...

3 views

സ്വപ്നം
ആകാശപടവുകൾ നമുക്കൊന്നിച്ചു കയറണം
നിശാകരനെന്നും കാണിച്ചു കൊതിപ്പിക്കുന്ന
വെണ്ണിലാവിന്റെ പുതപ്പെടുത്തു മൂടണം

നക്ഷത്രത്തുഞ്ചത്ത് ഞാണൂയലാടണം
എന്നിട്ടവിടിരുന്നു താഴേക്കുനോക്കി
അറിയാവുന്നിടങ്ങൾ തിരഞ്ഞു
നേരം കഴിക്കണം

മടുക്കുമ്പോൾ ചെങ്കുത്തായ കുന്നുകളുടെ
മുകളിൽ പൂത്തുനിൽക്കുന്ന
അപൂർവപുഷ്പങ്ങളെ നോക്കിനിന്ന്
അവയുടെ സുഗന്ധത്തെ ഉള്ളിലേക്കാവാഹിക്കണം

എന്നും താഴെ നിന്ന് നോക്കുമ്പോൾ
ആകാശത്തെവിടെയോ ഉണ്ടെന്ന്
മനസ്സിനെ ധരിപ്പിച്ചിരുന്ന പ്രിയപ്പെട്ടവരവിടെയെവിടെയെങ്കിലുമുണ്ടോ എന്ന് തിരയണം

മേഘപഞ്ഞിക്കെട്ടിൽ കയറി റോന്തടിക്കണം
മഞ്ഞിന്റെ മറവിൽ ഒളിച്ചു കളിക്കണം
കളിയുടെ ഒടുവിൽ ആരും എന്നെ കാണാത്ത തരത്തിൽ ദൂരേക്ക് നടക്കണം

എന്നെ കാണാതെ നീ ഭയക്കരുത്
എന്നുമുള്ള കളിക്കൊടുവിൽ നിന്നെ
അത്‍ഭുതപ്പെടുത്താൻ എത്തുന്ന പോലെ
തിരികെ വരുമെന്ന് കരുതി നീ പടവുകകളിറങ്ങണം

ഞാനിവിടെ നക്ഷത്രകൂട്ടങ്ങൾക്കിടയിൽ
പറന്നു നടന്നോട്ടെ!!!