...

4 views

മഴപെയ്തു തോർന്നപ്പോൾ


സീനു...... നമുക്ക് പിരിയാം. എനിക്ക് ഡിവേഴ്സ് വേണം...

ജിത്തുവേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഞെട്ടലോ സങ്കടമോ ഒന്നും അന്ന് തോന്നിയില്ല. കുറച്ചു ദിവസങ്ങളായി ഞാൻ അത് പ്രതീക്ഷിച്ചിരുന്നു. അല്ല ആഗ്രഹിച്ചിരുന്നു. അതാണ് സത്യം. വിവാഹം നടന്നു എന്നല്ലാതെ പറയത്തക്ക അടപ്പമോ സ്നേഹമോ ഇല്ലാത്ത ഒരു ബന്ധം. വിവാഹ സങ്കല്പത്തിന് വരെ അനുയോജ്യമായിരുന്നോ ഞങ്ങളുടെ ബന്ധം എന്നു വരെ എനിക്ക് സംശയം തോന്നിയിട്ടുണ്ട്.

വിവാഹത്തെക്കുറിച്ച് സ്വപ്നം കാണാത്ത ഏതു പെൺകുട്ടിയാണുള്ളത്. എനിക്കുമുണ്ടായിരുന്നു ഒരുപാട് വർണ്ണകൂട്ടുള്ള  സ്വപ്നങ്ങൾ. പക്ഷെ പെണ്ണുകാണലും കല്യാണവും എല്ലാം രണ്ടാഴ്ചയ്ക്കുള്ളിൽ ആയതിനാൽ പരസ്പരം മനസ്സിലാക്കാനൊ  ഇഷ്ടാനിഷ്ടങ്ങൾ അറിയാനും കഴിഞ്ഞില്ല. 

ആദ്യരാത്രി വന്നു. പരസ്പരം മനസ്സിലാക്കാനും അറിയാൻ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിച്ച രാത്രി. പക്ഷെ അന്ന് തന്റെ പൗരുഷം തെളിയിക്കുന്നതിൽ ആയിരുന്നു  ജിത്തുവേട്ടന്റെ വ്യഗ്രത. അതിന്റെ അനന്തരഫലം മൂന്നാഴ്ചക്കുള്ളിൽ തലചുറ്റലിന്റെ രൂപത്തിൽ അറിയിച്ചു, എന്റെ ശരീരത്തിൽ ഒരു കുഞ്ഞു ജീവൻ തുടിക്കുന്നു എന്ന്. അങ്ങനെ മധുവിധു നാളുകളിൽ തന്നെ  ഞാൻ ഗർഭിണിയായി. അത് ഉൾക്കൊള്ളാൻ തന്നെ എനിക്ക് ബുദ്ധിമുട്ട് തോന്നി. എങ്കിലും ഓമനത്തമുള്ള ഒരു കുഞ്ഞുമുഖത്തെ കുറിച്ച് ചിന്തിച്ചപ്പോൾ മനസ്സിൽ സന്തോഷം തോന്നി.

പക്ഷേ വാർത്ത അറിഞ്ഞ് പല മുഖങ്ങളും ചുളിയുന്നുണ്ടായിരുന്നു. ഗർഭകാലം സുഖകരമായിരുന്നില്ല. ഏട്ടന്റെ സംശയകരമായ നോട്ടവും മുനവെച്ചുള്ള സംസാരവും സഹിക്കെണ്ടി വന്നു. "വിവാഹം അന്യോന്യം വ്രണപ്പെടുത്താനുള്ള ഒരു കളി മാത്രമാണെന്ന്" മാധവിക്കുട്ടി പറഞ്ഞത് ഞാൻ ഓർത്തു പോയി. പക്ഷെ എന്റെ കാര്യത്തിൽ അത് ഏകപക്ഷീയമാണെന്ന് മാത്രം.  
എന്നിരുന്നാലും മുടങ്ങാതെ എല്ലാ മാസവും ചെക്കപ്പിന് കൊണ്ടുപോയിരുന്നു. പിന്നെയും വിധി എന്നെ ചതിച്ചു. മാസം തികയാതെ ഞാൻ പ്രസവിച്ചു. അതോടുകൂടി ഉള്ള ബന്ധത്തിൽ അകൽച്ച കൂടുതൽ വർദ്ധിച്ചു. വാക്കാലുള്ള പ്രഹരം പിന്നെ ദേഹത്തേക്ക് മാറി.ഒരു ഡിഎൻഎ ടെസ്റ്റിൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറഞ്ഞ പോലെ ആണല്ലോ വിശ്വാസം. അതിന്റെ അനന്തര ഫലമാണ്  ഡിവേഴ്സിൽ എത്തിയത്.  

