...

3 Reads

റമളാനിന്റെ രാവുകളിൽ, പൊന്നാനിയുടെ തെരുവോരങ്ങൾ വളരെയധികം സജീവമാകാറുണ്ട്. അവസാന പത്തിലേക്ക് കടന്നാൽ പ്രത്യേകിച്ചും. ഈ സമയങ്ങളിൽ മൗനത്തുൽ ഇസ്ലാം സഭയുടെയും, വലിയ പള്ളിയുടെയും പരിസരങ്ങൾ ജനത്തിരക്കിന്റെ പിടിയിലാവും. കേരളത്തിൽ ഏറ്റവുമധികം പള്ളികളുള്ള സ്ഥലമാണ് പൊന്നാനി. അതുകൊണ്ടുകൂടിയാണെന്ന് തോന്നുന്നു, കേരളത്തിലെ മക്ക എന്നൊരു വിശേഷണം കൂടിയുണ്ട് നമ്മുടെ പൊന്നാനിക്ക്. ഇവിടുത്തെ പള്ളികളിൽ നിന്ന് ഒരേ സമയം വിവിധ ഈണങ്ങളിലുള്ള ബാങ്കുവിളികൾ ഉയരുമ്പോൾ കേൾക്കുന്നവരുടെ മനസ്സിൽ വല്ലാത്തൊരു അനുഭൂതിയാണ് നിറയ്ക്കുന്നത്. റമളാൻ രാവുകളിൽ പല സ്ഥലങ്ങളിൽനിന്നും വരുന്നവർക്കായി തുണിത്തരങ്ങളുടെയും, സുഗന്ധ ദ്രവ്യങ്ങളുടേയുമൊക്കെ കച്ചവടം പൊടി പൊടിക്കുന്ന സമയം. ഇതിൽ എടുത്തുപറയേണ്ടത് പൊന്നാനിയുടെ ഭക്ഷണത്തെപ്പറ്റിയാണ്. മുട്ടപ്പത്തൽ, മുട്ടസുർക്ക, പൊരിച്ച പത്തിരി, കോഴിയട അങ്ങനെ എണ്ണിയാൽ തീരാത്ത പലഹാരങ്ങളും, അതിലേക്ക് ബീഫ്, ചിക്കൻ, മട്ടൻ, മീൻ മുതലായവയുടെ വിവിധതരം കറികളുമൊക്കെയായി റമളാൻ രാത്രികളുടെ മൊഞ്ച് കൂട്ടുകയാണ് പൊന്നാനിക്കാർ. ഒരിക്കൽ വന്നാൽ വീണ്ടും വീണ്ടും വരാനുള്ള രുചി മന്ത്രവും, സ്നേഹമന്ത്രവും ഒരുമിച്ചാണ് അവർ നമുക്ക് വിളമ്പിത്തരുന്നത്. ഈ രാത്രികളിൽ ഒരിക്കലെങ്കിലും ഒന്ന് പോകണം നമ്മുടെ പൊന്നാനിയിലേക്ക്. എന്നിട്ട് അറിയണം നമ്മുടെ സ്വന്തം പൊന്നാനിയെ.

- മഹാകവി ഞാൻ -