...

11 views

ബാല്യം
ബാല്യം
" അവധിക്കാലത്ത് അതിരാവിലെ ഉണർന്ന് അന്നത്തെ കളികൾക്കുള്ള ചാർട്ട് ഉണ്ടാക്കും. കുളി കഴിഞ്ഞ് പ്രാതൽ കഴിച്ച് നിൽക്കുമ്പോഴേക്കും സംഘമെത്തും.പിന്നെ പുളി ,മാവ്, ആഞ്ഞിലി ഏതെങ്കിലും ഒന്നിന്റെ ചോട്ടിൽ നിന്നും തുടങ്ങി ചാടി മറിയലും ഉരുണ്ടു വീഴലും കമ്മ്യൂണിസ്റ്റ് പച്ച ചികിത്സയും പിന്നെ കിളികൾ ചേക്കേറുന്ന സമയത്തെ വീടണയലും"
ബാല്യത്തെ പറ്റി ആരോ എഴുതിയ വരികൾ വായിക്കുകയായിരുന്നു രാധു. വല്ലപ്പോഴുമാണ് ഓരോ ബുക്കുകൾ വായിക്കാൻ കിട്ടുന്നത്. മടക്കി വെച്ചിട്ട് അവൾ ജനാലയ്ക്കരികിലേയ്ക്ക് നടന്നു.
പുറത്തേക്ക് അസ്തമയ സൂര്യനെ നോക്കി ഒപ്പം തന്റെ ബാല്യത്തിലേയ്ക്കും.വൈകി എത്തുന്ന നിദ്രകൾ ,അച്ഛന്റെ മദ്യപാനോത്സവം ,അമ്മയുടെ ദയനീയത .ഒരുവിധം ഉറങ്ങി ഉണരുമ്പോൾ അമ്മയുടെ കരച്ചിൽ ,അച്ഛന്റെ കുറ്റമേറ്റു പറച്ചിൽ ,ഇനി ആവർത്തിക്കില്ല എന്ന വാഗ്ദാനം. വല്ലതും കഴിക്കാനുണ്ടെങ്കിൽ കഴിച്ചിട്ട് കളിക്കാൻ ചെന്നാലോ അയലത്തെ "പാവം" അമ്മമാരുടെ "സഹതാപം".
ക്ലാസിൽ പോയാലോ ജനലിൽകൂടി പുറത്ത് നോക്കിയാൽ കാണാം വാഗ്ദാനം പാലിച്ചു കൊണ്ടുള്ള അച്ഛന്റെ ആടിയാടി ഉള്ള പോക്ക്. പിന്നെ ചിലരുടെ സഹതാപം, ചിലരുടെ അടക്കിച്ചിരി, ടീച്ചറിന്റെ ഉപദേശം.
തിരിച്ചു വീട്ടിലെത്തുമ്പോൾ തിണ്ണയിൽ തുണിക്കെട്ടുണ്ടെങ്കിൽ അറിയാം അന്നെവിടാ കിടപ്പെന്ന്. ബന്ധുവീടുകളിലേക്ക് നടപ്പ് അവരുടെ ഇഷ്ടക്കേട്. ഞരമ്പുരോഗികളായ ബന്ധുക്കളുടെ സാന്ത്വനിപ്പിക്കൽ പറയാതിരിക്കുന്നതാണ് നല്ലത്. ബാല്യം ,കൗമാരം, യൗവനം ഇങ്ങനെ കടന്നു പോകും. കൈമുതലായി കിട്ടുന്നത് എന്തും സഹിക്കാനുള്ള മനസ്സ്.വീട്ടുകാർ അവരുടെ ബാധ്യത തീർത്ത് വിടും. ചിലർ അതിൽ ജയിക്കും ചിലർ പരാജയപ്പെടും.
അതും ചിന്തിച്ച് അവൾ ഭ്രാന്താശുപത്രിയുടെ ജനലിൽ നിന്നും പിടിവിട്ട് തിരിച്ചു നടന്നു. നടക്കുമ്പോൾ താഴെ ചങ്ങല ഉരയുന്ന ശബ്ദം കേൾക്കാം. എന്തിനാണോ ഇത്. ആ ബുക്ക് അവിടെ ഇരിപ്പുണ്ട്. "ബാല്യം" അവൾ പൊട്ടിച്ചിരിച്ചു. അന്നു ചിരിക്കാൻ മറന്ന ചിരികൾ..
© sp