...

6 views

മുന്തിരിവള്ളികൾ പറഞ്ഞ പ്രേമകഥ (2- അവസാന ഭാഗം)
" അവിടെ മുതൽ അവരുടെ പ്രണയത്തിന്റെ കഥ തുടങ്ങുകയായിരുന്നു.. കൃഷ്ണ ക്ക് യോ ദിവ്യ ക്ക് കൃഷ്ണയോ ഇല്ലാതെ ഒരു ജീവിതം ഇല്ലാ എന്ന അവസ്ഥ. ഞാനും അങ്ങനെ തന്നെയാണ് കരുതിയത്. പക്ഷെ. എല്ലാ പ്രണങ്ങൾക്കും ഇടയിൽ ഉണ്ടാവുമല്ലോ, കുടുംബ പരമായ പ്രശ്നങ്ങൾ.. അതു തന്നെ ഇവിടെയും സംഭവിച്ചു.. അവരുടെ പ്രണയം ദിവ്യ യുടെ വീട്ടിൽ അറിഞ്ഞു. അതോടെ അവളുടെ ജോലിയും പോയ്. അവളുടെ അച്ഛൻ നേരിട്ട് വന്ന് ആണ് അവളെ കൊണ്ടുപോയത്.. വലിച്ചിഴച്ച്.. കൃഷ്ണയെ കുറേ ചീത്ത വിളിച്ചു.. പാവം.. അവൻ ആ സംഭവം കഴിഞ്ഞ പാടെ ഒരു...... ഒരു പ്രത്യേക അവസ്ഥയിലായ്.. ആരോടും മിണ്ടാതെ... എന്നോട് പോലും... പിന്നെ ഒരു ദിവസം അവനെ കാണാതായ്,, കുറേ അന്യോഷിച്ചു.. ഒരു വിവരവും ഇല്ലായിരുന്നു.. "
ഷെറിൻ പറഞ്ഞ് നിർത്തി, എന്നെയൊന്ന് സൂക്ഷിച്ച് നോക്കി.. അവളുടെ കണ്ണുകൾ തീ ജ്വലിക്കുന്ന പോലെ എനിക്ക് തോന്നി.. ആകെ ഒരു തരം മരവിപ്പ്.. ഈ കഥയുമായ് എനിക്കെന്തോ ബന്ധമുണ്ട്, അത് കൂട്ടി വായിക്കാൻ മാത്രം പറ്റുന്നില്ല..
മുല്ലവള്ളികൾക്കിടയിലൂടെ തേനീച്ച പറന്ന് നടക്കുന്നു. തണുപ്പോട് കൂടിയ ഇളം കാറ്റ് അവരെ തഴുകി അകന്ന് പോയി. ഈ മാന്ത്രിക ലോകം എന്നെ ശരിക്കും മയക്കിയിരിക്കുന്നു. ഒപ്പം ഷെറിൻ പറഞ്ഞ കഥയും..
" എന്നിട്ട്.... കൃഷ്ണ, തിരിച്ച് വന്നോ,,,? അവര് തമ്മിൽ കണ്ടുമുട്ടിയോ..?"
എന്റെ ചോദ്യം കേട്ട് ഷെറിൻ വീണ്ടും തലയുയർത്തി എന്നെ നോക്കി.. അവളുടെ കണ്ണുകളിൽ എന്നോടുള്ള സഹതാപം മുറ്റി നിന്നിരുന്നു.
"കൃഷ്ണ,,, അവൻ പാവമായിരുന്നു.. എന്റെ.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്, കൂടപ്പിറപ്പ് അങ്ങനെയൊക്കെ...
അത് കൊണ്ട് തന്നെയാണ് ഞാൻ അവനെ തിരക്കി ഇറങ്ങിയതും. പക്ഷെ ഒരു ഫലവുമുണ്ടായില്ല.. പതിയെ പതിയെ ഞാനും അവനെ മറന്ന് തുടങ്ങുകയായിരുന്നു..
