...

3 views

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 1
ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ

(ശാസ്ത്ര ലേഖന പരമ്പര)


ഭാഗം ഒന്ന്
പ്രകൃതിയുടെ ഭാഷ

ഉണ്ണിക്കുട്ടന് വീടിന്റെ വരാന്തയിലോ, മുറ്റത്തോ നിന്ന് ചുറ്റുമുള്ള മരങ്ങളും ചെടികളും ശലഭങ്ങളും പക്ഷികളും നോക്കിക്കാണാൻ വലിയ ഇഷ്ടമാണ്.
മുറിക്കുള്ളിലിരുന്ന് പുസ്തകം വായിക്കാനോ, ടെലിവിഷൻ കാണാനോ, ഉണ്ണിക്കുട്ടൻ മിനക്കെടാറില്ല. ഇത്തിരി സമയം കിട്ടിയാൽ വീടിനു പുറത്തേക്കിറങ്ങും. കാറ്റിനോടും പൂക്കളോടും കിളികളോടും ചങ്ങാത്തം കൂടി ചുറ്റിക്കറങ്ങും.അങ്ങനെ സസ്യങ്ങളുടെയും ജന്തുക്കളുടെയും കാറ്റിന്റയും മഴയുടെയും വെയിലിന്റെയും മേഘത്തിന്റെയും കൂട്ടുകാരനായി.അവരോടുള്ള ചങ്ങാത്തം കൂടിയപ്പോൾ അവർ വാക്കില്ലാത്ത ഒരു ഭാഷയിലൂടെ ആശയവിനിമയം ചെയ്യുന്നുണ്ടെന്ന് ഉണ്ണിക്കുട്ടനു മനസ്സിലായി. ആ ഭാഷ പഠിക്കണം. എങ്കിലേ ഈ പ്രകൃതിയോട് സംസാരിക്കാൻ കഴിയൂ. ഓരോ ശബ്ദവും ഓരോ ചലനവും ഭാവഭേദങ്ങളും നോക്കി മനസ്സിലാക്കി, പ്രയോഗിച്ച്; ഉണ്ണിക്കുട്ടൻ പ്രകൃതിഭാഷ പഠിച്ചു!

ഉണ്ണിക്കുട്ടനു മനസ്സിലായി, ഈ ഭാഷ അതീന്ദ്രിയമായ, അനുഭവജ്ഞാനാതീതമായ, സർവാതിശായിയായ മനസ്സും മനസ്സും തമ്മിലുള്ള കൈമാറലാണെന്ന്. പ്രകൃതി ചക്രങ്ങളിലൂടെ, വളർച്ചയിലൂടെ, തളർച്ചയിലൂടെ, ചലനത്തിലൂടെ, മൗനത്തിലൂടെ, ഇരുട്ടിലൂടെ, വെളിച്ചത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന
ഒരു സന്ദേശ ഭാഷ! മനുഷ്യനു മാത്രമല്ല, തിര്യക്കുകൾക്കും പ്രകൃതിക്കും പ്രപഞ്ചത്തിനും അറിയാവുന്ന ഭാഷ! ഏവർക്കും എളുപ്പത്തിൽ പഠിക്കാവുന്ന, വ്യാകരണത്തിന്റെയോ, അക്ഷരപ്പിശകുകളുടെയോ, ചിഹ്നങ്ങളുടെയോ ബന്ധമില്ലാത്ത സാർവത്രിക ഭാഷ! ആ ഭാഷയറിയുമ്പോഴാണ് നമ്മൾ പ്രപഞ്ച പൗരരാവുന്നത്. അത് ജീവിതത്തിന്റെ, പൊരുത്തപ്പെടലിന്റെ, നിലനില്പിന്റെ, പരിണാമത്തിന്റെ ഭാഷകൂടിയാണ്. ഇന്ദ്രിയങ്ങളും മനസ്സും കൊട്ടിയടയ്ക്കാതെ തുറന്നുവെച്ചാൽ ആർക്കും ഗ്രഹിക്കാൻ കഴിയുന്നതാണീ ഭാഷ. കൂട്ടായിരുന്ന് പങ്കുവെച്ച് മനസ്സിലാക്കേണ്ട ഭാഷ ഉണ്ണിക്കുട്ടന് മനസ്സിലാകാൻ തുടങ്ങി!

