മഴമേഘങ്ങൾക്ക് മീതെ...
ഇടിമുഴക്കം കേട്ടാണവൾ ഞെട്ടിയുണർന്നത്. ഭൂമിയുടെ മാറിലെ പെരുമ്പറയിൽ മഴ താളം പിടിക്കുന്നു. അവളുടെ ഓർമകളിലെ ചിത്രങ്ങൾക്ക് വീണ്ടും നിറം വെച്ചു. ഗായത്രിചേച്ചിയും ഗൗതമേട്ടനും താനും ആസ്വദിച്ചു നനഞ്ഞ മഴകൾ. പനി പിടിക്കുമെന്ന് പുലമ്പി മുടി തുവർത്താൻ പിറകെ ഓടുന്ന അച്ഛമ്മ. മുറി മുഴുവൻ ചെളി ചവിട്ടി വൃത്തികേടാക്കിയതിനു വഴക്കു പറയുന്ന അമ്മ.
ഇടിയുടെ ശബ്ദം കേൾക്കുമ്പോൾ മൂന്നാളും അച്ഛമ്മയുടെ ഓരത്തേക്ക് ഓടും. പേടി മാറാൻ അച്ഛമ്മ കഥകൾ പറഞ്ഞു കൊടുക്കും. രാമൻ സീതയെ തേടിപോയ കഥ, കൃഷ്ണന്റെ കുലം വേരോടെ നശിച്ച കഥ, ശിവന്റെ ജടയിൽ ഗംഗ വന്നൊളിച്ച കഥ. അങ്ങനെയങ്ങനെയങ്ങനെ……..
അച്ഛമ്മയ്ക്കു ശേഷം ഭംഗിയായി കഥകൾ പറഞ്ഞു തന്നിട്ടുള്ളത് വിനയൻ സാറാണ്. അവളുടെ നെഞ്ചൊന്ന് പിടഞ്ഞു. അനുസരണംകെട്ട കുട്ടിയെ പോലെയാണ് മനസ്സ്. എവിടേക്ക് പോകരുതെന്ന് നമ്മൾ പറയുന്നോ, അതിന്റെ പടിവാതിൽക്കൽ പോയി എത്തിനോക്കാൻ അതെപ്പോഴും ആഗ്രഹിക്കും. തന്റെ ചിന്തകളെ തട്ടിയെറിഞ്ഞുകൊണ്ട് ജനാലപടിയിലിരുന്ന ഡയറി കൈയെത്തിയെടുത്ത് അവൾ എഴുതി:
'ഇന്നലെകളെല്ലാം ഇന്നെനിക്കു ലഹരിയാണ്. നാളെയെന്നത് അനിശ്ചിതത്തിലാകുംതോറും വീര്യം കൂടുന്ന ലഹരി. അതിന്റെ ഉന്മാദത്തിൽ ഞാൻ വീണ്ടും സ്വപ്നം കാണുന്നു. ശിഥിലമാകുമെന്ന് ഉറപ്പുള്ള സ്വപ്‌നങ്ങൾ.
ഓർമകളും സ്വപ്നങ്ങളും തമ്മിലുള്ള യുദ്ധത്തിൽ ആരു ജയിക്കും.'
ചോദ്യചിഹ്നമിടാതെ അവൾ അത് മടക്കിവെച്ചു. വായിച്ചു കഴിഞ്ഞ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' കട്ടിലിൽ കിടക്കുന്നു. അടുത്ത നോവലിനു...