...

19 views

പറയാൻ ബാക്കിവച്ചത് -2
"നന്ദാ.... "
മഹി സ്വരം പരമാവധി മയപ്പെടുത്താൻ പണിപ്പെട്ടുകൊണ്ട് വിളിച്ചു. നന്ദൻ തിരിഞ്ഞു. ഇപ്പോൾ അയാളുടെ മുഖത്തുണ്ടായ ഭാവത്തെ മഹിയ്ക്ക് വായിക്കാനായില്ല. നന്ദൻ വളരെ പണിപ്പെട്ട് ചുണ്ടിലൊരു മന്ദഹാസം വരുത്തി. നന്ദന്റെ വീടിന്റെ ബാൽക്കണിയിൽ ആയിരുന്നു ഇരുവരും. മഹി അരഭിത്തിയിൽ പിടിച്ച് ദൂരെ എവിടേക്കോ മിഴികൾ അയച്ച് നിന്നു. ഉള്ളിലെന്തൊക്കെയോ തിളച്ചുമറിയുന്നത് അയാളറിഞ്ഞു. അധികം വൈകാതെ അത് പൊട്ടിതെറിയ്ക്കും എന്നയാൾക്ക് തോന്നി. സംയമനം പാലിക്കണം. മഹി മിഴികൾ അടച്ച് ഒരു നിമിഷം ദീർഘമായി നിശ്വസിച്ചു. തങ്ങൾക്കിടയിൽ നിശ്ശബ്ദതയിലേക്ക് എന്തോ വന്നു നിറയുന്നതായി നന്ദന് തോന്നി. മഹിയുടെ മനസ്സിൽ എന്താണെന്ന് അറിയില്ല. അയാൾക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു.
"നിനക്ക് ഒന്നും ചോദിക്കാനില്ലേ മഹീ എന്നോട്? "
നിശ്ശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് നന്ദൻ ശബ്ദിച്ചു. മഹി അല്പനേരം കൈകൾ മാറിൽ കെട്ടി അയാളെ നോക്കി. ശേഷം സാവധാനം പറഞ്ഞു.
"ഇല്ല. "
വീണ്ടും നിശ്ശബ്ദത സ്ഥാനം പിടിക്കുന്നത് ഇരുവരും അറിഞ്ഞു.
"നിന്റെ അനുവിനെ ഞാൻ തട്ടിയെടുത്തു എന്നു തോന്നുന്നുണ്ടോ നിനക്ക്? "
നന്ദന്റെ പൊടുന്നനെയുള്ള ചോദ്യത്തിനു മുന്നിൽ മഹി ഒരു നിമിഷം പകച്ചു. പിന്നീട് നന്ദന് എങ്ങനെ ഇങ്ങനൊരു ചോദ്യം തന്നോട് ചോദിക്കാൻ കഴിഞ്ഞു എന്ന് അത്ഭുതപ്പെട്ടു. നന്ദൻ മഹിയിൽ നിന്നും വരാൻ പോകുന്ന മറുപടിയെ കാത്തു നിൽക്കയാണ്. അയാളുടെ ഹൃദയം താളം തെറ്റി മിടിച്ചുകൊണ്ടിരുന്നു. മഹി ഒരു നിമിഷം നന്ദനെ നോക്കി. പിന്നെ സ്വയം പരിഹസിച്ചാലെന്നപോലെ ചിരിച്ചു.
" നിനക്ക് ഇങ്ങനൊരു ഇഷ്ടം അനുവിനോടുണ്ടായിരുന്നു എന്ന് ഞാൻ അറിയാതെ പോയല്ലോ. "
മഹിയുടെ വാക്കുകൾ ഈർച്ചവാളിന്റെ മൂർച്ചയോടെ നന്ദന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. അതിന്റെ നൊമ്പരത്തിൽ അയാൾ ഒന്നു പുളഞ്ഞു. നന്ദന്റെ ഭാവമാറ്റത്തെ വീക്ഷിച്ച്‌ മഹി തുടർന്നു.
" നിനക്ക് എന്നോടൊന്നു പറയാമായിരുന്നില്ലേ നന്ദാ. അന്നേ ഞാൻ എന്റെ മോഹമുപേക്ഷിക്കുമായിരുന്നല്ലോ. ഇതിപ്പോ....."