അങ്ങനെയിരിക്കയാണ് ആ ഫോൺ കോൾ എന്നെ തേടി വന്നത്.."


നിർത്താതെ ഫോൺ ശബ്ദിക്കുന്ന കേട്ടാണ് ഷെറിൻ റൂമിലേക്ക് കയറി വന്നത്. ഫോൺ എടുത്തപ്പോഴേക്കും കാൾ കട്ടായിരുന്നു.. പരിചയമില്ലാത്ത നമ്പറാണ്. മൂന്ന് നാല് പ്രാവിശ്യം വിളിച്ചിരിക്കുന്നു. ഏതായാലും തിരിച്ച് വിളിക്കാൻ തന്നെ ഷെറിൻ തീരുമാനിച്ചു.
നീണ്ട ബെല്ലിന് ശേഷമാണ് മറുതലയ്ക്കൽ കാൾ അറ്റൻഡ് ചെയ്തത്.
"ഹലോ.. ആരാണ്, ഇങ്ങോട്ട് വിളിച്ചിരുന്നല്ലോ..?"
" ഷെറിനല്ലേ.. ഇത് ഞാനാ..." മറുതലയ്ക്കൽ നിന്നുള്ള ശബ്ദം കേട്ട് ഷെറിന് സന്തോഷം അടക്കാനായില്ല, അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..
" കൃഷ്ണാ... നീ എവിടാ... എത്ര നാളായി... നീയെന്താ എന്നെ ഒന്ന് വിളിക്കാത്തെ..''
മറുതലയ്ക്കൽ ഒരു നിമിഷം നിശബ്ദമായിരുന്നു.
" കൃഷ്ണാ.. നീ കേൾക്കുന്നില്ലേ,, എന്തേലുമൊന്ന് പറയട.." അവളുടെ ശബ്ദം ഇടറിയിരുന്നു.
" ഷെറിൻ, ഞാൻ ... അവളെ കണ്ടു... അവളിപ്പോ എന്റെ കൂടെ ഉണ്ട്.. "
" എട.. നീ എന്നൊക്കെയാ ഈ പറയുന്നേ.. നിങ്ങളിപ്പം എവിടെയാ.. "
" ഞങ്ങൾ പോവുകയ.. ഞങ്ങളെ പിരിക്കാനിനി ആർക്കും പറ്റില്ല, അതിന് ഞാൻ ആരെയും സമ്മതിക്കില്ല.. "
" കൃഷ്ണാ.... "
" ഷെറിൻ, നിന്നെ കാണാതെ പറയാതെ എനിക്ക് പോകാൻ കഴിയില്ല,, പോകുന്നതിന് മുമ്പ് എനിക്ക് നിന്നെയൊന്ന് കാണണം.. അന്ന് നമ്മൾ എന്നും ചായ കുടിച്ചിരുന്ന കുമളിയിലെ ആ തട്ടുകടയില്ലെ, നീ അവിടെ വരണം.. നാളെ ഉച്ചകഴിയുമ്പോൾ ഞങ്ങളവിടെ ഉണ്ടാവും.."
പറഞ്ഞ് തീർന്നതും കൃഷ്ണ കാൾ കട്ട് ചെയ്തു.
ഷെറിന് കുറച്ച് സമയം ഫോണുമായ് വിറങ്ങലിച്ച് നിൽക്കാനേ കഴിഞ്ഞുള്ളു.
പക്ഷെ അവൾ മനസിലുറപ്പിച്ചിരുന്നു..
തന്റെ കൂട്ടുകാരനെ കാണാൻ തനിക്ക് പോയേ പറ്റു.