ഞാനിന്ന് താലി കെട്ടിയവന്റെയും,  ബന്ധുക്കളുടെയും, സമൂഹത്തിന്റെയും മുന്നിൽ പിഴച്ചവളാണ്, ചതിച്ചവളാണ്.ഇതെല്ലാം കഴിഞ്ഞിട്ട് വർഷം മൂന്ന് കഴിഞ്ഞിരിക്കുന്നു.

ഇന്ന് എനിക്കൊന്ന് പൊട്ടി കരയണം .ഈ കോരി ചൊരിയുന്ന മഴയത്ത് അതിന്റെ ഈരടികൾ പുറംലോകം അറിയാതിരിക്കാട്ടെ.ഇന്നത്തോടെ കാത്തിരിപ്പ് അവസാനിക്കുകയാണ്.ഒരു മുട്ടുസൂചിയോളം പ്രതീക്ഷയുണ്ടായിരുന്നു ജിത്തുവേട്ടൻ എല്ലാം മനസ്സിലാക്കി തിരിച്ചു വരുമെന്ന്. അതും അവസാനിച്ചു.   ഇന്ന് ഉണ്ണിമോളെ എഴുത്തിനിരുത്താൻ അമ്പലത്തിൽ കൊണ്ടുപോയതാണ്. അവിടെവെച്ച് ജിത്തുവേട്ടന്റെ സഹോദരിയെ കണ്ടിരുന്നു. അപ്പോൾ അറിഞ്ഞു പുതിയ കല്യാണം തീരുമാനമായി എന്ന്.എന്നോട് കാണിച്ച പരാക്രമം ആ കുട്ടിയോട് കാണിക്കാതെ ഇരുന്നാൽ മതിയായിരുന്നു. അങ്ങനെ സംഭവിച്ചാൽ വീണ്ടും ഒരു പിഴച്ചവൾ ഭൂമിയിൽ ജനിക്കും..ഒരു തെറ്റും ചെയ്യാതെ. സമൂഹത്തിന്റെ മുന്നിൽ പഴി കേൾക്കാൻ മാത്രമായി.      

ആ മനുഷ്യൻ മടങ്ങിവരാത്തതിന്റെ സങ്കടമല്ല എനിക്ക്. എന്റെ പേരിന്റെ കൂടെയുള്ള പിഴച്ചവൾ എന്നത് സ്ഥിരപ്പെടാൻ പോകുന്നു. അത് ഞങ്ങളുടെ മകളിലേക്ക് കൈമാറപ്പെടാൻ പോകുന്നു. അത് നാളെ അവളെ സൗമ്യയോ ജിഷയോ ആക്കി മാറ്റുമോ എന്ന് ഞാൻ ഭയക്കുന്നു. അല്ലെങ്കിൽ നാളെ എന്റെ മകൾ എന്റെ മുഖത്തുനോക്കി അവളുടെ അച്ഛനെ ചോദിച്ചാൽ, ഞാൻ എന്തു മറുപടി നൽകണം. ചൂണ്ടിക്കാണിച്ചാലും അയാളത് നിഷേധിക്കില്ലേ.   

