴോ അനുരാധയിൽ അനുരാഗമുദിച്ചത് മഹി അറിഞ്ഞതേയില്ല. എന്നാൽ ഉള്ളിലുള്ളത് സൗഹൃദം കൊണ്ടുമാത്രമുണ്ടായ ഇഷ്ടമല്ല എന്ന് കാലക്രമേണ അയാൾ തിരിച്ചറിയുകയായിരുന്നു. ദിവസങ്ങൾ കഴിയുന്തോറും മനസ്സിന്റെ പിരിമുറുക്കം കൂടിവരുന്നത് മഹി മനപ്പൂർവം അവഗണിച്ചു. പിന്നീട് എന്നോ, അനുരാധയുടെ മനസ്സിനെ മറ്റെങ്ങോട്ടും ചായാൻ അനുവദിക്കരുത് എന്ന ഏകലക്ഷ്യത്തോടെ പ്രണയലേഖനങ്ങൾ എഴുതി. അതത്രയും ഉടമസ്ഥൻ ഇല്ലാത്തവയായിരുന്നു. അതൊരു പരിധിവരെ, ഒരുപക്ഷെ മുഴുവനായിതന്നെ വിജയിച്ചു. കോളേജിലെ അവസാനനാളുകളിൽ അവളോടുള്ള തന്റെ അനുരാഗം തുറന്നുകാട്ടണം എന്ന വിചാരത്തെ തോൽപ്പിച്ചു കളഞ്ഞത് മഹിയുടെ ധൈര്യക്കുറവ് ആയിരുന്നു. മാത്രമല്ല, 3വർഷംകൊണ്ട് അവളിലുണ്ടാക്കിയെടുത്ത വിശ്വാസത്തെ തന്റെ വെളിപ്പെടുത്തൽ തകർത്തുകളഞ്ഞേക്കുമെന്നും അയാൾ ഭയന്നിരുന്നു. ഒരുപക്ഷെ അനുരാധയ്ക്ക് മഹിയോടുള്ള സൗഹൃദംപോലും നഷ്ടമായേക്കാം എന്ന് ആ നിമിഷം ചിന്തിച്ചു പോയിരുന്നു. ആ ഓർമയിൽ മഹി മിഴികൾ ചിമ്മിത്തുറന്നു. തന്നെ അങ്ങനെയൊക്കെയും ചിന്തിക്കാൻ പ്രേരിപ്പിച്ചത് നന്ദൻ തന്നെയായിരുന്നു എന്ന് മഹി ഉൾക്കിടിലത്തോടെ ഓർത്തു. അപ്പോൾ അന്നുമുതൽക്കേ നന്ദന് അനുരാധയിൽ ഒരു കണ്ണുണ്ടായിരുന്നിരിക്കണം. തലേന്ന് രാത്രി അനുരാധയെ സന്ദർശിച്ചപ്പോൾ അവളിൽ നിന്നറിഞ്ഞത് മഹി ഒന്നാലോചിച്ച് നോക്കി. തങ്ങൾ മൂവരും പിരിഞ്ഞതിനു ശേഷം അനുരാധയെ മഹി മനപ്പൂർവം അവഗണിക്കുകയായിരുന്നു. എന്നാൽ നന്ദന് അനുരാധയോട് മാത്രം കോൺടാക്ട് ഉണ്ടായിരുന്നു. ഇരുവരും സുഹൃത്തുക്കൾ ആയി തുടരുകയും അവസരം കിട്ടിയപ്പോൾ നന്ദൻ അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അനുരാധയ്ക്ക് കിട്ടിയിരുന്ന പ്രണയ ലേഖനങ്ങളുടെ അവകാശി നന്ദനാണെന്നുള്ള വെളിപ്പെടുത്തൽ അവരുടെ ബന്ധത്തെ കൂടുതൽ ധൃഡമാക്കുകയും ചെയ്തു.
ഇതൊന്നുമറിയാതെ താൻ മറ്റേതോ കോണിൽ നീറി ജീവിക്കുകയായിരുന്നു എന്ന് അയാൾ ഓർത്തു. തന്റെ മനസ്സിനേറ്റത് കാലം മായ്ചേക്കാവുന്ന മുറിവുകൾ ആണെന്ന് സ്വയം ആശ്വസിക്കുകയായിരുന്നു.
