...

8 views

ജീവിതങ്ങൾ
സൂര്യനുദിക്കും മുന്നേ... അലാറം കേട്ട് ഉറക്കം വിട്ടുമാറാത്ത കണ്ണുകളെ തിരുമ്മി ഉണർത്തി... പാദങ്ങൾ ഭൂമി ദേവിയെ സ്പർശിച്ച്..പിന്നെ....കരങ്ങൾ തൻ്റെ പാതിയുടെ പാദങ്ങളിൽ തൊട്ടു തൊഴുത്ത്....നല്ല കുളിർ ജലത്തിൽ കുളിച്ച്....നെറുകയിൽ സിന്ദൂരം ചാർത്തി.... കണ്ണിണകളിൽ കരി എഴുതി...പുടവ ഞൊറിഞ്ഞുടുത്ത് അവൾ അടുക്കളയിലേക്ക് നടന്നകലും.... അപ്പോളും നിദ്രാ ഭംഗം സംഭവിക്കാതെ അയാളവിടെ കിടക്കുന്നുണ്ടാവും...

കരിയും പുകയും....അഴുക്കും പൊടിയും മുറിയലും പൊള്ളലും ആയി അവളവിടെ പോരാടുമ്പോൾ ആണ്....ഉമ്മറത്ത് നിന്നൊരു വിളി... "ചായ". തീൻമേശയിൽ പകർത്തി വച്ച ചായ കയ്യിൽ കിട്ടാത്ത കൊണ്ടുള്ള ശരണം വിളി ആണത്....അതും കേട്ട് ഉമ്മറത്ത് ചായകൊണ്ട് എത്തേണ്ട താമസം.... അടുക്കളയിൽ കുക്കർ നീട്ടി വിസിൽ അടി തുടങ്ങി...ഗ്ലാസ്സ് തിരിച്ച് വാങ്ങി വീണ്ടും അടുക്കയിലേക്ക് ഓട്ടം. ആഹാരങ്ങൾ അടക്ക് പാത്രത്തിൽ നിരത്തി അദ്ദേഹത്തിനുള്ള വസ്ത്രം ഇസ്തിരി ഇട്ട് കൊടുത്ത് തിരിയുമ്പോൾ ആണ് ഉറക്കച്ചടവോടെ മക്കൾ ഉണർന്നത് ...പിന്നെ ഓട്ടം അവർക്ക് പിറകിൽ ആയി...ക്ലോക്കിലെ മിനിറ്റ് സൂചിക്ക് ഒപ്പം ഓടി 9 മണിക്ക് സ്കൂൾ ബസ്സ് എത്തിയപ്പോഴേക്കും അവരെ യാത്രയാക്കി.... ഗേറ്റും ചാരി നടക്കുമ്പോൾ മൃഗസ്നേഹിയായ പ്രിയതമൻ സമ്മാനിച്ച പശുവും, പട്ടിയും,പൂച്ചയും, കിളികളും ബഹളം വെക്കുന്നത് ശ്രദ്ധയിൽ പതിഞ്ഞത്....പിന്നെ അവർക്ക് വെള്ളവും തീറ്റയും കൊടുത്ത്...വീണ്ടും ചൂലും ,വെള്ളവും,എച്ചിൽ പാത്രവും,മുഷിഞ്ഞ വസ്ത്രങ്ങളുമായി അടുത്ത യുദ്ധം....നീണ്ട നെടുവീർപ്പിൽ പണികൾ കഴിഞ്ഞ് ഇരുന്നപ്പോൾ മുറ്റത്ത് സ്കൂൾ ബസിൻ്റെ ശബ്ദം...പിന്നെ കുട്ടികൾക്ക് പലഹാരം ഉണ്ടാക്കി.... അന്തിക്ക് ഉമ്മറത്തെ തുളസിത്തറയിൽ വിളക്ക് കൊളുത്തി .....കുട്ടികളെ കൊണ്ട് ഗൃഹപാഠം ചെയ്യിപ്പിച്ചു.... അദ്ദേഹത്തിനും കുട്ടികൾക്കും അത്താഴം കൊടുത്ത് അവൾ ഒടുക്കം ഉറങ്ങാൻ എത്തുമ്പോൾ...അർദ്ധരാത്രി ആയിരുന്നു....പരിഭവങ്ങൾ ഏതുമില്ലാതെ പതിയെ അവൾ ഉറങ്ങി...................................
........................