ഇനി അവർ പറയുന്നത്, ഉണ്ണിക്കുട്ടനിൽനിന്ന് നമുക്കു കേൾക്കാം.ശ്രമിച്ചാൽ ഉണ്ണിക്കുട്ടനെപ്പോലെ, ആ ഭാഷ നമുക്കും പഠിക്കാം.

ചുറ്റുമുള്ള ജൈവവും അജൈവവുമായ ഘടകങ്ങളുടെ മനോഗതം ഉണ്ണിക്കുട്ടൻ നമുക്കുവേണ്ടി പങ്കുവെക്കാൻ തീരുമാനിച്ചപ്പോൾ, ഭിത്തിയിലിരുന്ന പല്ലിയമ്മ ചിലച്ചു:-

"ഛെ, ഛെ, ഛെ...ഇനി മനുഷ്യരോട് നമ്മുടെ കാര്യങ്ങൾ പറഞ്ഞിട്ട്, അതിനുകൂടി മനുഷ്യന്റെ ശകാരം കേൾക്കണോ?"

ഉണ്ണിക്കുട്ടൻ മറുപടി പറഞ്ഞു,

" എന്നാൽ പറയാതിരിക്കാം, അല്ലേ?"

ഈ സംഭാഷണം കേട്ടു നിന്ന ചക്കരപ്പൊട്ടൻ പറഞ്ഞു, "മണ്ടത്തരം പറയാതെന്റെ പല്ലിത്തള്ളേ, മനുഷ്യരു കൂടുതൽ നമ്മളെ മനസ്സിലാക്കിയാൽ അവന്റെ അഹങ്കാരം കുറച്ചു കുറഞ്ഞുകൊള്ളും. അത് ഗുണമായേക്കാം. അതുകൊണ്ട്, ഉണ്ണിക്കുട്ടൻ കഥ പറയട്ടെ."

"ശരി, ഉറുമ്പമ്മാവാ." ഉണ്ണിക്കുട്ടൻ സമ്മതം അറിയിച്ചു.

തിര്യക്കുകളുടെ മനസ്സിലെ സ്ഥായിയായ ഭാവം സന്തോഷമാണെന്ന് ഉണ്ണിക്കുട്ടൻ തിരിച്ചറിഞ്ഞിരുന്നു. സന്തോഷവും സൗന്ദര്യവും പ്രകൃതിയുടെ അടിസ്ഥാന വികാരങ്ങളാണ്. അവർ ചിന്തയിലൂടെ പിരിമുറുക്കം അനുഭവിക്കുന്നില്ല. പ്രകൃതി ശക്തികൾ അവരുടെ നിയത കർമങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ്. അതു പോലെ പ്രപഞ്ചത്തെ അടുത്തറിഞ്ഞ്, അതിന്റെ കഥകൾ പങ്കു വെക്കുന്നത് ഉണ്ണിക്കുട്ടന്റെ ജന്മനിയോഗമായി അവൻ കരുതി.

ഈ സമയത്ത്, മുറ്റത്തെ മാവിലെ ഇത്തിൾ കണ്ണികൾ ഉണ്ണിക്കുട്ടനെ നോക്കി കണ്ണിറുക്കി. ഉണ്ണിക്കുട്ടൻ തീരുമാനിച്ചു,
ഈ ഇത്തിളുകളുടെ കാര്യം ആദ്യം പറഞ്ഞാലോ എന്ന്.

തുടരും...

© Rajendran Thriveni