...

8 views

ബീഡി സമ്മാനിച്ച അടി
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം. ആ ദിവസം സ്കൂളിൽ ഞങ്ങടെ ശാസ്ത്ര അധ്യാപകൻ പുകവലിയെകുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെകുറിച്ചും വിശദമായി പറഞ്ഞു തന്നു.. വളരെ ശ്രദ്ധയോടെ നല്ലകുട്ടിയായി എല്ലാം കെട്ടിരിക്കുകയായിരുന്ന എന്റെ മനസ്സിലേക്ക് ബാപ്പയുടെ കാരൃം ഓടിയെത്തി. എത്ര സിഗരറ്റും ബീഡിയുമാണ് ബാപ്പ ഒരു ദിവസം വലിച്ചു തള്ളുന്നത്. ഓർത്തപ്പോൾ പേടി തോന്നി. അപ്പോഴാണ് സാറിന്റെ വക ഒരു ഉപദേശം, " നിങ്ങൾ ആരും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കരുത്. നിങ്ങളുടെ വീട്ടിൽ ആരെങ്കിലും ഉപയോഗിക്കുന്നുണ്ട് എങ്കിൽ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കണം."
സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ഒരു ശപഥം ചെയ്തു,' ബാപ്പെടെ പുകവലി എങ്ങനേലും അവസാനിപ്പിക്കണം. എന്നെ കൊണ്ട് അതിനു പറ്റും'... സ്വയം ഒരു super hero feel ൽ ഞാൻ വീട്ടിലേക്ക് നടന്നു..
വീട്ടിലെത്തി ഡ്രസ്സ് മാറാൻ പോലും നിൽക്കാതെ നേരെ ബാപ്പേടെ മേശയ്ക് അരികിലേക്ക് നടന്നു... മേശവലിപ്പ്‌ തുറന്നു.4...5 പാക്കറ്റ് ബീഡിയും 2..3 പാക്കറ്റ് സിഗരറ്റും അടുക്കി വെച്ചിരിക്കുന്നു... അങ്ങനെ ബാപെടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ആ വില്ലന്മാരെ ഓരോന്നായി നശിപ്പിക്കാൻ ഞാൻ തയ്യാറായി.. ഓരോ പാക്കറ്റ് ബീഡിയായി എടുത്ത് കഷ്ണം കഷ്ണമാക്കി ജനലിൽ കൂടി പുറത്തേക്ക് എറിഞ്ഞു... ബീഡി നശിപ്പിച്ച് കഴിഞ്ഞപ്പോൾ സിഗരറ്റിന്റെ നേരെ തിരിഞ്ഞു.. ഒരു പാക്കറ്റ് സിഗരറ്റും നശിപ്പിച്ചു. ഓരോന്നും കഷ്ണമാക്കി എറിയുമ്പോൾ ഞാൻ എന്തോ വലിയൊരു കാര്യം ആണ് ചെയ്യുന്നത് എന്ന് കുഞ്ഞുമനസ്സിൽ അഹങ്കരിച്ചു.. ഒരെണ്ണം ബാക്കി വെച്ചു... അത് ബാപ്പയെ ഉപദേശിച്ചിട്ട്‌ ബാപ്പെടേ മുമ്പിൽ വെച്ച് നശിപ്പിക്കാൻ ആയിരുന്നു plan... അങ്ങിനെ ബാപ്പ സ്കൂൾ കഴിഞ്ഞു വരുന്നതും കാത്ത് ഞാൻ ഇരുന്നു....
ബാപ്പ വന്നു നേരെ മേശയ്ക്കടുത്തേക്ക്‌ പോകുന്നത് കണ്ട ഞാൻ ഒരു കള്ളച്ചിരിയോടെ ഞാൻ ചെയ്ത നന്മകളിൽ സ്വയം അഭിമാനിച്ച്‌ ബാപ്പയുടെ പ്രതികരണം അറിയാൻ കാത്തു നിന്നു... മേശവലിപ്പ് തുറന്ന ബാപ്പയുടെ മുഖം മാറുന്നത് ഞാൻ കണ്ടൂ.. ദേഷ്യത്തോടെ ആയിരുന്നു ചോദ്യം" ഇതിനകത്ത് വെച്ച ബീഡിയോക്കെ എവിടെ? ആരാ എടുത്തത്?" അൽപം ഭയം എന്റെ മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി എങ്കിലും ധൈര്യം കാണിച്ചു ഞാൻ പറഞ്ഞു," ബാപ്പ ഇതൊക്കെ വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം ആണ്... ഇന്ന് ഞങ്ങളെ സ്കൂളിൽ പഠിപ്പിച്ചതാണ്... ഇതിനകത്ത് ഉള്ളതെല്ലാം ഞാൻ എടുത്ത് നശിപ്പിച്ചു. ഇതും കളഞ്ഞെക്കാം.. ഇനി ബാപ്പ ഇതൊന്നും ഉപയോഗിക്കണ്ട.." എന്ന് പറഞ്ഞ് ബാക്കി ഉള്ളത് എടുക്കാൻ കൈ നീടുന്നതിന് മുൻപ് എനിക്ക് കിട്ടി നല്ല പൊന്നീച്ച പറക്കുന്ന അടി... ബാപ്പ അപ്പോ എന്തെകിലും പറഞ്ഞോ എന്ന് പോലും ഞാൻ ഓർക്കുന്നില്ല... അടിയുടെ വേദനയും സങ്കടവും കാരണം ഞാൻ കരഞ്ഞു കൊണ്ട് പുറത്തേയ്ക്ക് ഓടിപ്പോയി. എപ്പോൾ എന്റെ കുഞ്ഞു മനസ്സിൽ ഒരു ചോദ്യം ബാക്കി നിൽകുകയായിരുന്നു ." തെറ്റ് ചെയ്താൽ അല്ലേ ശിക്ഷ കിട്ടേണ്ടത്.. ഞാൻ നല്ലൊരു കാര്യം അല്ലേ ചെയ്തത് .. എന്നിട്ടും...."
അങ്ങിനെ മുതിർന്നവരെ ഉപദേശിക്കാൻ ശ്രമിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഞാൻ അന്ന് മനസ്സിലാക്കി. പിന്നീട് 7 വർഷങ്ങൾക്ക് ശേഷം ഹൃദയാഘാതം വന്ന ശേഷമാണ് ബാപ്പ പുകവലി നിർത്തിയത്. എന്നാലും ആ ബീഡിക്കെട്ടുകൾ കാരണം എനിക്ക് കിട്ടിയത് വല്ലാത്ത അടിയായിപ്പോയി.. ലഹരികൾ ഉപയോഗിക്കുന്നവർക്ക് സ്നേഹ വാത്സല്യങ്ങൾക്ക്‌ മുകളിലാണ് എപ്പോഴും അവ എന്ന് ഞാൻ അന്ന് മനസ്സിലാക്കി...😊

© NIMM