പൂമുഖ പടിയിൽ ഭർത്താവിനെ കാത്ത്....ഉണ്ണാനും ഉറങ്ങാനും കൂട്ടായി...ആവലാതികളും പരിഭവവും ഇല്ലാത്ത ഭാര്യയെ ; ഭാരതീയ പൈതൃകം നിറഞ്ഞു നിൽക്കുന്ന കുലമഹിമ ഉള്ള പങ്കാളിയെ കുറിച്ചുള്ള സിനിമ സ്വപ്നം കണ്ട് അയാൽ നല്ലവണ്ണം ഉറങ്ങുകയായിരുന്നു അപ്പോളാണ് അലാറം നീട്ടി അടിച്ചത്....ഫോണിൽ അലാറം ഓഫ് ആക്കി കട്ടിലിൽ തിരിഞ്ഞ് കിടന്നപ്പോൾ മക്കൾ രണ്ടാളും അടുത്ത് തന്നെ ഉണ്ട്....മേശപ്പുറത്ത് റെഡി ആക്കി വച്ചിരിക്കുന്ന ചായയും കടിയും കണ്ടപ്പോൾ ആണ് ഇന്ന് അവൾക്ക് ഡേ ഷിഫ്റ്റ് ആണെന്ന് ഓർമ്മവന്നത്....പുതിയ ആഴ്ചയുടെ തുടക്കം മിക്കപോളും മാറി വരുന്ന ഷിഫ്റ്റിൻ്റെ കാര്യത്തിൽ സംശയം ഉണ്ടാക്കും...അത് കൊണ്ട് അവൾ മറക്കാതെ ചെയ്യേണ്ട കാര്യങ്ങൾ ഫ്രിഡ്ജിൻ്റെ പുറത്ത് ഒട്ടിച്ചു വക്കും.....അത് ഒരു നല്ല കാര്യം ആണെന്ന് എപ്പോഴും തോന്നും...ഈ ആഴ്ച ഉച്ചഭക്ഷണവും, വൈകുന്നേരത്തെ ചായയും കാലത്തെ മറ്റു പണികളും ,കുട്ടികളെ നോക്കലും എൻ്റെ ഉത്തരവാദിത്വം ആണ്...കാരണം എനിക്ക് ഇന്ന് രാത്രി ഷിഫ്റ്റ് ആണ്...




അതേ....ഞങ്ങൾ ഇങ്ങനെ ഒക്കെ ആണ്.....മാറിവരുന്ന ഷിഫ്റ്റ്..അതിനൊപ്പം പരസ്പരം മാറിമാറി ചെയ്യുന്ന ഉത്തരവാദിത്തം....അവധി ദിവസങ്ങളിൽ ഒന്നിച്ചുള്ള ജോലികൾ...അടുക്കളയും അരങ്ങും....ജോലിയും...എല്ലാം പരസ്പരം സഹകരിച്ച് ജീവിക്കുന്ന നാല് ചുവരിനുള്ളിലെ നല്ല മനുഷ്യ ജന്മങ്ങൾ.....


കഥകൾക്കും കവിതകൾക്കും സിനിമകൾക്കും അപ്പുറത്തേക്ക്....വീടിൻ്റെ നാല് ചുവരുകളിൽ ആവട്ടെ.... നാളേക്കുള്ള പ്രചോദനം...വീട് എന്നത് ഒരാളുടെ മാത്രം ഉത്തരവാദിത്വം അല്ല... പങ്കുവക്കുന്നതിൻ്റെ ആനന്ദം; കുടുംബം എന്ന കൂട്ടുത്തരവാദിത്തം .