...

1 views

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 2
ഭാഗം 2
ഇത്തിൾ കണ്ണികൾ
......................................

ഇത്തിൾ കണ്ണികളുടെ കഥ പറയാം എന്നു വിചാരിച്ചതെയുള്ളു, അവര് ഉണ്ണിക്കുട്ടനോട് പരിഭവം പറയാൻ തുടങ്ങി.
" ഉണ്ണീ, കഥയൊക്കെ കൊള്ളാം; എന്നാൽ ഞങ്ങളെ നാണം കെടുത്തരുത്. ഇത്തിളുകൾ നാണം കെട്ട പരാദങ്ങളാണെന്നാണ് മനുഷ്യർ ധരിച്ചു
വെച്ചിരിക്കുന്നത്. ഞങ്ങളെ ചൂഷകരായിട്ടാണ് ചിത്രീകരിക്കുന്നത്."

"അയ്യയ്യോ, ഞാനങ്ങിനെയൊന്നും വിചാരിച്ചിട്ടില്ല. ഇത്തിളും ഒരു ഹരിത സസ്യമാണ്. പ്രകാശ വിശ്ലേഷണത്തിലൂടെ
ഭക്ഷണം ഉണ്ടാക്കി പ്രാണവായു പുറം തള്ളുന്ന സസ്യവർഗം. വൻമരങ്ങളിൽ ഒട്ടിനിന്നു വളരാനാണ്, പ്രകൃതി ഇത്തിളിനെ സൃഷ്ടിച്ചിരിക്കുന്നത്. ഇത്തിളിനും അതിന്റേതായ ധർമവും കടമകളമുണ്ട്."

"ഉണ്ണിക്കുട്ടൻ പറഞ്ഞതു ശരിയാണ്. ഞങ്ങൾക്ക് മറ്റു സസ്യങ്ങളെപ്പോലെ മണ്ണിൽ വളരാൻ, വേരുകൾ ദൈവം തന്നില്ല. ഞങ്ങൾ തലമുറകളായി മറ്റു മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്നു."

"പക്ഷേ, നിങ്ങളുടെ വേരുകൾ മരത്തിന്റെ
നീർക്കുഴലുകളിലേക്ക് കുത്തിയിറക്കുമ്പോൾ, അവർക്കു വേദനിക്കില്ലേ?"

"ഇല്ല, ഒട്ടും വേദനിപ്പിക്കാതെ, മെല്ലെ മെല്ലെ ആഴ്ന്നിറങ്ങുന്ന വേരുകൾ അവരെ വേദനിപ്പിക്കുന്നില്ല. ഞങ്ങളുടെ
വേരും ആ മരത്തിന്റെ ശരീരഭാഗമായി മാറുകയാണ്. അവർക്കു വേദനിച്ചിരുന്നെങ്കിൽ, ഞങ്ങളെ അവിടെ നിലനില്ക്കാൻ അവർ സമ്മതിക്കില്ലായിരുന്നുവല്ലോ."

"ശരിയാ, ഞാനതു ചിന്തിച്ചില്ല."

"നിങ്ങളുടെ വളർച്ച മരത്തിനു ലഭിക്കേണ്ട സൂര്യപ്രകാശത്തെ തടയുന്നില്ലേ?"

"ഇല്ലല്ലോ, ഞങ്ങൾ വളരുന്നത് പച്ചപ്പടർപ്പിന്റെ അടിഭാഗത്തല്ലേ? ഇലപ്പടർപ്പുകളിലൂടെ ഊർന്നുവീഴുന്ന പ്രകാശം മാത്രമേ ഞങ്ങളെടുക്കുന്നുള്ളു."

"പക്ഷേ, നിങ്ങൾ മരത്തിന്റെ ജീവരസം മോഷ്ടിക്കുകയല്ലേ? "

"അത് തെറ്റിദ്ധാരണയാണ്. ഒരു മരം എത്രയോ ലിറ്റർ വെള്ളം നീരാവിയായി സ്വേദനത്തിലൂടെ പുറംതള്ളുന്നു. അതിന്റെ ചെറിയൊരു ഭാഗം, ഞങ്ങളെടുക്കുന്നത് മരത്തിന് ദോഷം ചെയ്യില്ല."

"ഓഹോ, അങ്ങിനെയോ? നിങ്ങളുടെ പൂക്കളും ഇലകളും വൃക്ഷത്തിനെ
ആഭരണം പോലെ അലങ്കരിക്കുന്നുണ്ട്.
നിങ്ങളും കുളിർ നല്കുന്നുണ്ട്."

"ഉണ്ണിക്കുട്ടാ, ഞങ്ങളിലും ചില ചീത്ത സ്വഭാവക്കാരുണ്ട്. പരിധി വിട്ട് വളർന്നു പന്തലിച്ച്, താനിരിക്കുന്ന വൃക്ഷത്തെ ത്തന്നെ ഉണക്കിക്കളയുന്ന വിഡ്ഢികൾ.
പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യരെപ്പോലെ!"

"ഇത്തിളുകളേ, നിങ്ങളുടെ ജീവിതകഥ പറയുന്നതിൽ സങ്കടപ്പെടേണ്ട കാര്യമില്ല. പ്രകൃതി വിധിച്ചത് നിങ്ങൾ അനുസരിക്കുന്നു. പ്രകൃതി ചക്രങ്ങളുടെ
ഭാഗമികുന്നു. പ്രകൃതിയെ അനുസരിക്കുക എന്നതാണ് ഏറ്റവും വലിയ മേന്മ!"

"പറഞ്ഞോളൂ ഉണ്ണിക്കുട്ടാ, നിന്റെ കഥ കേട്ടിട്ട്, ഞങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറുന്നെങ്കിൽ മാറട്ടെ."

© Rajendran Thriveni