...

2 views

അസ്തമയമില്ലാത്ത ജീവന്റെ നാൾവഴികൾ / നിഥിൻകുമാർ പത്തനാപുരം
പെയ്തൊഴിഞ്ഞ മഴയിലൊഴുകിപ്പോയ
ഓർമകളുടെ തിരകൾ പലതും
പിന്തിരിഞ്ഞു നോക്കി.
വരണ്ടുണങ്ങിയപാളിയിലൊന്നു നോക്കി.
രോമങ്ങൾ കിളിർക്കാത്ത, നനവില്ലാത്ത
മൺകട്ടകളിനിയില്ല!

ആദ്യത്തെ തീമഴയിൽ കരിഞ്ഞ
നാമ്പുകളിനിയും വാനം കാണും.
ഒടുക്കം വരെയും
അമൃതവർഷത്തിനായി കാത്തിരുന്നു;
വരണ്ട ചുണ്ടിലേക്കൊരിറ്റ്
നനവ് പടരുമെന്ന് കൊതിച്ചു.

പിടയുന്ന ഹൃദയത്തിന്റെ താളം
നുണയാനും രുചിക്കാനും
ഇറച്ചിപിടിയന്മാരേറെ നേരമിരുന്നു.
ഏതോ മണൽകാടുകളിൽ വെന്തു
ജീവിച്ചൊരുവന്റെ ചുട്ടുപൊള്ളിയാ
കരളും ഹൃദയവും കണ്ടും.

ഇന്നലെയുടെ കാത്തിരിപ്പിന്റെ
പ്രതീക്ഷകൾ അസ്തമിച്ചപ്പോഴും
രാവൊടുങ്ങി പുലരി വിരിയുമെന്നും
മൺകട്ടകൾ അലിഞ്ഞുതുടങ്ങുമെന്നും
വിത്തുകളിതളുകൾക്ക് ജന്മം
നൽകുമെന്നും, വാനം കാണുമെന്നും
കണ്ണുനീരിന്റെ ഉപ്പുരസമില്ലാത്ത
വർഷം പെയ്യുമെന്നുമുറച്ചിരുന്നു.

മണൽക്കാടുകൾ
പച്ചവിരിച്ചു മഴവില്ലുപോലെ
പൂവിടുമെന്നും, മധുരം തുളുമ്പും
കനികൾ തേടി അകലങ്ങളിൽ നിന്നും
അനേകം പറവകൾ ജീവിതം തേടി
വരുമെന്നും, പുഴയൊഴുകും വഴിയേ
ജീവിതം വിടർന്നും സുഗന്ധം
പടർത്തുമെന്നും
ഇന്നലയുടെയൊടുവിൽ
പ്രതീക്ഷിച്ചിരുന്നു.

ഇന്ന് പെയ്തൊഴിഞ്ഞ മഴയെന്റെ
പ്രതീക്ഷയാണ്, പുഞ്ചിരിയാണ്!
വാനം വീണ്ടും ഇരുണ്ടുമൂടി തുടങ്ങി!!!

© PRIME FOX FM