...

9 views

നോവൽ: വഴിത്തിരിവുകൾ - ഭാഗം 05
- തുടർച്ച

മല്ലികേ നീ പുതുതായി എന്തെങ്കിലും എഴുതി തുടങ്ങിയോ. വായിക്കുവാൻ ആകാംക്ഷ കൂടിക്കൂടി വരികയാണ്.

തങ്കമ്മേ ഇനി മറ്റന്നാള് തരാം. ഇന്നും നാളെയും രാത്രിയിലിരുന്ന് എഴുതാൻ തുടങ്ങും. പകലൊക്കെ വീട്ടുപണികൾ ധാരാളമുണ്ട്. അതുകൊണ്ട് തീരെ സമയം കിട്ടാറില്ല. നേരം കുറെയായല്ലോ തങ്കമ്മേ നമ്മൾ സംസാരിക്കുവാൻ തുടങ്ങിയിട്ട്. നീ വേഗം പോയി വെള്ളമെടുത്ത് വീട്ടിൽ ചെല്ല്. അമ്മ അന്വേഷിക്കുന്നുണ്ടാകും.

അയ്യോ നേരം അരമണിക്കൂർ ആയെന്നാ തോന്നുന്നത്. നമ്മുടെ സംസാരം അത്രക്ക് നീണ്ടു പോയി. ഞാൻ ചെല്ലട്ടേ മല്ലികേ.

കിണറിന്നടുത്തേക്ക് വരുന്ന തങ്കമ്മയോട് വെള്ളം കോരിക്കൊണ്ടിരുന്ന ജാനു പറയുന്നുണ്ടായിരുന്നു. മോളേ ആരും ഇല്ല. വേഗം വന്ന് വെള്ളം കോരി കുടത്തിൽ നിറച്ചുകൊള്ളൂ. കുറച്ചു പേർ വെള്ളം കൊണ്ട് പോയിട്ടുണ്ട്. ഉടനെ വേഗം വെള്ളമെടുക്കാൻ എത്തും.

ദാ വരുന്നു. ജാനു ചേച്ചി വെള്ളമെടുത്ത് കഴിഞ്ഞുവോ.

എനിക്ക് രണ്ട് കുടം വെള്ളം മതി മോളേ. ആകെ കുറച്ചു കഞ്ഞിയല്ലേ രണ്ട് പേർക്കും പാകപ്പെടുത്തേണ്ടു. അതിനു ഇത് തന്നെ ധാരാളം മതിയാകും.

വേഗം കോരിയെടുക്കൂ തങ്കമ്മേ. രണ്ട് പേർക്കും ഒന്നിച്ച് പോകാമല്ലോ.

എന്നാല് അല്പ സമയം നില്ക്കൂ. ഞാൻ ഉടനെ വെള്ളം കോരിയെടുത്ത് കൂടെ വരാം.

തങ്കമ്മയെ കാത്ത് ദേവകി മുറ്റത്ത് വഴിയിലേക്ക് തന്നെ നോക്കി നില്പുണ്ടായിരുന്നു.

ദാ തങ്കമ്മേ നോക്കൂ. അമ്മ നിന്നെയും നോക്കി നിൽക്കുകയാണെന്ന് തോന്നുന്നു.

അതേ ജാനുച്ചേച്ചി. ഞാൻ മല്ലികയുടെ കൂടെ അരമണിക്കൂറോളം സംസാരിച്ചു നിന്നു. നേരം പോയതറിഞ്ഞില്ല.

അതാണ് തങ്കമ്മേ അമ്മ മകളെ കാണാതെ മുറ്റത്ത് ഒരേ കാത്ത് നില്പ്.

വീട്ടിലാണെങ്കിൽ അരിവെയ്ക്കുവാൻ പോലും വെള്ളമില്ല. അരി അടുപ്പത്തിടുവാനാണ് ഈ നോക്കി നില്പ്. അമ്മക്കാണെങ്കിൽ ഒരു മണിക്ക് തന്നെ ഊണ് കഴിക്കണം. അല്ലെങ്കിൽ വയറു കത്തിക്കാളും.

എന്നാ വേഗം ചെല്ല്. ഞാൻ ഇതിലേ വീട്ടിലേക്ക് ചെല്ലട്ടെ. ഇത് പറഞ്ഞ് കൊണ്ട് ജാനകി നടന്നു.

ശരി ചേച്ചി എന്ന് പറഞ്ഞ് തങ്കമ്മയും വീട്ടിലേക്ക് നടന്നു.

എന്താ തങ്കമ്മേ നിന്നെ കാത്ത് നിന്ന് എൻെറ ക്ഷമ നശിച്ചു. നീ ഇത്രയും നേരം എവിടെയായിരുന്നു.

അമ്മേ ഞാൻ അങ്ങോട്ട് പോകുമ്പോൾ മല്ലിക വെള്ളമെടുത്ത് വരികയായിരുന്നു. കണ്ടപ്പോൾ ഞങ്ങൾ ഓരോരോ കാര്യങ്ങൾ സംസാരിച്ച് നിന്ന് സമയം പോയതറിഞ്ഞില്ല. അതാണ് ഇത്രയും വൈകിയത്. കിണറിനടുത്ത് തിരക്കില്ലാതിരുന്നതിനാൽ വേഗം വെള്ളമെടുത്ത് പോരുകയായിരുന്നു. അല്ലെങ്കിൽ ഇനിയും വൈകിയേനെ. അമ്മ ആകെ ഭയപ്പെട്ടേനെ.

നിന്നെയൊക്കെ ഒരു ചിട്ട പഠിപ്പിക്കേണ്ടതുണ്ട്. ഒരു കാര്യത്തിന് പോയാൽ ആ ജോലി കഴിഞ്ഞിട്ടേ മറ്റുള്ള കാര്യങ്ങൾ ചെയ്യാവൂ. അത് ആദ്യം പഠിപ്പിക്കണം. ഇല്ലെങ്കിൽ ചില സമയങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കു പല ബുദ്ധിമുട്ടുകളും വരുത്തി വയ്ക്കും. നിനക്ക് വെള്ളം കൊണ്ട് വന്നു വച്ചിട്ട് മല്ലികയുടെ അടുത്ത് പോയി സമാധാനമായിരുന്ന് സംസാരിക്കാമായിരുന്നുവല്ലോ. ഇപ്പോ തന്നെ സമയം പത്തരയായി.

അമ്മ പറഞ്ഞത് ശരി തന്നെയാ. പെട്ടെന്ന് വരാമെന്ന് വിചാരിച്ചെങ്കിലും മല്ലികയുടെ അടുത്ത് കുറച്ചു സമയം സംസാരിച്ചു നിന്നതാണ് ഇത്രയും വൈകാൻ കാരണമായത്. കഥാവിഷയങ്ങൾ ആയത് കൊണ്ട് ഓരോന്ന് പറഞ്ഞു പറഞ്ഞു നീണ്ടു പോയെന്നു മാത്രം.

ശരി, നീ പോയി കറിവെക്കുവാനെന്തെങ്കിലും പച്ചക്കറിയൊക്കെ ഒന്നെടുത്ത്...