...

2 views

മൗനസംവാദം / സുനി സോമരാജൻ
നിൻ്റെ മൗനം ചേക്കേറിയ
ചില്ലയിൽ പൂവിട്ട
സ്നേഹരേണുക്കളാൽ
അറിയുന്നു ഞാനിന്നൊരു
അജ്ഞാതതുരുത്തിൻ
കനത്ത നിശ്ശബ്ദത!

പ്രകാശതുരുത്തെല്ലാം
തമോഗർത്തത്തിലൊളിപ്പിച്ച്
നീ ചീന്തിയെറിഞ്ഞ
നിലാക്കുളിർമ്മയിൽ
ഞാനൊരു കിനാക്കൂട്ടിൽ തടവിലായി!

നിൻ മൂകത വിതച്ച
അശാന്തിയിൽ
ഞാനൂർന്നിറങ്ങിയ മുനമ്പിൻ
സാഗരഗർജ്ജനത്തിൽ
കാടിൻ കൂരിരുൾ താണ്ടി
ഞാനെത്തിയ ഗഹനതാഴ്‌വാരത്തിൽ,
സ്വപ്നത്തേരിൽ പറന്നുയർന്ന
ഗഗന വീഥിയിൽ, ഞാനതിൻ
തീവ്രഭാവത്തെ തൊട്ടറിഞ്ഞ്
ആയിരം ചെരാതുകളാല-
ലംകൃതമാം അടിവാരത്തിൻ
നിശ്ചലദൃശ്യം പോൽ നിൻ
പ്രണയപ്രഭാവത്തിൻ പൊൻ-
വെളിച്ചമിന്നേത് ചെപ്പിലൊളിപ്പിച്ചു നീ?

എൻ്റെയാത്മരാഗത്തിൻ
പൂമ്പൊടിയാൽ
മേലെ വിണ്ണിലും വിരിഞ്ഞു
നക്ഷത്രപൂത്താലം;
മൗനം തേടും വനാന്തര-
തമോഗഹ്വരങ്ങളിൽ പൂത്തുലഞ്ഞു
വസന്തമെന്നിട്ടും നിലാവും
നിഴലുമില്ലാത്ത മഹാപ്രളയമായി
തമസ്സിലോ പ്രകാശത്തിലോ
നമ്മളലിഞ്ഞുചേർന്നു!!!

© PRIME FOX FM