...

6 views

നിങ്ങൾ വരുമ്പോൾ
നിങ്ങൾ വരുമ്പോൾ
കസവുടയാടകൾ അണിഞ്ഞുവരണം
തലയിൽ പൂചൂടി
സുഗന്ധദ്രവ്യങ്ങൾ പൂശണം

എന്റെ മുഖം തുണികൊണ്ട് മൂടരുത്
സാംബ്രാണി പുകയ്ക്കരുത്
എണ്ണിപ്പെറുക്കി കരയരുത്
എനിക്കത് ശ്വാസംമുട്ടുണ്ടാക്കും

എന്റെ നന്മയെ വാഴ്ത്തരുത്
സ്വഭാവ മഹിമയെ പുകഴ്ത്തരുത്
എന്റെ മക്കളോടെന്നെ കുറിച്ച് മിണ്ടരുത്
എനിക്ക് ചുറ്റും മൂകമായിരിക്കരുത്

എന്റെ തിന്മകളെക്കുറിച്ചു ചർച്ച ചെയ്യൂ
എന്നിലെ പോരായ്മയെ പഴിക്കൂ
ജീവിച്ചിരുന്നിരുന്നെങ്കിലും പ്രയോജനമൊട്ടുമുണ്ടാകില്ല
എന്നുറക്കെ പ്രഖ്യാപിക്കൂ

എന്നിലില്ലാതിരുന്ന നന്മ ചാർത്തി തരാതിരിക്കുക
അവസാനം പൊതിയുമ്പോൾ അത്തർ കുടയാതിരിക്കുക
എന്റെ സ്വഭാവമെന്നിൽ ചൊരിയുന്ന
സുഗന്ധമത് മതിയെനിക്ക്

എന്നെ വെറുക്കുക
എന്നെ മറക്കുക
കബറിങ്കൽ വെയ്ക്കുമ്പോൾ
ഒരു പിടി മണ്ണെറിയുക

എന്റെ മഞ്ചൽ തോളിലേറ്റുമ്പോൾ
എന്റെ ശരീരഭാരത്തെക്കുറിച്ചു പരസ്പരം പറഞ്ഞു ചിരിക്കുക
ഒറ്റയ്ക്കുറങ്ങാൻ ഒടുവിൽ പോകും മുന്നേ
ഞാനുമതൊന്ന് കേട്ട് നിശബ്ദയായി ആർത്ത് ചിരിക്കട്ടെ !!
© sabi