...

8 views

പണ്ട് പണ്ട് അമ്മാവൻ പറഞ്ഞ കഥ
സ്കൂൾ അടച്ചാൽ അമ്മയുടെ വീട്ടിൽ പോവുകയും അവിടെ ഒഴിവ് കാലം കഴിഞ്ഞു തിരിച്ചു പോരുകയും ചെയ്യുന്ന പതിവുണ്ട്. അങ്ങിനെയുള്ള ഒരു ചെറുപ്പകാലത്ത് അമ്മാവൻ പറഞ്ഞ ഒരു കഥയാണ് ഇത്.
ഒരിടത്ത് രാജാവിന്റെ ഭരണകാലത്ത് ഒരു ഗ്രാമത്തിൽ മുത്തശ്ശനും മുത്തശ്ശിയും താമസിച്ചിരുന്നു. ഇവർക്ക് കുട്ടികൾ ഇല്ലായിരുന്നു. കാലങ്ങൾ വളരെ കഴിഞ്ഞപ്പോൾ ആ വഴി വന്ന ഒരു സന്യാസിവര്യൻ അവരെ കാണുകയും ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പ്രാർത്ഥനകളും പൂജകളും നടത്തിയ ശേഷം ഒരു കുട്ടി ജനിക്കുകയും ചെയ്തു. കുട്ടിക്ക് മായാണ്ടി എന്ന് പേരിട്ടു. കുട്ടി വളരുന്തോറും അവന് ഭക്ഷണം വളരെയധികം കൊടുക്കേണ്ട അവസ്ഥയായി. സാധാരണ കുട്ടികളെപ്പോലെയല്ല ഇവർക്ക് ജനിച്ച കുഞ്ഞിന്റെ വളർച്ചയിലും ഭക്ഷണകാര്യത്തിലും സംഭവിച്ചത്. മുതിർന്ന ആളുകൾ കഴിക്കുന്നതിന്റെ രണ്ട് ഇരട്ടി ഭക്ഷണം വേണ്ട രീതിയിൽ കാര്യങ്ങൾ തുടർന്നു. അഞ്ച് വയസ് വരെ ഒരുവിധം കുട്ടിയെ സംരക്ഷിച്ചു. ഇനി ഈ വൃദ്ധരായ മാതാപിതാക്കൾക്ക് കുട്ടിയെ വളർത്താൻ ബുദ്ധിമുട്ട് ആയതിനാൽ കുട്ടിയെ മറ്റാർക്കെങ്കിലും കൊടുത്താലോ എന്ന് ആലോചിച്ചു. വിവരം കുട്ടിയെ പറഞ്ഞു മനസ്സിലാക്കി.
കുറച്ച് നേരം ആലോചിച്ചു കൊണ്ട് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. അച്ചനും അമ്മയും വിഷമിക്കേണ്ട കാര്യമില്ല. ഞാൻ ഒന്ന് നാടുകൾ ചുറ്റിയ ശേഷം കുറച്ച് നാൾ കഴിഞ്ഞ് തിരിച്ചു വരാം. അതിന് ശേഷം നിങ്ങൾക്ക് വേണ്ടതായ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം. ഇനി എന്നെയോർത്ത് വിഷമിക്കേണ്ട . എനിക്ക് പോകുമ്പോൾ കുറച്ച് നെയ്യപ്പം ഉണ്ടാക്കി തരണം എന്ന് പറഞ്ഞു. നെയ്യപ്പം മായാണ്ടിക്ക് വളരെയധികം ഇഷ്ടപ്പെട്ട പലഹാരമായിരുന്നു.
അതിനാൽ അമ്മ പത്തിരുപത് നെയ്യപ്പം ഉണ്ടാക്കി ഒരു സഞ്ചിയിൽ ആക്കി കൊടുത്തു.
മകൻ പോകുന്നത് വളരെ വിഷമത്തോടെ നോക്കി നിന്നു. എവിടെയാണ് പോകുന്നത് എന്ന് പോലും അറിയാതെ മനസ് സങ്കടപ്പെട്ടു. കാലങ്ങൾ കാത്തിരുന്നു കിട്ടിയ മകന്റെ കാര്യത്തിൽ വലിയ വിഷമം തോന്നി.