മഹി ഒന്നു നിർത്തി.
" നമുക്കിടയിൽ ഉള്ള സൗഹൃദത്തെ പോലും മാനം കെടുത്തി.... "
നന്ദന് ശബ്ദിക്കാനായില്ല.
" അതിനിടയിൽ ഞാനെഴുതിയ പ്രണയലേഖനങ്ങൾ എങ്ങനെ നിന്റേതായി? "
അല്പം അമർഷത്തോടെ മഹി ചോദിച്ചത് കേട്ട് നന്ദൻ ഒന്നു ഞെട്ടി.
" കഴിഞ്ഞത് കഴിഞ്ഞു. എല്ലാം അവസാനിച്ചു എന്ന് വിശ്വസിക്കാൻ ശ്രെമിക്കുകയാണ് ഞാനിപ്പോൾ. എന്നാലും ഞാൻ ഇത്രനാളും നെഞ്ചിൽ കൊണ്ടുനടന്ന നീറ്റൽ.... അതെനിക്ക് മറക്കാനാവില്ല. "
മഹിയുടെ തൊണ്ടയിടറിയത് നന്ദൻ അറിഞ്ഞു. അയാൾക്ക് ഉള്ളിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു.
" എന്റെ നഷ്ടം എനിക്ക് മാത്രമുള്ളതാണ്. അതിനെചൊല്ലി ആരെയും പഴിക്കണമെന്ന ഉദ്ദേശത്തിലല്ല ഞാൻ വന്നത്. നിന്റെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ നീയിതിന് യോഗ്യൻ ആണ്. അതിനിടയിലേക്ക് വരില്ല ഞാൻ. ഒരിക്കലും. "
മഹി നിർത്തിയിട്ട് ഒന്നു നിശ്വസിച്ചു.
" നീ ഭയപ്പെടേണ്ട. പുതിയൊരു വെളിപ്പെടുത്തലുമായി ഞാനൊരിക്കലും അനുവിന്റെ മുന്നിൽ ചെല്ലില്ല. "
മഹി തെല്ലൊരു മന്ദഹാസത്തോടെ നന്ദന്റെ ചുമലിൽ കൈത്തലം വെച്ചു. കുറ്റബോധം തന്നെ വിഴുങ്ങുന്നതായി നന്ദന് തോന്നിത്തുടങ്ങി. അയാൾ ചുമലിൽ ഇരുന്ന മഹിയുടെ കരം കവർന്നു. തന്റെ കൈയിനെ പൊതിഞ്ഞ നന്ദന്റെ കൈകൾ വിറകൊള്ളുന്നത് മഹി അറിഞ്ഞു.
" നിന്നെ ഞാൻ ചതിച്ചുവെന്ന് പറയരുത് മഹീ. "
നന്ദന്റെ സ്വരവും വിറയാർന്നിരുന്നു. ' പിന്നെ ഞാൻ എന്ത് പറയണം? ' മനസ്സിൽ വന്നെങ്കിലും മഹി ചോദിച്ചില്ല.
" അനുവിനോടുള്ള ഭ്രാന്തമായ ഇഷ്ടം എന്നെക്കൊണ്ട് എല്ലാം ചെയ്യിച്ചതാണ്. സ്വാർത്ഥനായിപ്പോയി ഞാൻ. അപ്പോഴും ഞാൻ നിന്നെക്കുറിച്ചോർക്കുന്നുണ്ടായിരുന്നു. "
മഹി നിശ്ചലനായി നിന്നു.
" അനു എനിക്ക് ജീവനാണ് മഹീ. അതുകൊണ്ടാണ് നീ അകന്നുപോയിട്ടും ഞാൻ അവളെ പിന്തുടർന്നത്. എനിക്ക് ജീവിക്കാൻ അവൾ വേണമായിരുന്നു. "
നന്ദന്റെ ശബ്ദമിടറി. മഹിയുടെ നെഞ്ചിൽ പെട്ടെന്നൊരു നീറ്റലുണ്ടായി. തന്റെ മുന്നിൽ ഇനിയുള്ളത് അനുവില്ലാത്ത ഒരു ജീവിതമാണ്. അയാളുടെ മിഴികൾ നിറഞ്ഞു.
