...

10 views

മഴയുടെ പ്രണയിനി


പെയ്യുന്ന ഓരോ മഴത്തുള്ളിക്കും പറയാൻ മറന്ന ഒരു പ്രണയത്തിന്റെ കഥയുണ്ടാകുമോ..?മണ്ണിൽ അലിഞ്ഞു ചേരുമ്പോഴും വിടപറയലിന്റെ വേദനകൾക്കൊപ്പം കൂടിച്ചേരലിന്റെ ആനന്ദം ഒളിഞ്ഞുകിടപ്പുണ്ടാകുമോ....?

ഓരോ മഴയും എനിക്ക് എന്റെ പ്രണയത്തെ നൽകുകയാണ്. ആ മഴ നനയാൻ അതിൽ അലിയാൻ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് കൂടുകയാണ്.

കോളേജിന് മുമ്പിലെ ബാസ്റ്റോപ്പിലിരുന്നു കൊണ്ട് ആർത്തിരമ്പി പെയ്യുന്ന മഴയെ നോക്കി എന്റെ പ്രണയത്തെ ഞാൻ വരവേറ്റു.


"ശോ എന്തൊരു മഴയാണ് ഇത്....മനുഷ്യനെ മെനക്കെടുത്താൻ..."


എന്റെ തൊട്ടരുകിൽ ഇരുന്ന കുട്ടി മഴയെ ശപിച്ചു കൊണ്ടു വാക്കുകൾ മെനഞ്ഞപ്പോൾ എന്റെ കോപം എരിഞ്ഞു കയറി. അവളെ രൂക്ഷമായൊന്നു നോക്കിയെങ്കിലും അതവളുടെ ശ്രദ്ധയിൽപെട്ടില്ല.

   ഈ മഴ എന്റെ പ്രണയമാണ്... എന്റെ പ്രണയത്തെ അംഗീകരിച്ചില്ലെങ്കിലും അതിനെ പരിഹസിക്കുമ്പോഴോ പഴിക്കുമ്പോഴോ ഞാൻ ക്ഷമിച്ചെന്നു വരില്ല.


ഈ മഴയിൽ അവന്റെ സാമിപ്യം ഉണ്ടായത് കൊണ്ടാവാം ഞാൻ  സന്തോഷിക്കുന്നതും എന്റെ മനസ്സ് ശാന്തമാകുന്നതും. അവൻ.....എന്നോ മനസ്സിൽ കയറിക്കൂടിയ മുഖം.വിധി എനിക്ക് നൽകില്ല എന്നു ഉറപ്പു തന്നിട്ടും എന്റെ ഹൃദയം  ഇപ്പോഴും മുഴക്കുന്ന നാമം .

കൗമാരം കടന്നുവന്നപ്പോൾ ഞാൻ അറിയാതെ എന്നിൽ കയറിയുടെ ഇഷ്ട്ടം.പുസ്തകത്താളിൽ ഒളിപ്പിച്ച മഴിൽപ്പീലികൾക്കൊപ്പം അവന്റെ പേരും ഉണ്ടായിരുന്നു.ആകാശം കാണാതെ ആ മയിൽപ്പീലികൾ ഇന്നും ഏടുകളിൽ ഇരിക്കുമ്പോഴും എന്റെ ഹൃദയം അവനു മുന്നിൽ നൽകാൻ കഴിയാതെ ഞാനും നിസ്സഹായയായി നിൽക്കുകയാണ്.


കാലം കടന്നു പോകുമ്പോൾ അവന്റെ പേര് എന്നിൽ കണ്ണീരായി മാറി. തലയിണക്കിടയിൽ മുഖം പൂഴ്ത്തി വെച്ചു കരഞ്ഞ രാവുകൾ.എന്നിൽ അവൻ ചേരില്ല എന്നറിഞ്ഞിട്ടും ഇന്നും പ്രണയിക്കുകയാണ്. എനിക്കവനെ കാണാം സംസാരിക്കാം.എന്റെ പരിഭവങ്ങളും പരാതികളും അവൻ മാത്രം ആണ് അറിഞ്ഞത്.എന്റെ പുഞ്ചിരികളിൽ എന്റെ കണ്ണുനീരിൽ എന്നും കൂടെ ഉണ്ടായിരുന്നു ഒരു മിഥ്യയായി.


കാലമേ നീ സാക്ഷിയാണ് ....എന്റെ പ്രണയത്തിനും എന്റെ കണ്ണുനീരിനും.... എന്റെ വാക്കുകൾക്കും....എന്റെ വിശ്വാസങ്ങൾക്കും.....