ഷെറിൻ കുമളിയിലെത്തിയപ്പോൾ ഉച്ചയോടടുത്തു.. ഓഫ് സീസണായതാവാം ടൗണിൽ പഴയ ഉത്സവ പ്രതീതി ഒന്നും ഇല്ല.. അവൾ കൃഷ്ണ പറഞ്ഞ തട്ടുകട ലക്ഷ്യമാക്കി നടന്നു.. കാലുകൾക്ക് വേഗത പോരന്ന് തോന്നിയതാവാം നടത്തം ഓട്ടമായ് മാറിയത്. തട്ടുകടക്ക് മുമ്പിലെത്തിയതും അവൾ കിതക്കുന്നുണ്ടായിരുന്നു.. ഒന്ന് രണ്ടു പേർ ചായ കുടിക്കുന്നതൊഴിച്ചാൽ അവിടെ വേറെ ആരുമില്ല. ഷെറിൻ അവിടെയിട്ടിരുന്ന ഒരു ബെഞ്ചിലേക്ക് പതിയെ ഇരുന്നു.
"എന്താ വേണ്ടത്.." കടയിൽ സപ്ലെ ചെയ്യുന്ന പയ്യൻ അവൾക്കു അരികിലേക്ക് വന്നു.
" ഒരാള് വരാനുണ്ട്, പറയാം" അവൾ അവനെ ഒഴുവാക്കുകയായിരുന്നു.
പെട്ടന്നാണ് ഷെറിന്റ പുറത്ത് ഒരു കൈ പതിച്ചത്.. പെട്ടന്ന് അവൾ വെട്ടിത്തിരിഞ്ഞു.
" കൃഷ്ണാ... "
അവന്റെ മുഖം ക്ഷീണിതമായിരുന്നു. മുടി അലങ്കോലപ്പെട്ട് കിടക്കുന്നു. ഷർട്ടിലും പാൻറിലും നിറയെ പൊടിയും ചെളിയും..
" നിനക്കെന്താടാ.. പറ്റിയത്..?"
ഷെറിൻ അത് ചോദിച്ചപ്പോഴാണ് അവന്റെ പുറകിൽ പതുങ്ങി നിന്ന രൂപത്തെ അവൾ ശ്രദ്ധിച്ചത്.
"ദിവ്യ..." അവളുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.. മേലാകെ ചെളി പുരണ്ടിരിക്കുന്നു. കൈയ്യിൽ ഒതുക്കി പിടിച്ച ബാഗിന്റെ ഭാഗങ്ങളൊക്കെ കീറിയിരുന്നു..
"എട.... എന്താ, എന്ത് പറ്റി...?"
" ഷെറിൻ.. അവര് ഞങ്ങടെ പുറകേ ഉണ്ട്.. ഞങ്ങടെ അടുത്തെത്തുന്നതിന് മുന്നേ ഞങ്ങൾക്ക് ഇവിടം വിടണം.. "
"എങ്ങോട്ട്,,,, എങ്ങോട്ടാ,, നിങ്ങളീ ഓടി പോവുന്നത്..?"
" ഗോവ... അവിടെ ജിജോ യും ലക്ഷ്മിയും ഉണ്ട്. അവിടെ വിളിച്ച് കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്. നീ എന്റെ വീട്ടിൽ വിളിച്ച് എനിക്ക് കുഴപ്പമില്ല എന്ന് പറയണം.. "
"ഉം... " ഷെറിന് തരിച്ച് നിൽക്കാനേ കഴിഞ്ഞുള്ളു..
ഷെറിൻ ദിവ്യ യെ ചേർത്ത് പിടിച്ചു. "ഇനി എന്നാ ടാ,, നിങ്ങളെ ഒക്കെ.. " അവളുടെ കണ്ണുനിറഞ്ഞിരുന്നു. ദിവ്യ ഷെറിനെ കെട്ടി പിടിച്ച് കരഞ്ഞു..
" ഷെറിൻ, ഞങ്ങള് പോവുകയാ,, ദിവ്യയും അവളുടെ അച്ഛന്റെ പാർട്ടിക്കാരും ഞങ്ങളെ വിടില്ല, അവര് ഏത് നിമിഷവും ഇവിടെയെത്തും.. നിന്നെ പോവുന്നതിന് മുമ്പ് കാണണം എന്ന് തോന്നി. അതാ.. ഞാൻ..."
" ധൈര്യമായ് പോയിട്ട് വാടാ...." ഷെറിൻ കെട്ടിപ്പിടിച്ചു കൊണ്ടാണ് അത് പറഞ്ഞത്..
