...

7 views

മോക്ഷം
കുഞ്ഞു കുഞ്ഞു മഴത്തുള്ളികൾ മുഖത്തു വീണപ്പോഴാണ് അയാൾ പതുക്കെ കണ്ണുകൾ ചിമ്മിയത്. ഒരുപാട് ഉറങ്ങിയതുകൊണ്ടാവും കണ്ണുകൾക്ക് വല്ലാത്ത കനം!

'എവിടെയാണെത്തിയത്?' ചുറ്റും പകച്ചു നോക്കി. ബസ്സ് ബന്ദിപ്പൂർ വനങ്ങളിലാണ്.

വലുതും ചെറുതുമായ മരങ്ങൾക്കിടയിൽ, വളഞ്ഞു പുളഞ്ഞ്, ഒരു പെരുമ്പാമ്പിനെപ്പോലെ അറ്റമില്ലാതെ കിടക്കുന്ന റോഡ്. തന്റെ ചിന്തകളെപ്പോലെ!

'മ്മേ,' ഒരു കുഞ്ഞുശബ്ദം. കിലുകിലുന്നനെ ചിരി. മുന്നിലെ സീറ്റിൽനിന്നാണ്.

അമ്മ! അയാൾക്ക് ഉറക്കെയുറക്കെ കരയണമെന്നു തോന്നി.

'ഓയ് മാഷേ, ഇത്തിരി നീങ്ങിയിരുന്നേ,' അടുത്ത് ബാഗും തൂക്കി ഒരു പെൺകുട്ടി. അയാൾ നീരസത്തോടെ അവളെ നോക്കി.

'ഈ കാട്ടിൽ ഇവളെവിടുന്നു വന്നു!' അരിശത്തോടെ അയാളോർത്തു.

'ഒന്ന് നീങ്ങിയിരുന്നുകൊടുക്ക് സാറേ, മുന്നിലെ സീറ്റിൽ മഴവെള്ളം തെറിക്കുന്നു,' കണ്ടക്ടറുടെ വക.

ഇഷ്ടമില്ലാതെ അയാളൊന്ന് ഒതുങ്ങിയിരുന്നു. അവളുടെ മുഖം കോടി.

ഹെഡ്സെറ്റ് ചെവിയിൽവച്ച് അവൾ സീറ്റിലേക്കമർന്നപ്പോൾ, അവനും ആശ്വാസത്തോടെ തിരിച്ച് ചിന്തകളിലേക്കൂളിയിട്ടു.

"മാഷേ, ഓയ് എവിടെക്കാ? ഫോണിൽ ചാർജില്ല, നെറ്റും. ഹെഡ്സെറ്റ് വെറുതെ വച്ചതാ. ഒരു സുന്ദരൻ അടുത്തിരുന്നിട്ട് സംസാരിക്കാതെങ്ങനാ!"

"താല്പര്യമില്ലെന്ന് മുഖം കണ്ടാലറിയില്ലേ, പിന്നെയും ശല്യപ്പെടുത്തിരുന്നൂടെ? "

"സംസാരിച്ചാലല്ലേ താല്പര്യമുണ്ടാവുന്നത്," അവളുടെ മുഖത്ത് കുസൃതി നിറഞ്ഞു.

"അമ്മേ" കുഞ്ഞൊന്നുറക്കെച്ചിരിച്ചു.

"നാശം!" അതൊരലർച്ചയായിരുന്നു. ബസ്സിൽ ഉള്ളവർ മുഴുവൻ അയാളെ പകച്ചു നോക്കി, അവളും!

അയാളുടെ മുഖം കുനിഞ്ഞു, കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവളൊന്നു പകച്ചു.

"മാഷേ, എന്തിനാണിത്ര സങ്കടം? എന്തേ ഇങ്ങനെ ദേഷ്യപ്പെടാൻ? ആരോടെങ്കിലും ഒന്നു പറഞ്ഞൂടേ, വേണമെങ്കിൽ എന്നോടു പറയൂ, നമ്മൾ തമ്മിലറിയില്ല, ആരാണ്, എന്താണ്, എവിടെ, ഒന്നും. മാഷ് പറയുന്ന ആരെയും എനിക്കറിയില്ല. ചിലപ്പോൾ വിഷമം കുറഞ്ഞെങ്കിൽ."

അയാൾ അവളുടെ മുഖത്തേക്കുറ്റുനോക്കി. ഒന്നു പെയ്തൊഴിയണമെന്നു തോന്നി. 'കഴിഞ്ഞ അഞ്ചു വർഷത്തിൽ ആരുംതന്നെ ഇത്ര അനുകമ്പയോടുകൂടി നോക്കിയിട്ടില്ലെന്നോ! എത്ര അലച്ചിലുകൾ, യാത്രകൾ, എന്താണ് നേടിയത്, മര്യാദക്ക് ഒന്നുറങ്ങിയിട്ടെത്ര നാളായി!'

