...

5 views

ജീവിതവും ജന്മബന്ധങ്ങളും
രാമൻ പറയുകയായിരുന്നു, രാഘവേട്ടന്റെ പറമ്പിലെ പ്ലാവിന്റെ ഇലകൾ കരിഞ്ഞു തുടങ്ങി. എന്താ തൊടിയിലെ കുളത്തിലെ വെള്ളമെല്ലാം പറ്റിയോ.
രാമാ എന്തു പറയാനാ.എത്ര ചൂടാണ് ഈ വേനലിൽ അനുഭവപ്പെടുന്നത്. ഒരു മഴ പോലും പെയ്യുന്നില്ല. ഇക്കണക്കിന് മരങ്ങൾ എല്ലാം ഉണങ്ങുമെന്നു തന്നെയാണ് തോന്നുന്നത്.
ഇത് ശ്രദ്ധിച്ചു കൊണ്ട് പ്ലാവിൽ രണ്ട് സുഹൃത്തുക്കളായ പുഴുക്കൾ ഇരുന്നിരുന്നു. ജനിച്ച കാലം മുതൽ മനുഷ്യരുടെ സംസാരങ്ങൾ പതിവായി കേൾക്കുന്നതിനാൽ ഇവർക്ക് സംസാരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് എന്തെന്നറിയുവാൻ കാതോർത്തു. പുളി മരത്തിലെ ഇല ഭക്ഷിച്ചു ജീവിക്കുന്ന മിന്നുപുഴുവും, പ്ലാവിലകൾ മാത്രം ഭക്ഷിച്ചു പ്ലാവിൻ മരത്തിൽ കഴിയുന്ന പ്രാഞ്ചി പുഴുവും ആയിരുന്നു അവർ. മരത്തിനു താഴെ രാമനും രാഘവനും കൂടി സംസാരിക്കുന്നത് പുഴുക്കൾ കേട്ടു മനസ്സിലാക്കി.

പ്രാഞ്ചി പുഴു വളരെ സങ്കടത്തിലായി. തന്റെ ജീവിതം അവസാനിച്ചു തുടങ്ങിയെന്ന് തോന്നുന്നു. എന്തൊരു ചൂട്. ഈ അവസ്ഥ തുടർന്നാൽ പ്ലാവിലയെല്ലാം കരിഞ്ഞുണങ്ങി പോകും. പിന്നെ ഭക്ഷണമായുള്ള പ്ലാവില കിട്ടാതെയാകും. മറ്റ് ഇലകൾ ഭക്ഷിക്കാൻ കഴിയാത്ത തന്റെ ജീവിതം അതോടെ അവസാനിക്കുകയും ചെയ്യുമെന്ന് പ്രാഞ്ചി പുഴു പറഞ്ഞു നിർത്തി.
ഇത് കേട്ട് മിന്നു പുഴുവും വളരെ സങ്കടത്തിലായി. തന്റെ കൂട് കെട്ടിയിട്ടുള്ള പുളിമരത്തിന് കാര്യമായ ദോഷമൊന്നും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് ജീവിതത്തിന് തടസ്സമൊന്നും ഇല്ലെന്നു പറയാം.
എന്നാൽ ആത്മാർത്ഥ സുഹൃത്തായ പ്രാഞ്ചി പുഴുവിന്റെ അവസ്ഥ ചിന്തിക്കാൻ കൂടി മിന്നു പുഴുവിന് കഴിഞ്ഞില്ല. പ്രാഞ്ചി ഇനി എന്ത് ചെയ്യും. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥ. എങ്കിലും പ്രാഞ്ചിയെ സമാധാനിപ്പിക്കണമെന്ന് തീരുമാനിച്ചു.

