...

20 views

നീയും ഞാനും
എന്നിൽ നിന്നും ഏറെ അകലെയാണ് നീ എന്നെനിക്ക് അറിയാമായിരുന്നു. എങ്കിലും ഒരു സമുദ്രത്തിന്റെ ദൂരം നമ്മൾ തമ്മിലുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. ആദ്യം ഞാൻ ഏത് അളന്നെടുക്കും? നീളമോ ആഴമോ..... ഏതായിരിക്കും നിന്നിലേക്കുള്ള ദൂരം കുറയ്ക്കുക? അതോ മറ്റേതെങ്കിലും കുറുക്കുവഴി ഞാൻ അറിയാത്തതായിട്ടുണ്ടോ?

മനസ്സിലെ ചോദ്യങ്ങൾ പോലെ തിരമാലയും ഒന്നിനു പിറകെ മറ്റൊന്നായി അലയടിക്കുന്നു.ഉത്തരങ്ങൾക്ക് കാത്തു നിൽക്കാതെ ചിന്നിചിതറി അവ തിരികെ പോകുന്നു, കൂടുതൽ ശക്തിയോടെ ആഞ്ഞടിക്കാൻ. ചോദ്യങ്ങൾ മുറിവേൽപ്പിച്ച ഹൃദയത്തിലും തിരമാലകൾ കുരുക്കിട്ട കാല്പാദങ്ങളിലും ഒരേ നനവ്....ഇരുനിറങ്ങൾ......

അവ എന്നെ ആഴങ്ങളിലേക്ക് കൊണ്ടു പോകുന്നു. ഉപ്പു രസത്തിനു കൈപ്പേരുന്നു. കൈപ്പേരും തോറും ഇരമ്പലുകൾ മായുന്നു. ശാന്തത..... ഈ ശാന്തത എനിക്കുള്ള ഉത്തരങ്ങൾ തരുന്നില്ല. എങ്കിലും ചോദ്യങ്ങൾ ചോദിക്കുന്നില്ലല്ലോ..... ആശ്വാസം.

ചുറ്റിനും മുത്തുകൾ, പവിഴപുറ്റുകൾ, കാലം മൂടിവെച്ച നിധികൾ.....കണ്ണ് മഞ്ഞളിക്കുന്നു. മനസ്സിൽ പരിഭ്രാതി. ഞാനെന്റെ ലക്ഷ്യം മറന്നു. നീ. നിന്നിലേക്കിനി എത്ര ദൂരം. ആഴമത്രയും ഞാൻ അളന്നെടുത്തിരിക്കുന്നു. എന്നിട്ടും നിന്നെ കണ്ടുമുട്ടിയില്ല. അപ്പോൾ നീളമായിരുന്നോ അളക്കേണ്ടിയിരുന്നത്. പക്ഷെ, ഏതു ദിശയിൽ? ചുറ്റിനും സുതാര്യമായ ഇരുട്ട്. ദിശത്തേറ്റിയുള്ള യാത്ര. നിന്നിലേക്കുള്ള ദൂരം കുറയ്യുന്നുവോ അതോ കൂടുന്നുവോ? ഒന്നുമറിയാതെ ഈ യാത്ര. നിന്നെ കണ്ടെത്തും വരെ തുടരുന്ന യാത്ര.
© j fathima