"ഞാൻ കൊന്നു!"

അവളുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞ ചോദ്യഭാവം.

"എനിക്കേറ്റവും ഇഷ്ടമുള്ള എന്റമ്മയെ. ടൗണിൽ കാറിൽ ഇറക്കിയതു ഞാനാണ്. ഒരു ഫോൺ കാൾ, വണ്ടി മുന്നോട്ടെടുത്തപ്പോൾ അമ്മയുടെ ചോര! വണ്ടിയുടെ മുന്നിലൂടെ ക്രോസ്സ് ചെയ്തത് കണ്ടില്ല. കണ്ണടയ്ക്കുമ്പോഴും തുറക്കുമ്പോഴും 'കൊന്നില്ലേടാ' എന്നു മാത്രം. പിന്നെ ഒഴുകിപ്പരന്ന അമ്മയുടെ രക്തം! ഒന്നുറങ്ങിയിട്ട് എത്ര നാളായി, ആരോടും ബന്ധമില്ലാതെ, അലയാത്ത സ്ഥലങ്ങളില്ല."

അവളൊന്നു നിശ്ശബ്ദയായി, പെയ്തു തീരാനായിരിക്കും.

"ഞാനും കൊന്നിട്ടുണ്ട്, മനസ്സുകൊണ്ട്, പല തവണ. രണ്ടു വയസ്സിൽ എന്നെ ഇട്ടിട്ടു പോയതാണ്. പിന്നെക്കണ്ടിട്ടില്ല, കേട്ടിട്ടില്ല."

രണ്ട് പേരും ഓർമകളിലാണെന്നു തോന്നി.

ബസ്സൊന്ന് ബ്രേക്ക്‌ പിടിച്ചു, മുന്നിലൊരു ഒറ്റയാൻ. കാട്ടിലൂടെയുള്ള രാത്രിയാത്രകളിൽ ഇതു പതിവാണ്. ഒറ്റപ്പെട്ടു നടക്കുന്ന അവന്റെയുള്ളിൽ എന്തായിരിക്കും? ഓർത്തപ്പോൾ അവൾക്ക് കൗതുകം തോന്നി.

"മാഷ് ഭാർഗവരാമന്റെ കഥ കേട്ടിട്ടുണ്ടോ? മഴുവെറിഞ്ഞു കേരളമുണ്ടാക്കിയ പരശുരാമൻ; അദ്ദേഹം അമ്മയെക്കൊന്നിട്ടുണ്ട് അച്ഛനു കൊടുത്ത വാക്കു പാലിക്കാൻ."

"പക്ഷേ, ആ കഥയിൽ അമ്മയെ അച്ഛൻ പുനർജീവിപ്പിക്കും കുട്ടീ!"

"അതേ, അതിനവർ ദൈവങ്ങളല്ലേ മാഷേ, നമ്മൾ മനുഷ്യരും. നമുക്ക് ആളുകളെയല്ല, അവരുടെ ആഗ്രഹങ്ങളെയാണ് പുനർജനിപ്പിക്കാൻ കഴിയുന്നത്."

ഒരു കൊച്ചു പെൺകുട്ടിക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുമോ, അയാൾക്ക് അതിശയം തോന്നി.

"ഞാൻ പഠിക്കുന്നതിനടുത്താണ് നഞ്ചുണ്ടെശ്വരക്ഷേത്രം, കേട്ടിട്ടുണ്ടോ?"

അയാൾ ഇല്ലെന്നു തലയാട്ടി.

"ദക്ഷിണ കാശിയും, ദക്ഷിണ മണികർണികാ ഘാട്ടും. പരശുരാമൻ പണ്ട് അമ്മയെ കൊന്ന പാപം തീരാൻ ഇവിടെ തപസ്സു ചെയ്തിരുന്നു. മാഷ് അവിടെപ്പോയി കബനീ നദിയിൽ കുളിച്ച് ശിവഭഗവാനെ പ്രാർഥിക്കൂ, ചിലപ്പോൾ മനസ്സിനല്പം സമാധാനം കിട്ടിയാലോ. പോകുമോ?"

"പോകാം."

"വരട്ടെ മാഷേ, എനിക്കിറങ്ങാറായി. ഇനി കാണുമോയെന്നറിയില്ല. സന്തോഷമായിരിക്കൂ."

അവൾ യാത്രപറഞ്ഞിറങ്ങി.

'നീ പറഞ്ഞ ദക്ഷിണകാശിയിലല്ല, എന്റെ പാപമോക്ഷങ്ങളുടെ തുടക്കം ഇവിടെയായിരുന്നു കുഞ്ഞേ. പേരറിയാത്ത, നാടറിയാത്ത സുന്ദരീ, നിന്നെ മറക്കില്ലൊരിക്കലും!'

✍️ആർദ്ര കാർത്തിക
© All Rights Reserved