...

16 views

രാത്രി
പാടത്തെ പണികഴിഞ്ഞെത്തിയ
യപ്പൂപ്പൻ മേലൊന്നു കഴുകി നെറ്റിത്തടത്തിൽ
വെണ്ണിലാ ചാർത്തി മുറ്റത്തെത്തി.
അകത്തുള്ളുഷ്ണം താങ്ങവയ്യാതെ
മുറ്റമധ്യത്തിലിട്ടു തൻ പഴയ കട്ടിൽ.
ഒരാശ്വാസത്തിനായൊന്നു നടുനിവർത്തി
കിടന്നപ്പൂപ്പനരികിലേക്കോടിയെത്തി
തൻ പുന്നാര കൊച്ചുമകൻ.
ആകാശം നോക്കി ഓർമ്മകൾ
അയവിറക്കുന്ന അപ്പൂപ്പനോട്
ചോദിച്ചു കൊച്ചുമകൻ, എന്തിതു മാനം നോക്കി ചിന്തിച്ചു കിടക്കുന്നതെൻ പൊന്നപ്പൂപ്പാ..
ഒരു മന്ദഹാസത്തോടെ തൻ
ഓമനയെ മാറോടു ചേർത്തു കൊണ്ട് പറഞ്ഞു ഞാനെൻ കുട്ടിക്കാലമോർത്തുപോയി കുഞ്ഞേ.
തിണ്ണയിൽ കത്തുന്ന മണ്ണെണ്ണ
വിളക്കിൽ വെളിച്ചം ആ കൊടും തമസ്സ്
അതിൽ അലിയിച്ചിരുന്നു. ഞങ്ങൾ ജേഷ്ഠാനുജന്മാരഞ്ചു പേർ
വീട്ടുമുറ്റത്ത് നെയ്ത്തോല വിരിച്ച് വാനം നോക്കി കിടന്നിരുന്നോമലേ.
ഒഴുകുന്ന കാറ്റിൻ കുളിർമയിൽ
ഞങ്ങളന്നു നക്ഷത്രങ്ങൾ തൻ ലാവണ്യം കണ്ടിരുന്നു!
എന്നാൽ ഇന്നു പുണരുന്ന കാറ്റിൽ എനിക്കത് കാണാൻ കഴിയുന്നതുമില്ല.
വീടിനു മുൻപിൽ കത്തുന്ന വൈദ്യുത
വെളിച്ചത്തെ അലിയിക്കാനാവാതെ ദുഃഖിതയാവുന്നു തമസിന്നേരം.
ആസ്വാദകരില്ലാത്ത നക്ഷത്രമേ നീ
ഒരു പവർകട്ടിനായി കാത്തിരിക്കുന്നു.
രാത്രിതൻ പവിത്രതയെ ഇല്ലാതാക്കുന്നു നിങ്ങളുടെ പരിഷ്കാരതന്ത്രങ്ങൾ.