...

2 views

അധ്യാപകദിനം


ഓര്‍ക്കുന്നു ഞാനിന്നു എന്‍ പ്രിയ ഗുരുക്കളെ
അറിവിന്‍െറ പടികള്‍ കൈപിടിച്ചുകയറ്റിയോരെ
വിദ്യയെന്‍ നാവില്‍ കുറിച്ചോരു നാള്‍ തൊട്ടു അറിയാന്‍ തുടങ്ങി ഞാന്‍ വാക്കുകളെങ്കിലും
വിദ്യാലയത്തിന്‍ പടി ചവിട്ടിയനാള്‍ തൊട്ടു അറിയാന്‍ തുടങ്ങി അക്ഷരപൊരുളുകളും
ഗുരുക്കള്‍ പകര്‍ന്നേകി ചിന്തകള്‍ സ്വപ്നങ്ങള്‍ സ്നേഹാക്ഷരങ്ങള്‍ മധുരമാം മൊഴികളാല്‍
ഉണ്ടെത്രഗുരുക്കന്മാര്‍ അവര്‍ പകര്‍ന്ന വാക്കുകള്‍
അക്ഷരജ്വാലയായ് മനസ്സിലിന്നും നിറയുന്നു
ദൈവത്തിന്‍ പ്രതിപുരുഷരല്ലയോ അവരെന്നും
അറിവിന്‍െറ അക്ഷയ ഖനികള്‍ തുറന്നവര്‍
സരസ്വതീ കടാക്ഷം ആവോളം നുകര്‍ന്നവര്‍
പുതു പുതു ലോകങ്ങള്‍ കാണിച്ചു തന്നവര്‍
സത്യവും ധര്‍മ്മവും സാഹോദര്യവും
വക്ഷസിലേറ്റി പകര്‍ന്നുനല്കിയോര്‍
ശാസ്ത്രവും ദൈവവും സാഹിത്യമാകിലുംമിന്നിതിളങ്ങിടും ഗുരു തന്‍ വാക്കുകളില്‍
പുതു സൗരഭ്യം പോലവ പരിലസിക്കും
ചുറ്റിലും കുരുന്നുകള്‍ക്ക് നവ പന്ഥാവുകള്‍ വെട്ടിടും
ഓര്‍ക്കുന്നു ഞാനെന്‍ ഗുരുക്കളെ ആകയാല്‍
ആ ഗുരുത്വമല്ലോ എന്‍ വഴിവിളക്കായ് തെളിവതും
ഓര്‍ക്കുന്നു ഞാനോരോ വഴികളും
അവയില്‍ ഗുരുകടാക്ഷം നിറഞ്ഞ നിമിഷാര്‍ത്ഥ ചിത്രവും
എങ്ങും ജ്വലിക്കട്ടെ ഗുരുക്കള്‍ തന്‍ കടാക്ഷങ്ങള്‍
ആ സദ്ഗുരു കടാക്ഷത്താല്‍ പൂരിതമാകട്ടെ നാടെങ്ങും അധ്യാപക ദിനം

നന്ദകുമാര്‍ ചൂരക്കാട്
,