മായാണ്ടി നാലഞ്ച് ദിവസം നടന്നു നടന്നു കയ്യിലുള്ള നെയ്യപ്പവും കിട്ടുന്ന വെള്ളവും കഴിച്ച് കാഴ്ചകൾ കണ്ട് രസിച്ചും മലകളും കാടുകളും കടന്ന് ഒരു സമതലപ്രദേശത്ത് എത്തിച്ചേർന്നു. അവിടെ ഒരു മരത്തിന്റെ കീഴിൽ രാത്രി കഴിച്ചു കൂട്ടാൻ തീരുമാനിച്ചു. ക്ഷീണം കൊണ്ട് അല്പം മയങ്ങി. കണ്ണു തുറന്നു നോക്കിയപ്പോൾ ഇരുട്ട് ഏറെയായി. കയ്യിലെ വിളക്ക് കത്തിച്ചു വച്ച് സഞ്ചിയിൽ നിന്നും നെയ്യപ്പം രണ്ട് എണ്ണം എടുത്ത് കയ്യിൽ വച്ചു. ഏത് തിന്നണം എന്ന് ആലോചിച്ചു. വലുത് തിന്നണമോ ചെറുത് ആദ്യം തിന്നണമോയെന്ന് സ്വയം പറഞ്ഞ് നെയ്യപ്പം നോക്കി. ഇതിനിടയിൽ ആമരത്തിന്റെ മുകളിൽ എന്തൊക്കെയോ ശബ്ദം കേട്ടു. ഇത് കേട്ട് മായാണ്ടി വിളക്ക് അണച്ചു. അപ്പോഴേക്കും അയ്യോ ഞങ്ങളെ തിന്നരുതേ ഞങ്ങളെ തിന്നരുതേ എന്ന ശബ്ദം കേട്ടു.
എന്ത് ഇവിടെ ആരാ സംസാരിച്ചത് എന്ന് ഭയമുണ്ടെങ്കിലും മായാണ്ടി ഉച്ചത്തിൽ ചോദിച്ചു.
ആ മരത്തിന്റെ മുകളിൽ ഭൂതങ്ങൾ ഇരുന്ന് വിറക്കുന്നതും ഇലകൾ അനങ്ങുന്നതും കണ്ടു.
മായാണ്ടി ആണെങ്കിൽ നല്ല ഉയരവും തടിയും ഉള്ള പയ്യനാണ്.
അതിനാൽ അവനെ കണ്ട് ഭൂതങ്ങൾ ഭയന്നു. സാധാരണ മനുഷ്യർ ആരും ഇങ്ങനെ തനിയെ വന്ന് ഇവിടെ ശയിക്കുകയില്ല. അത് തന്നെയാണ് ഭൂതങ്ങളും ചിന്തിച്ചത്.
മായാണ്ടിയുടെ ചോദ്യം കേട്ട് ഭൂതങ്ങൾ പറഞ്ഞു. ഞങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങൾ താങ്കൾക്ക് വളരെ നന്മയുള്ള ഒരു കുടുക്ക തരാം. എന്ത് വേണമെങ്കിലും കുടുക്കയോട് ചോദിച്ചാൽ മതി. അങ്ങിനെ ഭൂതങ്ങൾ കൊടുത്ത കുടുക്ക എടുത്ത് സഞ്ചിയിൽ ഇട്ട് മെല്ലെ ഇരുട്ടിൽ അവിടന്ന് നടന്നു. കുറെ നടന്നപ്പോൾ ഒരു ജനവാസമുള്ള സ്ഥലത്തെത്തിച്ചേർന്നു. അവിടെ ഒരു കടവരാന്തയിൽ കിടന്നുറങ്ങി. അപ്പോഴേക്കും നേരം വെളുത്തു. മായാണ്ടി യാത്ര തുടർന്നു. ഒരിടത്ത് എത്തിയപ്പോൾ ഒരു പ്രായമായ സ്ത്രീ ദുരേക്ക് നോക്കി നിൽക്കുന്നത് കണ്ടു. അവർ വല്ലാതെ ക്ഷീണത്തിൽ ആണെന്ന് തോന്നി അടുത്തു ചെന്ന് കാര്യം തിരക്കി. രണ്ട് ദിവസം ആയി പട്ടിണിയും വിശപ്പുമായി കഴിയുന്നു. ഭർത്താവ് എന്തെങ്കിലും വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞു പോയതാണ്. വളരെ നേരമായി കാത്ത് നില്ക്കുന്നു. ഇത് കേട്ട് വിഷമം തോന്നിയ മായാണ്ടി അവരെയും കൂട്ടി അവരുടെ വീട്ടിൽ ചെന്നു. നിങ്ങൾ ഇനി വിഷമിക്കേണ്ട കാര്യമില്ല. എല്ലാത്തിനും ഞാൻ വഴിയുണ്ടാക്കാം എന്ന് പറഞ്ഞു. അപ്പോഴേക്കും വീട്ടുകാരിയുടെ ഭർത്താവും വീട്ടിൽ വന്നു ചേർന്നു. കയ്യിൽ കുറച്ച് അരിയും ഉണ്ടായിരുന്നു.
