കളിതോഴൻ
ചന്തത്തിലുള്ളൊരാ കളിവീടു മേഞ്ഞു നാം
കളിച്ചു ചിരിച്ചങ്ങു നടന്ന കാലം
പങ്കുവെച്ചേകി നീ മാമ്പഴമൊന്നതു
മുഴുവനായങ്ങു ഞാൻ തട്ടിയെടുക്കവെ
കോപത്താലെന്നെ നീ നുള്ളിയെന്നാലും
ചിണുങ്ങിക്കരഞ്ഞൊരെന്നെ നോക്കി
മാമ്പഴം മുഴുവനായേകി നീ പുഞ്ചിരിച്ചു
പൂക്കളാൽ കറികളും മണ്ണുകൊണ്ടപ്പവും
ഉണ്ടാക്കി നാമന്നു രസിച്ചതല്ലേ
പാവയതു കുഞ്ഞാവയാക്കി നാം
അച്ഛനായമ്മയായ് മാറിയ നാളുകൾ
പൂമാല രണ്ടും പരസ്പരമിട്ടു നാം
കല്യാണം കളിച്ചതുമോർമ്മയില്ലേ?
കാർമേഘമണഞ്ഞൊരാ മാനത്തെ മൂടവെ
മഴകൊണ്ടാമോദം പൂണ്ടു നമ്മൾ...