...

0 views

സ്വപ്നം രണ്ട്
അപ്പൂപ്പാ എന്നിട്ട് പാലാഴി എങ്ങിനെയാ കടഞ്ഞു തുടങ്ങിയത്--ആതിര ചോദിച്ചു.

അതു പറയാം മോളേ. അതിനു മുമ്പ് ഇന്നലെ വല്യച്ഛന്റെ അമ്പലത്തില്‍ പൂജ കഴിഞ്ഞില്ലേ. അതു കഴിഞ്ഞ് അപ്പൂപ്പന്‍ ഒന്നു നടുവ് നിവര്‍ത്താമെന്നു വിചാരിച്ച് കിടന്നു.

അപ്പോഴുണ്ടെടാ വാതില്‍ക്കല്‍ ഒരു മുട്ട്. ആധികാരികമായ മുട്ടാണ്. പണ്ട് അപ്പൂപ്പന്റെ അച്ഛന്‍ മാത്രമേ ഇങ്ങനെ മുട്ടി കേട്ടിട്ടുള്ളൂ.

ശല്യം-ഒന്നു മയങ്ങാമെന്നു വിചാരിച്ചാല്‍ സമ്മതിക്കത്തില്ല--എന്ന് മനസ്സില്‍ പ്രാകിക്കൊണ്ട് അപ്പൂപ്പന്‍ എഴുനേറ്റ് വാതില്‍ തുറന്നു. എന്റെ ഭഗവാനേ--രണ്ടുപേര്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.

നിങ്ങള്‍ ഹരിപ്പാട്ടേ വേലകളി കണ്ടിട്ടുണ്ടല്ലോ--

കൊല്ലം കണ്ടാലില്ലം വേണ്ടാ--കൊച്ചി കണ്ടാലച്ചി വേണ്ടാ--അമ്പലപ്പുഴ വേല കണ്ടാലമ്മയും വേണ്ടാ--ഹരിപ്പാട്ടേ വേല കണ്ടാലച്ഛനും വേണ്ടാ--എന്നൊരു പാട്ടു കേട്ടിട്ടില്ലെ. ആ വേല. വേല കളിക്കാരുടെ വേഷം ഓര്‍ക്കുന്നുണ്ടോ--അതാണ് അവരുടെ വേഷം. വാളും പരിചയും കൈയ്യിലുണ്ട്. ഏഴടിയോളം പൊക്കം.

എന്താടാ പകലൊരുറക്കം--ഇടി വെട്ടുമ്പോലെ അവര്‍ ചോദിച്ചു.

എനിക്ക് ഒട്ടും പേടി തോന്നിയില്ല--തന്നെയല്ല അവരേ നല്ല പരിചയവും തോന്നി.

ഓ- ഒന്നു മയങ്ങാമെന്നു വിചാരിച്ചു--ഇന്നലെ ഉറങ്ങാനും പറ്റിയില്ലല്ലോ. ഞാന്‍ അലസമാ‍യി മറുപടി പറഞ്ഞു.

നിനക്കെന്താടാ ഒരു ബഹുമാനമില്ലാത്തത്--അവര്‍ വീണ്ടും അതേ ശബ്ദത്തില്‍ ചോദിച്ചു. പെട്ടെന്ന് എനിക്കു മനസ്സിലായി--വല്യച്ഛന്മാര്‍--ഞാന്‍ ഭയഭക്തിയോടെ അവരേ അകത്തേക്ക് ക്ഷണിച്ചു.

രാജഭരണകാലത്ത് ഹരിപ്പാട്ടേ പ്രസിദ്ധമായ ഒരു കുടുംബമാണ് തിരുമനശ്ശേരില്‍. അവര്‍ക്ക് ആ പേരു സമ്പാദിച്ചു കൊടുത്ത വീരന്മാരാണ് എന്റെ മുന്‍പില്‍ നില്‍ക്കുന്നത്....