...

7 views

ജീവൻ മുറുകെ പിടിക്കുന്നവർ… !
ജീവൻ മുറുകെ പിടിക്കുന്നവർ… !
——————————————————————-=

നമുക്ക് എല്ലാർക്കും “മനസ്സ് ” എന്നൊന്ന് ഉണ്ട്. ആ മനസ്സിന് മുറിവുകൾ ഉണ്ടായാൽ എന്ത് ചെയ്യും? സാധാരണ നമ്മുടെ ശരീരത്തിന് അസുഖം വന്നാല് നമ്മളെന്ത് ചെയ്യും.? ഹോസ്പിറ്റലിൽ പോകും… ഡോക്ടറെ കാണും… മരുന്ന് വാങ്ങും… കഴിക്കും.. അസുഖം മാറും. ഇല്ലേ? അതേപോലെ വയ്യാതെ ആവുന്നത് നമ്മുടെ മനസ്സ് ആണെങ്കിൽ???

അല്ലാ.. ഈ മനസ്സിന്റെ വയ്യായ്ക ന്ന് വെച്ചാൽ അതെന്താ? എനിക്ക് അറിയുന്നത് പറയട്ടെ…., ചിലരിൽ അത് കാരണങ്ങൾ കൊണ്ട് ഉണ്ടാകും… ചിലരിൽ അവർക്ക് പോലും കണ്ടെത്താൻ കഴിയാത്ത കാരണങ്ങൾ കൊണ്ട് ഉണ്ടാകും.

നമുക്ക് ഇഷ്ടപ്പെട്ടതോ പ്രിയപ്പെട്ടതോ ആയ എന്തോ.. ഏതോ…, അത് ജീവൻ ഉള്ളത് ആവാം ജീവനില്ലാത്തത് ആവാം (സ്വപ്‌നങ്ങൾ, ആഗ്രഹങ്ങൾ, ജോലി അങ്ങനെ എന്തും )…അത് പെട്ടെന്നങ്ങ് നമ്മൾ പോലും ചിന്തിക്കാത്ത നേരം നഷ്ടപ്പെടുകയാണ്. ഉൾക്കൊള്ളാൻ കഴിയാത്ത വിധം സങ്കടം വന്ന് നമ്മളെ മൂടും. മ്മടെ മനസ്സ് ഒരായിരം കാര്യങ്ങളിലേക്ക് കാട് കേറും. മ്മടെ മനസ്സ് രണ്ട് രീതിയിൽ നമ്മളോട് സംവദിച്ച് കൊണ്ടേയിരിക്കും. ഒന്ന്.., അത് നമ്മളോട് നീയത് മറന്ന്.. അത് വിട്ട്.. മുന്നോട്ട് പോവാൻ പറയും. രണ്ട്…, അത് നമ്മളോട് നിനക്ക് ആരുമില്ല.. നിനക്ക് സ്വന്തമായി ഒന്നുമില്ല.. നീ ഇനി തനിച്ചാണ് എന്നൊക്കെയുള്ള നെഗറ്റീവ് പറഞ്ഞ് കൊണ്ടേയിരിക്കും. ഇതിൽ നമ്മൾ നമ്മുടെ ശ്രദ്ധ ഏതിലേക്ക് കൊടുക്കുന്നോ… അല്ലെങ്കിൽ ഈ രണ്ടെണ്ണത്തിൽ ഏത് നമ്മളെ കൂടുതലായി അതിലേക്ക് വലിച്ചടിപ്പിക്കുന്നോ.. അതായിരിക്കും പിന്നെ നമ്മൾ.

ഇതിൽ നെഗറ്റീവ് ചിന്തകളിലേക്ക് ആകർഷിക്കപ്പെടുന്ന നമ്മളിലേക്ക് വിഷാദം എന്ന അവസ്ഥ മെല്ലെ തുടങ്ങുകയായി.

വിഷാദത്തിന്റെ പോക്ക് ഇങ്ങനെയാണ്… ആദ്യം ഉള്ളാകെ സങ്കടങ്ങളുടെ ഒരു പെരുമഴയാണ്. മെല്ലെ മെല്ലെ ഒരു ശൂന്യത വന്ന് നിറയും. കൂട്ടത്തിൽ നിന്നാലും തനിച്ചായത് പോലെ തോന്നിത്തുടങ്ങും.ഹൃദയത്തിനകത്ത് ഒരു ഭാരം ഫീലാവും. കൂടുതൽ അപകടാവസ്ഥയിലേക്ക് മനസ്സ് നടന്ന് തുടങ്ങും. വിശപ്പ് മാഞ്ഞുപോകും… എപ്പോഴും കിടക്കാൻ തോന്നും… മനസ്സിന്റെ ക്ഷീണം ശരീരത്തിലേക്കിറങ്ങി വിശ്രമം തേടി ബെഡിലേക്ക് നമ്മൾ ചുരുണ്ടുകൂടും. ഉറങ്ങാൻ അനുവദിക്കാതെ മനസ്സ് നമ്മളെ ഓർമ്മകൾ കൊണ്ട് ശല്യപ്പെടുത്തും. അപ്പോഴും നമ്മുടെ ഹൃദയം ഒരു സ്നേഹത്തെ തിരയുന്നുണ്ടാവും… കൈകൾ ഒരു ചേർത്ത് പിടിക്കലിനെ പ്രതീക്ഷിക്കുന്നുണ്ടാവും … കാതുകൾ ഒരു പിൻവിളിയെയോ ഒരു ആശ്വാസവാക്കിനെയോ കൊതിക്കുന്നുണ്ടാവും…നമ്മളെ അറിയാത്ത ഒരാളിൽ നിന്നു പോലും.