ഡിവോഴ്സിന് ശേഷം പല സുഹൃത്തുക്കളും എന്നിൽ നിന്ന് അകന്നു.എന്തിന് ഏറെ, സ്വന്തം കൂടപ്പിറപ്പിന് പോലും എന്നെ വിശ്വാസമില്ല. അവൾക്കും സംശയം ഞാൻ അവളുടെ ഭർത്താവിനെ വശീകരിച്ചാലോ എന്ന്. പിഴച്ചവൾ എന്ന പദവി എനിക്ക്  നൽകുന്ന ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. ഞാൻ വർക്ക് ചെയ്യുന്ന ബാങ്കിംഗ് സ്ഥാപനത്തിൽ ടാർജറ്റ് എത്താൻ സുപ്പീരിയർ ഓഫീസർ എന്നെ സഹായിക്കാം എന്നു പറഞ്ഞു. പക്ഷേ ഒരു കണ്ടീഷൻ. അയാളുടെ കൂടെ ഒരു നേരം കിടക്ക പങ്കിടണം. എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമേ ഉള്ളൂ. സ്ത്രീകളുടെ ശരീരം എല്ലാം ഒരു പോലെ തന്നെയല്ലേ.അയാളുടെ അമ്മയ്ക്കും പെങ്ങൾക്കും ഭാര്യയ്ക്കും ഉള്ളത് തന്നെയല്ലേ എനിക്കും ഉള്ളൂ.  തുടിപ്പിൽ ഏറ്റക്കുറച്ചിൽ ഉണ്ടായേക്കാം. പക്ഷേ അയാളുടെ ഭാര്യ നൽകുന്നതിൽ കൂടുതൽ എന്ത് സുഖമാണ് എനിക്ക് നൽകാൻ കഴിയുക. അയാൾ ആവശ്യപ്പെട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് അയാളോട് പുച്ഛമാണ് തോന്നിയത്.

ഇനി നാളെ വെറെ ജോലി അന്വേഷിക്കണം. സ്ത്രീക്ക് എത്ര പഠിപ്പ് ഉണ്ടായാലും എന്താണ് കാര്യം? പേരിന്റെ കൂടെ പിഴച്ചവൾ വന്നാൽ എവിടെയും അവളെ നോക്കുന്ന കണ്ണുകളിൽ അവൾ പിഴച്ചവൾ തന്നെ.  

ഓട്ടോ സ്റ്റാൻഡിൽ, ബസ്റ്റോപ്പിൽ എല്ലാം അവളെ നോക്കുന്ന കണ്ണുകളിൽ കാമം മാത്രമേ കാണുകയുള്ളൂ. ഇന്ന് തന്നെ ജോലി വിട്ട് വരുമ്പോൾ ഒരു ഓട്ടോക്കാരൻ അടുത്ത് വന്നു ചോദിച്ചു, "പോരുന്നോ" എന്ന്. അതിനുശേഷം ഒരു വഷള് ചിരിയും. ഇത് ഇങ്ങനെ തുടർന്നാൽ നാളെ എന്റെ മകളും എന്നെ തള്ളിപ്പറയും. ഞാൻ ഒരു പുരുഷന്റെ കൂടെ കിടന്നിട്ടുള്ളൂ. അവന്റെ ചൂടേ അറിഞ്ഞിട്ടുള്ളൂ. അവന്റെ കാമമോഹത്തിനെ ഒപ്പം നിന്നിട്ടുള്ളൂ, അവന്റെ കുഞ്ഞിനെ പ്രസവിച്ചിട്ടുള്ളൂ. എന്നിട്ടും ഞാൻ പിഴച്ചവൾ ആയി.   ഇനി.......

പുറത്തേ തുലാവർഷമഴയിൽ എന്റെ കരച്ചിൽ ആരും അറിയാതേ പോവട്ടേ... എന്റെ മകളും...

രാവിലെ മോൾക്ക് പാല്  ചൂടാറ്റി കൊണ്ടിരിക്കുമ്പോഴാണ് അമ്മ വന്ന്, തളത്തിലേക്ക് ചെല്ലാൻ പറഞ്ഞത്. കാര്യം എന്താണെന്ന് അറിയാതെ ഞാൻ മോളെയും എടുത്തു കൊണ്ട് മുന്നിലേക്ക് ചെല്ലുമ്പോൾ അച്ഛന്റെ സ്വരം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു. കാര്യം എന്താണെന്ന് അറിയാൻ ഞാൻ ജിജ്ഞാസയോടെ തളത്തിലേക്ക് നോക്കിയപ്പോൾ അവിടെ ജിത്തുവേട്ടൻ തലകുമ്പിട്ടു ഇരിക്കുന്നത് കണ്ടു.