എന്റെ പൊന്നു പ്രാഞ്ചു നീ വിഷമിക്കാതിരിക്കൂ. ദൈവം എന്തെങ്കിലും ഒരു വഴി കാണിക്കാതിരിക്കില്ല. ഇത്രയും പറഞ്ഞ് വിഷമം ഉള്ളിലൊതുക്കി ക്കൊണ്ട് അടുത്തുള്ള മരക്കൊമ്പിൽ കൂടി സഞ്ചരിച്ച് പുളിമരത്തിലെ ഇലകൾക്കിടയിലെ കൂട്ടിലെത്തി ദു:ഖിച്ചിരുന്നു. ആ ഇരുപ്പിൽ മയങ്ങിയുറങ്ങിയതറിഞ്ഞില്ല. രാവിലെ കാക്ക കരയുന്നത് കേട്ടാണ് ഉണർന്നത്. രാത്രിയിൽ ഭക്ഷണമൊന്നും കഴിക്കാതിരുന്നതിനാൽ വയറ് വല്ലാതെ ഒരു കാളൽ അനുഭവപ്പെടുന്ന പോലെ തോന്നി. അടുത്ത കൊമ്പിലുള്ള തളിരിലകൾ ഭക്ഷിച്ച് സുരക്ഷിതമായ ഒരു കൊമ്പിൽ ഇരുന്ന് പ്രാഞ്ചിയുടെ കാര്യം ചിന്തിക്കുകയായിരുന്നു. ആലോചിക്കുന്തോറും സങ്കടവും വരുന്നുണ്ട്. പെട്ടെന്നാണ് മനസ്സിലൊരു ബുദ്ധി ഉദിച്ചത്.
അമാന്തിച്ചില്ല, ഉടനെ പ്രാഞ്ചി പുഴുവിന്റെ അടുത്തേക്ക് യാത്രയായി. വളരെ നേരം ഓരോരോ കൊമ്പുകളിൽ കൂടി ഇഴഞ്ഞ് ഒരുവിധം പ്ലാവിന്റെ കൊമ്പിലെത്തി പ്രാഞ്ചിയുമായി കണ്ടുമുട്ടി.
എന്താ മിന്നു നീ വല്ലാതെ വിയർത്തിട്ടുണ്ടല്ലോ.എന്തു പറ്റി നിനക്ക്.
എന്റെ പ്രാഞ്ചി നിന്നെ രക്ഷിക്കാനുള്ള ഒരു ഉപായം ദൈവം തന്നെ എനിക്ക് കാട്ടിയെന്നു തന്നെയാണെന്റെ വിശ്വാസം. അത് നിന്നോട് പറയുവാൻ ഞാൻ ഓടി വന്നതാണ്.
എന്നാൽ ഒന്നു വേഗം എന്നോട് പറയൂ. മിന്നുക്കുട്ടീ കേൾക്കാൻ വളരെ ആശ തോന്നുന്നു.
പ്രാഞ്ചിയോട് കാര്യം മിന്നു പറയാൻ തുടങ്ങി. ഞാൻ പറയുന്നത് നീ ശ്രദ്ധിക്കണം. ഇന്ന് മുതൽ നീ പ്ലാവിലുള്ള പച്ചിലകളിൽ കുറച്ചെണ്ണം വീതം മുറിച്ച് മരത്തിന് താഴെ ഇടണം.അപ്പോൾ നിന്റെ ജീവൻ രക്ഷിക്കാനുള്ള വഴി നിനക്ക് തന്നെ മനസ്സിലാകും. ഞാൻ പറയുന്നത് നീ മടി കൂടാതെ അനുസരിച്ചേ മതിയാകൂ.

ഇതു കേട്ടപ്പോൾ പ്രാഞ്ചിക്ക് ആകെ മന:പ്രയാസമായി. കൂടാതെ ഭയവും തോന്നി തുടങ്ങി. മരത്തിലുള്ള പച്ചിയില കൂടി മുറിച്ചിട്ട് തീർന്നു പോയാൽ തന്റെ സ്ഥിതി എന്താകുമെന്ന് ആലോചിക്കുകയായിരുന്നു. കുറച്ച് ദിവസം കൂടി ജീവിക്കുവാനുള്ള അവസരവും ഇല്ലാതാകുമോ. എങ്കിലും മിന്നു ഒരിക്കലും തന്നെ ചതിക്കില്ല എന്നുള്ള വിശ്വാസമുണ്ടായിരുന്നു. ജന്മമെടുത്ത കാലം മുതലുള്ള ചങ്ങാത്തമാണ് ഞങ്ങൾ ഇരുവരും തമ്മിലുള്ളത്. കൂട്ടുകാരിയുടെ വാക്കുപോലെ എന്തായാലും പ്രവർത്തിക്കുവാൻ പ്രാഞ്ചി പുഴു തീരുമാനിച്ചു. തുടർന്ന് കുറേശ്ശെ പച്ചയിലകൾ മരത്തിന് താഴെയായി മുറിച്ചിട്ടുകൊണ്ടിരുന്നു.