ഒരർത്ഥത്തിൽ പറഞ്ഞാൽ അതൊരു ഒളിച്ചോട്ടം തന്നെയായിരുന്നു. തിരക്ക്നിറഞ്ഞ ജീവിതത്തിൽ എല്ലാറ്റിനെയും മറക്കാൻ കഴിയുമെന്ന് സ്വയം വിശ്വസിപ്പിച്ച് ഒരു ഒളിച്ചോട്ടം. വിശ്വാസം തെറ്റിയെന്ന് അധികം വൈകാതെ മനസ്സിലാവുകയും ചെയ്തു. കമ്പനി പ്രശ്നങ്ങൾക്കിടയിൽ ഇതുംകൂടിയായപ്പോൾ ഉറക്കം പൂർണ്ണമായും നഷ്ടപ്പെടുകയായിരുന്നു.
ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.
താൻ വിശ്വസിച്ചിരുന്നതും തെറ്റിദ്ധരിച്ചതുമായിട്ടുള്ള കാര്യങ്ങൾ മഹാ മഠയത്തരമാണെന്ന് തിരിച്ചറിഞ്ഞ രാത്രികൾ.
ഓർക്കുമ്പോൾ മിഴികൾ നിറഞ്ഞൊഴുകുന്ന ഓർമ്മകളെ നെഞ്ചിലേറ്റി എത്രനാൾ !
മഹി മിഴികൾ ഇറുക്കിയടച്ചു.
മനസ്സ് തുറന്നു കാട്ടാൻ കഴിയാതെ പോയതിന്റെ കുറ്റബോധം, നീറ്റൽ... അതിന്നും തന്നെ കാർന്നുതിന്നുന്നുണ്ടെങ്കിൽ......... അതിനർത്ഥം എന്താണ്. അനുരാധ തന്റെ നെഞ്ചിൽ തന്നെ ഉണ്ടെന്നല്ലേ. തനിക്കു കിട്ടേണ്ടതായിരുന്നു അവളെ. ഇതൊരു തീരാനഷ്ടം തന്നെയാണെന്ന് മഹി കഠിനമായ വേദനയോടെ ഓർത്തു. തന്റെ നഷ്ടത്തെ മുതലാക്കിയുള്ള ഉറ്റസുഹൃത്തിന്റെ നേട്ടം ആ വേദനയെ ഇരട്ടിയാക്കുകയാണ്.
ഒരു നിമിഷം അനുരാധയോട് എല്ലാം തുറന്നുപറഞ്ഞാലോ എന്ന ചിന്ത അയാളിലുണ്ടായി. പെട്ടന്ന്തന്നെ ആ ചിന്ത ഉപേക്ഷിച്ചു.
വേണ്ട.
നന്ദൻ നേടട്ടെ.
അനുരാധ തന്നെ വിളിക്കാൻ പാടില്ലായിരുന്നു എന്ന് മഹിയോർത്തു. അല്ലെങ്കിൽ താൻ വരാൻ പാടില്ലായിരുന്നു. അവസാനമായി ഒന്നു കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ..... വേണ്ടായിരുന്നു.
അയാൾ ദീർഘമായൊന്ന് നിശ്വസിച്ചു. എല്ലാം കഴിഞ്ഞു എന്ന് ഒരിക്കൽ കൂടി മനസ്സിനെ വിശ്വസിപ്പിച്ചു നോക്കി. തനിക്ക് ആരോടും പരിഭവം ഇല്ല. താൻ തന്നെ വരുത്തിവെച്ച വിധിയാണ് ഇത്. താൻ തനിയെ തിരഞ്ഞെടുത്തത്. അനുരാധയുടെ ജീവിതത്തിലേക്ക് ഒരു കരടായി കടന്നു ചെല്ലാൻ പാടില്ല.
പെട്ടെന്നൊരുൾപ്രേരണയാൽ അയാൾ കാറിന്റെ ഡോർ തുറന്ന് അകത്തുകയറി. നന്ദനുമായിട്ടുള്ള കൂടിക്കാഴ്ച വിവാഹ ശേഷം ആവാം. അൽപ്പനിമിഷങ്ങൾ കൂടി അതേയിരിപ്പ് തുടർന്നിട്ട് മഹി മെല്ലെ കാർ സ്റ്റാർട്ട്‌ ചെയ്തു. അത് സാവധാനം ചലിച്ചുതുടങ്ങിയപ്പോൾ അനുരാധയും നന്ദനും ഹാളിൽനിന്നിറങ്ങി വരുന്നുണ്ടായിരുന്നു. മഹിയുടെ കാർ അനുരാധയുടെ കണ്ണിൽ പെട്ടിരുന്നു. അവളുടെ മിഴികളിൽ അപ്പോഴുണ്ടായ സംശയത്തിന്റെ നിഴൽ നന്ദൻ കണ്ടില്ല.
തുടരും...