...

7 views

കവിത
പ്രിയ കവിതേ ..!!!
പെരുമഴയിൽ കൈക്കുടന്നയിലേയ്ക്ക്,
ഇറ്റു വീണൊരു ചെറുമഴത്തുള്ളി.
മഴയൊഴിഞ്ഞ മാനത്ത് വിരിഞ്ഞ,
ഏഴ് വർണ്ണമോലും വാർമഴവില്ല്.

ജീവിതനൈരാശ്യതയിൽ,
പ്രതീക്ഷയായ് തെളിയുന്നൊരു നാളം.
രാവിലൊരു പ്രിയസ്വപ്നമായ്,
മനതാരിൽ വിടരുന്നൊരു മലര്.

ഏകാന്തതയിൽ തോളോട് ചേർന്നിരുന്ന്,
കിന്നാരം പറയുന്നൊരു സൗഹൃദം.
വേദനയിൽ സ്നേഹമാം ചുണ്ടമർത്തി,
സുഖമേകുന്നൊരു തോഴി.

പുലരിയിലൊരു സുന്ദരഗാനമായ്,
ചുണ്ട് മൂളുന്നൊരീണം.
മെല്ലെ വീശുന്ന മാരുതനിലും,
ഒഴുകിയെത്തുന്ന സൗരഭം.

കണികണ്ടാൽ ആ ദിനം മുഴുവൻ,
സന്തോഷത്താൽ നിറയുന്നൊരു സൗഭഗം.
കാണാതിരുന്നാൽ അകമേ,
നൊമ്പരമായ് വിങ്ങുന്നൊരു ശോകം.

കിളികൂജനങ്ങളിൽ പോലും,
ചിത്തം തേടുന്നിത് നിത്യം.
കാണാൻ കൊതിച്ചാൽ പിന്നെ,
ഉള്ളം പിടയുന്നു സത്യം.

ചിരിയിൽ എനിക്കെന്തിഷ്ട്ടം,
ആ ചിലങ്കകിലുക്കം.
കണ്ണുനീരിലാണെങ്കിൽ പോലും,
ചുണ്ടിൽ വിടർത്തുന്നു പുഞ്ചിരി.

കാതിൽ ചൊല്ലും മൊഴികൾ പോലും,
രോമാഞ്ചമെന്നിൽ ഉണർത്തുന്നു മെല്ലെ.
എത്രയേറെ പ്രിയതരമെന്നിനിയും പറയാം,
അത്രമേലിഷ്ട്മാണെനിക്ക് നിന്നോടെന്റെ പ്രിയ കവിതേ