അവന്റെ ഓർമ്മ മനസ്സ് നിറച്ചപ്പോൾ അറിയാതെ മിഴിനീർ ഇറ്റു വീണു.അവ എന്റെ കവിൾ തടം തട്ടിയ നേരം ഒരു നേർത്ത കരസ്പർശം ഞാൻ അറിഞ്ഞു. പതിയെ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ടരികിലായി അവനിരിക്കുന്നു.എന്നെ നോക്കി ഒന്നു മന്ദഹസിച്ച ശേഷം എന്റെ കൈകളിൽ  കൈകൾ മുറുക്കി അവന്റെ മടിയിലേക്ക് വെച്ചു.അവനെ നിസ്സഹായമായി നോക്കുമ്പോൾ അടർന്നു വീണ കണ്ണുനീർതുള്ളി തുടച്ച ശേഷം  എന്നെ ചേർത്തു പിടിച്ചു. ഞാൻ അവന്റെ തോളിൽ പതിയെ തല ചാഴ്ച്ചു കിടന്നു.എന്റെ പ്രണയം സാക്ഷിയായി മഴ അപ്പോഴും പുഞ്ചിരിച്ചു കൊണ്ടു വർഷിക്കുന്നുണ്ടായിരുന്നു ഒപ്പം തണുത്ത കാറ്റ് ഞങ്ങളെ വലിഞ്ഞു മുറുക്കി.


"നിനക്ക് ഈ മഴ നനയണോ...?"


അപ്രതീക്ഷിതമായിരുന്നു അവന്റെ ആചോദ്യം എന്നെ തേടിയെത്തിയത് .എന്റെ മനസ്സ് വായിച്ചത് പോലെ.....

"ഉം....വേണം....നനയണം..."

എന്റെ ആ മറുപടി അറിഞ്ഞതും അവനെന്റെ കരങ്ങൾ പിടിച്ചു മുമ്പിലുള്ള കുട്ടികൾക്കിടയിലൂടെ ബസ്റ്റോപ്പിന്റെ പുറത്തേക്കിറങ്ങി. ഇരു കൈകളും നീട്ടി അവന്റെ കൂടെ  ഞാൻ മഴയെ സ്വീകരിച്ചു നിൽക്കുമ്പോൾ പറഞ്ഞു പോയി "മഴ പ്രണയത്തിന്റെ കൂട്ടുകാരി തന്നെ".

'ഇതെനിക്കും  വേണ്ടി പെയ്ത മഴയാണ്, എന്റെ പ്രണയത്തിനു വേണ്ടി പെയ്തത്.'

എന്റെ മുഖത്തുവീഴുന്ന ഓരോ തുള്ളികൾക്കൊപ്പം അധരങ്ങളിൽ പുഞ്ചിരി വിടർന്നു.പരിസരം മറന്നു ഞാൻ ആ മഴ പൂർണമായി നനഞ്ഞു.

മേഘപാളികളിൽ ഇരുട്ടു മാറി വെളിച്ചമായ് .ആകാശം വെണ്മയിൽ നിറഞ്ഞപ്പോഴേക്കും കാർമേഘം കരഞ്ഞു തീർത്തിരുന്നു.പക്ഷേ ഞാൻ പ്രണയിച്ചു തീർന്നിരുന്നില്ല.

മഴ അകന്ന ശേഷം ആനന്ദത്തോടെ അവനെ തിരഞ്ഞ എനിക്ക് അവിടെ എങ്ങും അവനെ കാണാൻ കഴിഞ്ഞില്ല.ആ മഴയോടൊപ്പം എന്റെ പ്രിയനും മാഞ്ഞിരുന്നു.എല്ലാം വെറും മിഥ്യമാത്രം.നനയാൻ ആഗ്രഹിച്ചിട്ടും നനയാൻ കഴിയാതെ ഞാൻ ഇപ്പോഴും ഈ ഇരുപ്പിൽ തന്നെ. മഴ നനഞ്ഞതോ മനസ്സ് കൊണ്ടു മാത്രം... ഒരിക്കലും എന്നെ തേടി എത്താത്ത സ്വപ്നങ്ങളിലൂടെ ഞാൻ ഇന്നും മഴ നനഞ്ഞു കൊണ്ടിരിക്കുന്നു.....


       ******************

© Naseeha Nasrin