...

24 views

മഹാകവി ഞാൻ

© All Rights ഞാൻ ഷാനവാസ്‌. മലപ്പുറം ജില്ലയോടും, തൃശൂർ ജില്ലയോടും ചേർന്ന് നിൽക്കുന്ന പാലക്കാട്‌ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് എന്റെ വീട്. ഭാര്യയും, രണ്ട് മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബം.
ഞാൻ കണ്ടറിഞ്ഞതും, കേട്ടറിഞ്ഞതും, പിന്നെ മെമ്പോടിക്ക് കുറേ ഭാവനകളും ചേർത്ത് അവിയൽ പരുവത്തിലുള്ള എന്തൊക്കെയോ ആണ് അക്ഷരങ്ങളിലൂടെ ഞാൻ വിളമ്പുന്നത്. എന്റെ എഴുത്തുകളിൽ എന്നെ തിരയേണ്ട. കാരണം അതിലൊക്കെ ഒളിഞ്ഞും, തെളിഞ്ഞും എവിടെയെങ്കിലുമൊക്കെയായി ഞാനുണ്ട്. ആർക്കും പുകഴ്ത്തി പറയാൻ മാത്രമുള്ള വഹകൾ ഇല്ലാത്തതുകൊണ്ട് ഞാൻ എന്നെ "മഹാകവി ഞാൻ" എന്ന് സ്വയം വിളിച്ച് സ്വയം പുകഴ്ത്തുന്നു. അതൊരു അഹങ്കാരമായി തോന്നരുത്. എനിക്ക് എന്നെ സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ കണ്ടെത്തിയ ഒരു കുറുക്കുവഴിയാണത്. എന്റെ ആദ്യത്തെ പോസ്റ്റ്‌ തന്നെ എന്നെ പുകഴ്ത്തിക്കൊണ്ടാണ് എന്നുള്ളതുകൊണ്ട് എന്നെ ആരും അനുഗ്രഹിക്കാതിരിക്കരുത്.
എനിക്ക് പാട്ട് കേൾക്കാൻ ഇഷ്ടമാണ്. ആരും കേൾക്കാനില്ലാത്തപ്പോൾ പാടാനും. ആളുണ്ടെങ്കിൽ അത് ആരോഗ്യത്തിന് ഹാനികരമായേക്കാം. ഇനി യാദൃശ്ചികമായി ആരെങ്കിലും കേൾക്കാൻ ഇടവന്നാൽ, അതുകൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുക്കൾക്ക്‌ അവരവർക്ക്‌ മാത്രമായിരിക്കും ഉത്തരവാദിത്വം. യാത്ര ചെയ്യാനും, വായിക്കാനും, ഒരു പണിയും ചെയ്യാതെ മടിപിടിച്ച് വെറുതെ ഇരിക്കാനുമൊക്കെ വളരെ വളരെ ഇഷ്ടമാണ്. ചെറിയൊരു ഷോപ്പിൽ, ചെറിയൊരു ജോലി ഉള്ളതുകൊണ്ട് കുടുംബം പട്ടിണികിടക്കാതെ പോകുന്നു. ഇടയ്ക്ക് കുറച്ചുകാലം പ്രവാസത്തിന്റെ സുഖവും അറിഞ്ഞു. അങ്ങനെ പറയാണെങ്കിൽ ഒരുപാടുണ്ട്. ഇവിടുത്തെ സമ്പ്രദായങ്ങൾ എങ്ങനെയാണെന്ന് അറിയില്ല. പുതിയ ആളല്ലേ? ഒക്കെ പഠിക്കണം. നിങ്ങളൊക്കെ ഒരു കൈ സഹായിക്കണം കേട്ടോ. ഇപ്പൊത്തന്നെ 150 വാക്കുകൾ ഉണ്ടാക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ. അപ്പോൾ തല്ക്കാലം ഇവിടെ നിർത്തുന്നു. ഇനി ഓരോ കേസ് കെട്ടുകളുമായി ഇടക്കൊക്കെ വരാം.

എന്ന്
സ്വന്തം
- മഹാകവി ഞാൻ -Reserved