...

12 views

കാട്ടു പൂക്കൾ


തൊടിയിലെ വഴികൾക്കരികിലായ് നിൽക്കുന്ന
തൊടുകുറിയായെന്റെ കാട്ടുപൂവ്.
ഒരു നോക്കു കണ്ടപ്പോൾ ഒരു നറും പുഞ്ചിരി ,
നേരിന്റെ ബാഷ്പമായ് എന്നിൽ വന്നു.
മുറ്റത്തു നിൽക്കുന്ന ചെത്തി ചെടികൾക്ക്
പറ്റേ നാം ജീവജലം നൽകിടും
ഒരു തുള്ളി ജലമെനിക്കാരും കൊടുത്തില്ല,
ഒരു മാത്ര ഞാനുമതോർത്തു പോയി.
ചുറ്റിലുമുള്ള പാഴ്ചെടികൾക്കിടയിലായ് ,
പറ്റി വളർന്നെന്റെ ബാല്യകാലം.
അന്നെന്നെയാരും തിരിഞ്ഞു നോക്കുന്നില്ല
വന്നതു നിഷ്ഫലമെന്നുതോന്നി.
കത്തിജ്വലിക്കുന്ന വേനലു കണ്ടപ്പോൾ
മൊത്തമായ് ഞാനെന്റെ നാശം കണ്ടു.
എന്നിട്ടും ഞാനൊട്ടും തളരുന്നില്ല
കുന്നുപോൽ പൊങ്ങിയെൻ മോഹങ്ങളും.
വെല്ലുവിളി ഞാനങ്ങറ്റെടുത്തു ,
തെല്ലെനിക്കൂർജ്ജം പകർന്നു കിട്ടി.
ഒന്നല്ല പത്തിലധികം പൂക്കൾ
നല്ലൊരു ഓമന മക്കളായി.
കാട്ടിൽ വിരിയുന്ന എന്നെയാരും
കൂട്ടത്തിൽ നോക്കാതിരുന്നപ്പോഴും,
കുട്ടികൾ കണ്ടപ്പോളെന്നെ നോക്കി
കൂട്ടമായ് സ്നേഹം പകർന്നു തന്നു.
കണ്ടെത്തുമെന്നെയാകൂട്ടുകാർ എന്നും
കണ്ടു ഞാൻ ദൈവത്തിൻ മക്കളായി.

സുരേഷ് കുമാർ പുന്നാട്