...

13 views

എന്താണ് പ്രണയം
നിലാവാണ് പ്രണയമെന്ന്
നീ പറഞ്ഞു
നിലാവില്ലാത്ത രാത്രിയിൽ
പ്രണയം ഇല്ലാതാകില്ലേ എന്ന് ഞാനും

മഴ പോലെയാണെന്ന് നീ
പ്രളയത്തിൽ മുക്കിയാഴ്ത്തുമോ
അതോ വരൾച്ചയിൽ
മറക്കുമോ എന്ന് ഞാൻ

കൊടുങ്കാറ്റ് പോലെ തീവ്രമെന്ന് നീ
ചുഴലിയായി മാറുമ്പോൾ
എന്നെ കൊണ്ട് പോയി ദൂരേക്ക്
തള്ളുമോ എന്ന് ഞാൻ

കടലോളം എന്ന് നീ
കടലായാൽ അന്തമില്ലെങ്കിലും
അഗാധതയിലേയ്ക്ക് പോകും തോറും
ശ്വാസം കിട്ടാതാകില്ലേ എന്ന് ഞാനും

പ്രണയം ചുക്കാണെന്ന് നീ
ആവശ്യമില്ലാത്ത ഉപമകൾ ചേർത്ത്
ചുക്കിനും ചുണ്ണാമ്പിനും
കൊള്ളാതാക്കരുതെന്ന് ഞാനും!