...

13 views

തനിച്ചാണു ഞാൻ

ശിഖരങ്ങളിൽത്തട്ടിത്തൂവും തുള്ളി പോലെ
ഓർമ്മകൾ നീരാടും ഇടനെഞ്ചിലെപ്പോഴും
കലാലയ പടികൾ തൻ
നിറമുള്ള ചിത്രങ്ങൾ
മായാതെ എന്നും എന്നിലുണ്ട്
കോളേജ് വരാന്തയിൽ
ജനലഴികളിലൂടെ ഇനിയെൻ കണ്ണുകൾ തിരയ ഒന്നതാരെയാണ്?
ഏടുകളിൽ കണ്ണോടിക്കുമ്പോഴും
ഹൃദയം തുടിക്കുന്നതാർക്കുവേണ്ടി?
ഇടവേളകളിൽ പോലും കേൾക്കാൻ കൊതിക്കുന്ന ശബ്ദം ഇല്ലേ?
മുദ്രാവാക്യങ്ങളാൽ ചുമരുകൾ
വിറയ്ക്കുമ്പോഴും ഉള്ളിലെ തീ
ആർക്കു വേണ്ടി?
സഖാവിൻ്റെ കൂടെ ഞാനുണ്ട്
എന്നു പറയാതെ വയ്യ എങ്കിലും ...
തണൽ മരവീഥിയിൽ നിഴലിൻ്റെ
പാളിയായ് വീശുന്നതാരെയാണ്?
അമ്മ തൻ പൊതിച്ചോറ് പങ്കിട്ടു
നൽകുന്നതാർക്കൊപ്പമായ്?
സൗഹൃദ സ്നേഹം സ്വപ്നമായ്
മാറുമ്പോൾ കയ്പുനീരായി മാറിടുന്നു നെഞ്ചകം
ഇനിയൊരു കാലത്തേക്കായി വിടരുന്ന പുഷ്പങ്ങൾ വാടി വീഴുമോ എന്നൊരു തോന്നൽ മാത്രം
ശിശിരകാലത്തിൻ്റെ യാമത്തിൽ പൊഴിയുന്ന ഇലകൾ ബാക്കിയായി...
കൊറോണയുടെ കരാള ദംഷ്ട്രങ്ങളാൽ മുരടിച്ചു പോകുമോ ആ കലാലയ പൂമരം
ആരും അറിയാതെ തേങ്ങുന്നു ആ പൂമരം
വിതുമ്പലിൻ പ്രതിധ്വനി മാത്രം
പൊട്ടിച്ചിരികളില്ല പ്രണയ രാഗങ്ങളില്ല
തനിച്ചാണാ പൂമരം ആ കലാലയ പൂമരം

© Akhila Jayadevan