...

6 views

വീഴ്ച
തലയോട്ടി പിളരുന്ന വേദനയായിരുന്നു അവൾക്ക്. കണ്ണുകൾ തുറന്നു പിടിച്ചിട്ടുണ്ട്, പക്ഷേ, കാഴ്ചകൾ മങ്ങിയിരിക്കൂന്നു. ചുറ്റും ഒച്ചപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും തന്നെ വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നില്ല. തനിക്ക് എന്താ പറ്റിയതെന്ന് ചിന്തിച്ചെടൂക്കാൻ തന്നെ കുറച്ച് സമയം വേണ്ടി വന്നു അവൾക്ക്. അതേ, ആ വീഴ്ചയിൽ സംഭവിച്ചതാണ് ഈ മുറിവുകളും വേദനയും എല്ലാം......
അവളുടെ ഓർമ്മകൾ കുറച്ച് പുറകോട്ട് പാഞ്ഞു..... കളിച്ചുല്ലസിച്ച് പ്രകൃതിയോട് ചേർന്ന് വളർന്നു വരുന്ന കാലം തൊട്ട് അച്ഛൻ അവൾക്ക് മനോഹരമായ ലക്ഷ്യം ചൂണ്ടിക്കാണിച്ചു കൊടുത്തു. അത് അവൾ അപ്പോൾ നിൽക്കുന്ന സ്ഥാനത്ത് നിന്നും ഒരുപാടകലെയായിരുന്നൂ. 'ജീവിത ലക്ഷ്യം' എന്ന് പറഞ്ഞു ചൂണ്ടിക്കാണിച്ച ഉയരങ്ങളിലേക്ക് അവൾ നോക്കി നിന്നപ്പോൾ അവിടെ എത്തിച്ചേരാൻ വേണ്ട കഠിനാധ്വാനത്തെ പറ്റിയും അവിടെ എത്തിച്ചേർന്നാൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചും അച്ഛൻ അവളോട് വിവരിച്ചു.
പതിയെ പതിയെ അവളുടെ ജീവിതം ആ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള കഠിനാധ്വാനത്തിൽ ഒതുങ്ങി... ചുറ്റുമുള്ള വർന്നപ്പകിട്ടാർന്ന ലോകം പിന്നെ അവൾ കണ്ടില്ല. പ്രകൃതിയുടെ സംഗീതം അവൾ കേട്ടില്ല.. അനുസരണയുള്ള നല്ല കുട്ടിയായി അവൾ ആ വലിയ സ്വപ്നത്തിന് വേണ്ടി ഒരു ചെറിയ ലോകത്തിലൊതുങ്ങി. അച്ഛൻ കാണിച്ച വഴികളിലൂടെ മുൻപോട്ട് നടന്നു നീങ്ങി. ദിവസം കഴിയുന്തോറും അവളും ലക്ഷ്യവും തമ്മിലുള്ള അകലം കുറഞ്ഞു വരികയായിരുന്നു...
ഇനി ലക്ഷ്യത്തിൽ എത്തിച്ചേരാൻ കുറച്ച് ദൂരം മാത്രം.... അപ്രതീക്ഷിതമായി എല്ലാം മാറി മറിഞ്ഞു..... ഇനി മുകളിലേക്ക് പോകണ്ട എന്നും പറഞ്ഞു അച്ഛൻ അവളുടെ വഴി തടയുകയും പുതിയൊരു വഴി കാണിച്ചു കൊണ്ട് അതിലെ പോയാൽ മതി എന്ന് ആജ്ഞാപിക്കുകയും ചെയ്തു. ഒന്നും മനസ്സിലാവാതെ നിസ്സഹായതയോടെ അവൾ അയാളെ നോക്കി .. അവൾ തൻ്റെ ലക്ഷ്യം ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു:" എൻ്റെ ലക്ഷ്യം അതല്ലേ. പിന്നെ ഞാൻ എന്തിന് ഈ വഴി പോകണം. എൻ്റെ ലക്ഷ്യത്തിൽ എത്തിയ ശേഷം ഞാൻ ആ വഴി തെരഞ്ഞെടുത്തോളാം" . തുടർന്ന് എന്തെങ്കിലും പറയും മുൻപ് അവളെ ലക്ഷ്യത്തിലേക്ക് നയിച്ച കൈകൾ തന്നെ അവളെ തള്ളിയിടുകയായിരുന്നു ആ ഘർത്തത്തിലേക്. പിന്നെ അറിഞ്ഞത് വീഴ്ചയിലെ ആഘാതമാണ്. പിന്നെ ഒന്നും ഓർമ്മയില്ല. ഓർമ്മ വന്നപ്പോൾ ഈ അവസ്ഥയിലാണ്. കടലോളം ശക്തിയും ആഴവും ഉള്ള തനിക്ക് ഇതെന്ത് പറ്റി എന്ന് ആലോചിച്ച് കൊണ്ട് ആ വീഴ്ചയിൽ നിന്ന് എഴുന്നേൽക്കാൻ ഉള്ള ശ്രമം അവൾ തുടർന്നു കൊണ്ടേയിരുന്നു....
© NIMM