എങ്കിലും മായാണ്ടി അവരോട് തൽക്കാലം ഭക്ഷണം ഉണ്ടാക്കേണ്ട എന്ന് പറഞ്ഞു. രണ്ട് പേരും കുളിച്ച് വൃത്തിയായി വരുവാൻ പറഞ്ഞു. അവർ അത് അനുസരിച്ച് കുളിച്ച് വൃത്തിയായി വന്നു. രണ്ട് പേരും മായാണ്ടിയും ഒരു പായയിൽ ഇരുന്നു. മായാണ്ടിയുടെ കയ്യിലിരുന്ന സഞ്ചിയിൽ നിന്നും ഭൂതങ്ങൾ കൊടുത്ത കുടുക്ക എടുത്ത് പായയിൽ വച്ച് മായാണ്ടി പറഞ്ഞു, ഇടുകുടുക്കേ ചോറും കറികളും വാഴയിലയിൽ നിറവേകി. ഉടനെതന്നെ കുടുക്ക ഉരുണ്ടു തുടങ്ങി. വീട്ടുകാരുടെ മനസ്സു നിറഞ്ഞു ഭക്ഷണം കഴിച്ചു. എല്ലാവരും ഉറങ്ങാൻ കിടന്നു.
രാത്രി വൃദ്ധരായ ദമ്പതികളുടെ ചിന്തകളിൽ കുടുക്ക എങ്ങനെയെങ്കിലും കൈവശപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു.
രാവിലെ ഉണർന്ന് കടുക്ക ഉപയോഗിച്ച് ധാരാളം പണവും എടുക്കുകയും വീട്ടുകാർക്ക് കൊടുക്കുകയും ചെയ്തു.
കുളിക്കുവാൻ അടുത്തുള്ള ഒരു നദിയിൽ വീട്ടുടമസ്ഥൻ മായാണ്ടിയെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. കുളി കഴിഞ്ഞ് തിരിച്ചു വന്ന് സഞ്ചി എടുത്ത് നാട്ടിലേക്ക് തിരിച്ചു. വീണ്ടും നടന്നു നടന്നു വഴികൾ താണ്ടി ഒരുവിധം നാട്ടിൽ എത്തി. അച്ഛനെയും അമ്മയെയും കാണാൻ വളരെ ആകാംക്ഷയോടെ വീട്ടിൽ വന്നു. മകനെ കണ്ട് അമ്മയും അച്ഛനും കെട്ടി പിടിച്ചു ആലിംഗനം ചെയ്തു. നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു. ഭക്ഷണത്തിന്റെ കാര്യത്തിൽ നമുക്ക് ഇനി ബുദ്ധിമുട്ട് ഇല്ല എന്നുള്ള വിശ്വാസത്തിൽ വൈകിട്ട് കുടുക്ക എടുത്ത് പായയിൽ വച്ച് ഭക്ഷണം ആവശ്യപ്പെട്ടു. കുടുക്ക യാതൊരു അനക്കവും ഇല്ലാതെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് താൻ പറ്റിക്കപ്പെട്ടു എന്ന് ബോധ്യമായത്.
ഏതായാലും നാളെ ഞാൻ പോയി കാര്യങ്ങൾ കണ്ട് പിടിച്ച് തിരിച്ചു വരാം. രാവിലെ തന്നെ തന്റെ കയ്യിലുള്ള രണ്ടു മൂന്നു നെയ്യപ്പവുമായി മായാണ്ടി യാത്ര തുടർന്നു. നടന്നു നടന്നു വഴികൾ താണ്ടി ഭൂതങ്ങൾ ഇരിക്കുന്ന മരത്തിനടിയിലെത്തി. രാത്രി ആയപ്പോൾ ഭൂതങ്ങൾ പതിവ് പോലെ മരത്തിൽ വന്നുചേർന്നു.