കുറെ കഴിഞ്ഞപ്പോൾ മരത്തിന്നടിയിൽ പശുക്കളുടെ ശബ്ദം കേട്ട് താഴേക്ക് നോക്കി.അതാ പശുക്കളും, ആടുകളും വന്ന് നിന്ന് പ്ലാവില തിന്നുകയാണ്. ഇതിനിടയിൽ മൃഗങ്ങൾ മൂത്രമൊഴിക്കയും ചാണകമിടുകയും ചെയ്യുന്നതു കണ്ടു. തുടർച്ചയായി ദിവസവും ഇതാവർത്തിച്ചുകൊണ്ടിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്ലാവിൻ തണ്ടുകളിൽ പുതിയ മുകുളങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ദിവസങ്ങൾ പോകുന്തോറും പ്ലാവിന്റെ കൊമ്പുകളിൽ ഇലകൾ വലുതായി തുടങ്ങി. മിന്നു പുഴുവിന്റെ ബുദ്ധിയാണ് ഈ നന്മയുണ്ടാകുവാൻ ഇടയാക്കിയത് എന്നതിൽ പ്രാഞ്ചി പുഴുവിന് അവളോട് വളരെ അഭിമാനം തോന്നി. മിന്നു വന്നപ്പോൾ പ്രാഞ്ചി ഈ ഉപകാരത്തിന് നന്ദി പറഞ്ഞു.
മിന്നു പറഞ്ഞു, എൻെറ പൊന്നു പ്രാഞ്ചു നീ കണ്ടില്ലേ. ഇതിന് മുമ്പ് ഇത്രയേറെ പശുക്കളും, ആടുകളും ഇവിടെ വന്നിരുന്നുവോ. അവയാണെങ്കിൽ ദാഹിക്കുമ്പോൾ ദൂരെ കുളങ്ങളിലോ വീടുകളിലോ പോയി വെള്ളം കുടിക്കുന്നവയല്ലേ. അവയ്ക്ക് പ്ലാവില വളരെയധികം ഇഷ്ടപ്പെട്ട ഭക്ഷണവുമാണ്. അതിനാൽ താഴെ പച്ചിലകൾ കാണുമ്പോൾ വളരെ സന്തോഷം കൊണ്ടാണ് ഇത്രയും പശുവും ആടുകളും വന്നത്.അതുകൊണ്ട് തന്നെ അവയുടെ മൂത്രവും ചാണകവും നമ്മുടെ ജീവിതം നൽകിയ ഈ മരങ്ങളെയും ഒപ്പം നമ്മുടെ ജീവിതത്തെയും രക്ഷ നേടാൻ സഹായിച്ചത്. മറ്റു മരങ്ങളിൽ നിന്നുള്ള ഇലകൾ ഉണങ്ങിയല്ലേ നിലത്ത് വീഴുന്നുള്ളു. അത് തന്നെയാണ് നമുക്ക് ഇത്രയേറെ ഗുണം ചെയ്തത്. നാം ജീവജാലങ്ങളും അറിഞ്ഞോ അറിയാതെയോ ഒന്ന് മറ്റൊന്നിനെ സഹായിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുതന്നെയാണ് ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിത ധർമ്മവും ഭൂമിയുടെ നിലനിൽപ്പിന്റെ ആധാരം തത്വവും.

ഏത് പ്രതിസന്ധികളിലും സങ്കടപ്പെടാതെ സ്വയം ബുദ്ധിപൂർവ്വം ചിന്തിച്ച് പ്രവർത്തിച്ചാൽ നമുക്ക് നന്മ ലഭിക്കുമെന്നുള്ള അറിവ് പ്രാഞ്ചി പുഴുവിന് ബോദ്ധ്യമായി.
ഇതിൽ നിന്ന് എല്ലാവർക്കും ഒരു ഗുണപാഠം ആയിട്ട് " ഒരു ജീവിക്ക് അല്ലെങ്കിൽ മനുഷ്യന് നാം ചെയ്യുന്ന ഉപകാരം മറ്റൊരു രീതിയിൽ നമുക്കും ലഭിക്കും " എന്ന അറിവ് ലഭിക്കുകയാണ് ചെയ്യുന്നത്.
________
സലിംരാജ് വടക്കുംപുറം

© Salimraj Vadakkumpuram