" എന്നോട് ക്ഷമിക്കണം നീ. കുറ്റബോധമുണ്ട് എനിക്ക്. ഒരുപാട്. പക്ഷെ..... "
നന്ദൻ ഒന്നു നിർത്തി.
" അനുവിനെ തിരികെ നൽകാൻ എനിക്കാവില്ല. അവൾ ഇന്നെന്റെ ഭാര്യയാണ്. "
നന്ദന്റെ വാക്കുകൾക്ക് തന്റെ ഹൃദയത്തെ ഇത്രമാത്രം കീറിമുറിക്കാനുള്ളത്ര ശക്തിയുണ്ടായിരുന്നോ എന്ന് മഹിയ്ക്ക് ഒരു നിമിഷം തോന്നിപ്പോയി. ഉള്ളിലെ മുറിവിൽ നിന്ന് രക്തം കിനിയുന്നത് അയാൾ അറിഞ്ഞു.
" ഒരപേക്ഷയുണ്ട് എനിക്ക്. "
നന്ദൻ കണ്ണുകൾ ഇറുക്കിയടച്ച്‌ വിറക്കുന്ന കൈകൾ മഹിയ്ക്ക് മുന്നിൽ കൂപ്പി നിന്നു.
" എന്റെ അനുവിനെ ഇനി നീ ആഗ്രഹിക്കരുത്. "
പറഞ്ഞതും അയാൾ കരഞ്ഞുപോയി. മഹി ഒരു നിമിഷം വിറങ്ങലിച്ച്‌ നിന്നുപോയി. പിന്നെ രണ്ട് ചുവട് പിന്നിലേക്ക് വെച്ചു. താൻ വളരെ ദുർബലനാവുന്നത് അയാൾ അറിഞ്ഞു. ചെറിയൊരു കാറ്റടിച്ചാൽ നിലം പതിക്കാവുന്ന വെറും ദുർബലൻ. അയാൾ മെല്ലെ തിരിഞ്ഞു. കാറിനരികിൽ എത്തിയത് എങ്ങനെയെന്ന് അയാൾക്ക്‌ തന്നെ അറിയില്ലായിരുന്നു.
" മഹീ.... "
വളരെ അകലെനിന്നെന്നോണം അനുരാധയുടെ സ്വരം കേട്ട് അയാൾ നടുക്കത്തോടെ തിരിഞ്ഞു. തൊട്ട്മുന്നിൽ അവൾ !
" എന്നോട് ഒന്നും പറയാതെ പോവുകയാണോ? "
അവളുടെ ചോദ്യം മഹിയുടെ നെഞ്ചിൽ തറച്ചു.
പോവുകയാണ്. പറയാൻ ഒരുപാട് ബാക്കിവെച്ചുകൊണ്ട്.
അയാൾ ഒന്നും ഉരിയാടാനാവാതെ കുറച്ച് നിമിഷങ്ങൾ അവളെ നോക്കി നിന്നു. പിന്നെ മെല്ലെ തിരിഞ്ഞു കാറിലേക്ക് കയറി. കണ്മുന്നിൽ അത് ഒഴുകിമറയുന്നത് അനുരാധ നോക്കി നിന്നു. പെട്ടെന്നൊരു മഴ ഇരച്ചുവന്നത് അവൾ അറിഞ്ഞില്ല. മുഖത്തേക്ക് വീണ മഴതുള്ളി കവിളിലേക്കിറ്റ മിഴിനീരിനെ വഹിച്ച് ഒഴുകിയിറങ്ങിയതും അവൾ അറിഞ്ഞിരുന്നില്ല.
' എന്റെ അനുവിനെ ഇനി നീ ആഗ്രഹിക്കരുത് '
നന്ദന്റെ വാക്കുകൾ കാതിൽ ഇടിമുഴക്കം പോലെ മുഴങ്ങിക്കേൾക്കാം. അവൾ മിഴികൾ ഇറുക്കിയടച്ചു. നനഞ്ഞുകുതിർന്ന മുഖത്ത് മിഴിനീരിന്റെ ഇളം ചൂട് അവളറിഞ്ഞു. അൽപ്പസമയത്തേക്ക് ആ പ്രവാഹം നിലച്ചതേയില്ല.

പറയാൻ ബാക്കിവെച്ചവർക്കായി.............
ആദി...