ഈ സമയം മായാണ്ടി ഉച്ചത്തിൽ വലുത് തിന്നണോ ചെറുത് തിന്നണോ എന്ന് പറഞ്ഞു. ഭൂതങ്ങൾ ഇത് കേട്ടു. അയ്യോ ഇനിയും വന്നുവോ. ഞങ്ങളെ ഉപദ്രവിക്കരുത് എന്ത് വേണമെങ്കിലും കുടുക്കയോട് ചോദിച്ചാൽ തരുമല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്.
അപ്പോൾ മായാണ്ടി അവരോട് കുടുക്ക മോഷ്ടിച്ച വിവരം അറിയിച്ചു. ഉടനെതന്നെ എനിക്ക് അത് കിട്ടുവാൻ വേണ്ടി നിങ്ങളുടെ സഹായം കിട്ടണം.
അപ്പോഴേക്കും ഭൂതങ്ങൾ ഒരു എല്ലാ ഭാഗങ്ങളും അടഞ്ഞതായ തോൽ ബാഗ് കൊടുത്തു. എന്നിട്ട് പറഞ്ഞു, ഈ ബാഗ് ആരെങ്കിലും എടുത്താൽ ബാഗിനോട് കെട്ടിയിട്ട് തല്ലാൻ പറഞ്ഞാൽ മതി. അപ്പോൾ തന്നെ ബാഗ് ശരിക്കും ശിക്ഷ നൽകും.
ഇത് കേട്ട് ബാഗ് വാങ്ങി പഴയ വൃദ്ധരുടെ വീട്ടിലേക്ക് പോയി. ദൂരത്ത് വച്ച് തന്നെ വീട്ടുകാർ മായാണ്ടി വരുന്നത് കണ്ടപ്പോൾ പഴയ പോലെ ദയനീയമായി നടിക്കുക തന്നെ ചെയ്തു.
ഒന്നും അറിയാത്ത പോലെ അവിടെ ചെന്ന് അല്പം വിശ്രമിക്കാൻ കിടന്നു. ഉറങ്ങുന്നു എന്ന ധാരണയിൽ വീട്ടുകാർ ബാഗ് മോഷ്ടിക്കാൻ സഞ്ചിയിൽ കയ്യിട്ടു. പെട്ടെന്ന് മായാണ്ടി ഉച്ചത്തിൽ സഞ്ചിയിലുള്ള ബാഗിനോട് കെട്ട് വടി തല്ല് വടി എന്ന് പറഞ്ഞു. ഉടനെതന്നെ ബാഗിൽ നിന്ന് വടിയും കയറും വന്ന് കെട്ടിയിട്ട് വീട്ടുകാരെ തല്ലാൻ തുടങ്ങി. കരഞ്ഞു കൊണ്ട് അവർ മോഷ്ടിച്ച കുടുക്ക തിരിച്ചു കൊടുത്തു.
അങ്ങിനെ അവിടെ നിന്നും നാട്ടിൽ കുടുക്കയുമായി തിരിച്ചെത്തി അച്ചനും അമ്മയും ഒന്നിച്ച് സുഖമായി കഴിയുന്നതിനിടയിൽ മായാണ്ടി വിവാഹം കഴിക്കാൻ ആലോചിച്ചു. അങ്ങിനെ അച്ചനും അമ്മയും മായാണ്ടിയും കൂടി രാജാവിന്റെ അടുത്തെത്തി കാര്യങ്ങൾ ബോധിപ്പിച്ചു. മായാണ്ടിയുടെ കാര്യങ്ങൾ കേട്ട് സന്തുഷ്ടനായ രാജാവ് തന്റെ മകളായ ഇന്ദുമതിയെ തന്നെ മായാണ്ടിക്ക് വിവാഹം ചെയ്തു കൊടുത്ത് യുവരാജാവായി വാഴിക്കുകയും ചെയ്തു. അങ്ങിനെ സകുടുംബത്തോടെ മായാണ്ടിയും ജനങ്ങളും എല്ലാവരും സന്തോഷത്തോടെ ദാരിദ്ര്യമില്ലാതെ മായാണ്ടിയുടെ കുടുക്ക നൽകിയ സമൃദ്ധിയിൽ ജീവിതം നയിക്കുകയായിരുന്നു.

- സലിംരാജ് വടക്കുംപുറം -

© Salimraj Vadakkumpuram