എന്നെ കണ്ട് അച്ഛൻ സംസാരം നിർത്തി എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. ആ കണ്ണുകളിൽ ഒരു ആശ്വാസത്തിന്റെ തിളക്കം ഞാൻ കണ്ടു. പിന്നെ ഒന്നും പറയാതെ അച്ഛൻ എന്നെ കടന്ന് അകത്തേക്ക് കയറിപ്പോയി. തല കുമ്പിട്ട് ഇരിക്കുന്ന ജിത്തുവേട്ടനെ കണ്ടപ്പോൾ ഇത്രയും നാൾ ഞാൻ അനുഭവിച്ച അപമാനങ്ങൾ ആയിരുന്നു മനസ്സിൽ നിറഞ്ഞു വന്നത്. ഞാൻ എന്തെങ്കിലും രൂക്ഷമായി പറഞ്ഞു പോകുമോ എന്ന് ഭയപ്പെട്ടു. പക്ഷെ  എന്തിനാണ് അയാൾ ഇപ്പോൾ വന്നത് എന്ന് എനിക്കപ്പോഴും മനസ്സിലായില്ല.    അവസാനം പരമാവധി സ്വരം മയപ്പെടുത്തി ഞാൻ ചോദിച്ചു.

എന്താ ഇവിടെ?

അപ്പോഴാണ് ഞാൻ അവിടെ നിൽക്കുന്ന കാര്യം അയാള് അറിഞ്ഞത്.. പിന്നെ മുക്കി മൂളിയുള്ള കുമ്പസാരം കേട്ടപ്പോൾ എനിക്ക് അയാളോട് സഹതാപമാണോ പുച്ഛമാണോ തോന്നുന്നത് എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. ഇന്നലെ അയാളുടെ പെങ്ങൾ എന്റെ  മകളെ കാര്യമായി നോക്കിയതിന്റെ അർത്ഥം എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.  മകളുടെ കയ്യിലെ മറുകും, മുഖവും തെളിഞ്ഞപ്പോളാണത്രേ അയാൾക്ക് മനസ്സിലായത് അത് അയാളുടെ തന്നെയാണെന്ന്. ഇത് കേട്ട് ഞാൻ ചിരിക്കണോ അതോ കരയണോ?  

എന്റെ ഇന്നലെകളെ കുറിച്ചുള്ള ഓർമ്മയിൽ അയാൾക്ക് ഉത്തരം നൽകാൻ പോയപ്പോൾ ഉണ്ണിമോൾ എന്നെ പെട്ടന്ന് കയറി പിടിച്ചു. മുന്നിൽ പരിചയമില്ലാത്ത ഒരാളെ കണ്ടിട്ട് അവൾ കയറി പിടിച്ചതാണ്. പക്ഷെ അത് എന്നെ അവളുടെ നാളെകളെ കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു.

വീട്ടിൽ നിന്ന് അയാളുടെ കൂടെ ഉണ്ണിമോളേ കൊണ്ട് ഇറങ്ങുമ്പോൾ തലേദിവസം "പോരുന്നോ" എന്ന് ചോദിച്ച ഓട്ടോക്കാരന്റെ ഓട്ടോറിക്ഷ ആണ് കിട്ടിയത്. അയാൾ കാണലേ ജിത്തുവേട്ടനോട് ചേർന്ന് ഞാൻ ഇരുന്നപ്പോൾ എന്റെ ശരീരവും മനസ്സും ഒരുപോലെ ചുട്ടുപൊള്ളിയെങ്കിലും, മിററിലൂടെ എന്നെ നോക്കിയ ഓട്ടോക്കാരന്റെ വിളറിയ മുഖത്തുനോക്കി പുച്ഛിച്ച ഒരു ചിരി സമ്മാനിക്കാൻ ഞാൻ മറന്നില്ല. 

രാത്രി എന്റെ അരികിൽ വന്നു കിടന്ന ജിത്തുവേട്ടന്റെ അരികിലേക്ക് മകളെ നീക്കി കിടത്തി കൊണ്ട് ഞാൻ പറഞ്ഞു.. "ആദ്യം നമുക്ക് പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാം,
എന്നിട്ടാവാം ഇനിയൊരു ദാമ്പത്യം..." അങ്ങനെ പറഞ്ഞ് തിരിഞ്ഞു കിടക്കുമ്പോൾ മനസിൽ ചെറിയൊരു ആഹ്ലാദം തോന്നി ഒരു കുഞ്ഞി പകവീട്ടലിന്റെ... 

© mazhapakshi