സ്വയം വീണ്ടെടുക്കാൻ കഴിയാത്ത മനസ്സുമായി നമ്മൾ ഉറക്കെ നിലവിളിക്കും… തൊണ്ടയിൽ നിന്നും പുറത്ത് വരാനാവാതെ ആ കരച്ചിൽ നിശബ്ദതയിലാണ്ട്‌ പോകും. ചിലപ്പോൾ മനസ്സിന്റെ താളം തെറ്റിയേക്കും. അല്ലെങ്കിൽ മനസ്സ് നമ്മളോട് ഒരു വഴി പറയും രക്ഷപെടാൻ… ‘മരണം’ എന്ന വഴി പറഞ്ഞ് തരും. അതെ… വിഷാദത്തിന്റെ ഏറ്റവും ഭയാനകമായ നിമിഷം അതാണ് . മരണവും ജീവിതവും മനസ്സിൽ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കും. ജീവിതം മരണത്തെ തോൽപ്പിച്ചാൽ നമ്മൾ തിരികെയെത്തും… മറിച്ചാണെങ്കിൽ…., നാം തിരികെ വരാനാവാത്തിടത്തേക്ക് യാത്രയായിട്ടുണ്ടാവും.

എല്ലാ മനുഷ്യനിലും മനസ്സിന് അത്തരമൊരു തലം ഉണ്ട്. സ്വയം ആ അവസ്ഥയെ നമ്മുടെ മനസ്സിന്റെ നിയന്ത്രണത്തിൽ നിർത്താൻ കഴിയാതെ വരുമ്പോൾ അത് വിഷാദത്തിലേക്ക് തിരിയുന്നു. മനസ്സിന് ഏൽക്കുന്ന ക്ഷതങ്ങൾ… മുറിവുകൾ.. വേദനകൾ.. അവയെ സുഖപ്പെടുത്താൻ സ്വയം കഴിയുന്നില്ലെങ്കിൽ നമുക്ക് മറ്റൊരാളുടെ സഹായം തേടാം. അതിനെ ഒരു അപകർഷതാ ബോധമായി കാണേണ്ടതില്ല. ക്ഷമയോടെ നമ്മളെ കേൾക്കാൻ കഴിയും എന്ന് നമുക്ക് ഉറപ്പുള്ള ആരോടും ആ അവസ്ഥ പങ്കുവെക്കാം. ഇനി അങ്ങനെ കേൾക്കാൻ ഒരാൾ ഇല്ലെങ്കിൽ… കേൾക്കുന്ന ആൾക്കും അതിനെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ നമുക്ക് ഉറപ്പായും ഒരു സൈക്കോളജിസ്റ്റിനെ തേടാം. സമൂഹം എന്ത് കരുതും എന്നോ.. ഭ്രാന്ത് എന്ന പേര് കിട്ടുമെന്നോ ഭയന്ന് നാം ഒരു ഡോക്‌ടറുടെ സഹായത്തെ വേണ്ടെന്ന് വെച്ചാൽ അത് നമ്മളെത്തന്നെ നഷ്ടപ്പെടുത്തിയേക്കും. ഭ്രാന്ത് ന്ന് പറഞ്ഞപ്പോൾ ആണ് ഒരു കാര്യം അതേ കുറിച്ച് അഭിപ്രായപ്പെടാൻ ആഗ്രഹിച്ചു പോകുന്നത്…, മ്മടെ വൈക്കം മുഹമ്മദ്‌ ബഷീർ പറഞ്ഞത് പോലെ… ‘ഭ്രാന്ത് വരാൻ ഒരു യോഗ്യത ഒക്കെ വേണം ന്നേ ‘…അതിപ്പോ കാലിൽ ചങ്ങല ഇടുന്ന ഭ്രാന്ത് ആയാലും ശരി. ഭ്രാന്ത് ഉണ്ടാവുക നല്ലൊരു ഹൃദയവും മനസ്സും ഉണ്ടായിരുന്നവർക്കല്ലേ… അവരുടെ മനസ്സ് നിഷ്കളങ്കമായിരുന്നിരിക്കണം… ഹൃദയം നിറയെ ആത്മാർത്ഥ സ്നേഹം നിറഞ്ഞിരുന്നിരിക്കണം.. അവർ എന്തിനെയോ… ഏതിനെയോ തന്നേക്കാളേറെ സ്നേഹിച്ചിരുന്നിരിക്കണം… അവരോളം യോഗ്യതയുള്ളവർ വേറെ ആരാണ്. അപ്പോൾ ഭ്രാന്ത് എന്ന വാക്കിനെ സ്നേഹത്തോട് ചേർത്ത് വെക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.

കടുത്ത വിഷാദത്തിലേക്ക് എത്തും മുൻപ് വിഷമങ്ങളെ സ്വയം തരണം ചെയ്യാൻ നമുക്ക് മുൻപിൽ ഒരുപാട് വഴികൾ ഉണ്ടെന്ന് കൂടി പറയട്ടെ. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളിലേക്ക് നമുക്ക് മനസ്സിനെ തിരിക്കാൻ ശ്രമിക്കണം… പാട്ട്, യാത്ര, വിനോദങ്ങൾ അങ്ങനെ നമുക്കിഷ്ടമുള്ള എന്തിലേക്കും ആവാം. കടലിനെ നോക്കിയിരിക്കാം… ആകാശം കാണാം… കാറ്റും കൊണ്ട് ഒരല്പ ദൂരം നടക്കാം.. അങ്ങനെ എന്തും നമ്മുടെ മനസ്സിനെ തണുപ്പിക്കുന്നതിലേക്ക് ഇറങ്ങിച്ചെല്ലണം.

വിഷാദം… അത് അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന അവസ്ഥയാണ്. വിശദീകരണങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും ആ അവസ്ഥയെ മുഴുവനായും പറഞ്ഞറിയിക്കാൻ അതിലൂടെ കടന്ന് പോകുന്നവർക്ക് കഴിഞ്ഞുവെന്ന് വരില്ല.

നമുക്ക് ചുറ്റുമുള്ളവരോട്.. നമ്മുടെ പ്രിയപ്പെട്ടവരോട് ഇടയ്ക്കെങ്കിലും ‘ നീ ഓകെ ആണോ ‘ എന്നൊരു ചോദ്യം ചോദിക്കാൻ നമുക്കാവണം. ചിലപ്പോ അവർ കള്ളം പറഞ്ഞ് ഒഴിഞ്ഞു മാറുന്നുണ്ടാവും… അല്ലേൽ ഓകെ അല്ലെന്ന് തുറന്ന് പറഞ്ഞേക്കാം. അവർ ഓകെ അല്ലെന്ന് നമുക്ക് മനസ്സിലായാൽ.., വിട്ടേച്ച് പോയേക്കരുത്… മോട്ടിവേറ്റ് ചെയ്തേക്കണം.. മനസ്സ് കൊണ്ട് ചേർത്ത് പിടിച്ചേക്കണം… തനിച്ചല്ലെന്ന ഫീൽ അവരിൽ നിറയ്ക്കും വിധം നിഴൽ പോലെ കൂടെ ഉണ്ടായിരിക്കണം. നമ്മുടെ വാക്കുകൾ അവർക്ക് ആശ്വാസം ആകുന്നില്ലെങ്കിൽ നമ്മിലെ ഒരു ശ്രദ്ധ അവരിൽ കൊടുത്തേക്കണം. ഇങ്ങനെ നിങ്ങൾക്ക് അവരെ സഹായിക്കാൻ കഴിഞ്ഞാൽ ഒരു ജീവൻ നിങ്ങൾ രക്ഷിച്ചെടുത്ത് കൊണ്ടിരിക്കുകയാണ് സുഹൃത്തേ. ആക്സിഡന്റ് പറ്റുന്നൊരാളെ രക്ഷിക്കാൻ നമ്മളോടാറില്ലേ.. കണ്ണ് കൊണ്ട് നമ്മൾ അയാളുടെ ശരീരത്തിനേറ്റ മുറിവുകൾ കാണുന്നോണ്ടല്ലേ. അത് പോലെ മനസ്സ് തകർന്ന ഒരാളെ അറിയാൻ..രക്ഷിക്കാൻ.. മനസ്സ് കൊടുത്ത് അയാളെ കാണണം… കേൾക്കണം… അതിനാവണം നമുക്ക്.

അറിഞ്ഞോ അറിയാതെയോ ലൈഫിൽ നമ്മൾ ആരെയൊക്കെയോ അങ്ങനെ രക്ഷിക്കുന്നുണ്ടെന്നേ… പോകാൻ വെമ്പുന്ന ഒരു ജീവൻ നമ്മളങ്ങനെ പിടിച്ച് ഇവിടെ നിർത്തുന്നുണ്ടെന്നേ..,

Be that healer… be that love..be that care…, because.. there a life becomes save.

©Aswany S Nandan

(no copyrights... this write-up already i published in my blog site.. Thank you❤️)