" ദാണ്ടെ... അവരിവിടെ ഉണ്ട്, വേഗം വാടാ.. പിടിക്കട...." പെട്ടന്നുള്ള ആക്രോശം കേട്ടിട്ടാണ് അവര് മൂന്ന് പേരും തിരിഞ്ഞ് നോക്കിയത്. ആ കാഴ്ച കണ്ടതും മൂന്ന് പേരുടെയും കൊള്ളിയാൻ മിന്നിയിറങ്ങി. തങ്ങളെ ലക്ഷ്യമാക്കി ഓടി വരുന്നവരെ നോക്കി നിൽക്കാനേ കൃഷ്ണക്കായുള്ളു.
ദിവ്യ കൃഷ്ണയുടെ ദേഹത്തേക്ക് പറ്റിച്ചേർന്ന് നിന്നു.. കൃഷ്ണ ദിവ്യയുടെ കൈയ്യും പിടിച്ച് ഓടാനുള്ള വിഫല ശ്രമം നടത്തിയെങ്കിലും പുറകിൽ നിന്നുള്ള കനത്ത പ്രഹരത്തിൽ അവൻ നടുറോഡിലേക്ക് മറിഞ്ഞ് വീണു.. ടാറിംഗിൽ ഉരഞ്ഞ് അവന്റെ കൈകളിൽ നിന്ന് രക്തം ചീറ്റി..
കൂട്ടത്തിലെ കറുത്ത് തടിച്ച ഒരു കുള്ളൻ ദിവ്യയെ നിലത്തിട്ട് വലിച്ചിഴച്ചു.. കാറിലേക്ക് കയറ്റാൻ ശ്രമിച്ചു.
കൃഷ്ണയെ മറ്റുള്ളവർ നിലത്തിട്ട് ചവുട്ടി, നെഞ്ചിൻ കൂട്ടിനുള്ള ചവുട്ടിൽ അവന്റെ വായിൽ നിന്നും രക്തം പുറത്തേക്ക് ചാടി.ഷെറിൻ അവരുടെയെല്ലാം കാലിൽ പിടിച്ച് കരയുന്നുണ്ടായിരുന്നു. പെട്ടന്നാണ് അവരിൽ ഒരുവൻ അരയിൽ നിന്ന് കത്തി വലിച്ചൂരിയത്.. രണ്ട് പേർ ചേർന്ന് കൃഷ്ണയെ കൈകൾ പുറകിൽ കെട്ടി എണീപ്പിച്ച് നിർത്തി. അയാൾ കൃഷ്ണയുടെ വയറിന്റെ ഭാഗത്തേക്ക് ആഞ്ഞ് കുത്തി...
പെട്ടന്നാണ് ഷെറിൻ കൃഷ്ണയുടെ മുന്നിലേക്ക് ചാടി വീണത്.. കത്തി അവളുടെ വയറു പിളർത്തി ഉള്ളിലേക്ക് കയറി.. അയാൾ കത്തി വലിച്ചൂരിയതും വാടി കൊഴിഞ്ഞ ഇല പോലെ അവൾ താഴേക്ക് പതിച്ചതും ഒരുമിച്ചായിരുന്നു.. " ഷെറിൻ........." കൃഷ്ണ അലറി കരഞ്ഞുകൊണ്ട് അവളുടെ ദേഹത്തേക്ക് വീണു.. പെട്ടന്നുണ്ടായ ആക്രമണത്തിൽ നഗരം നടുങ്ങി എങ്കിലും ടൗണിലുണ്ടായിരുന്നവരെല്ലാം അവർക്ക് അടുത്തേക്ക് പാഞ്ഞ് വന്നു..
ആളുകൾ കൂടുന്നത് മനസിലാക്കിയ അക്രമകാരികൾ ദിവ്യയെ കാറിനുള്ളിലേക്ക് വലിച്ചിട്ട് പാഞ്ഞ് പോയ്.
ചോരയിൽ കുളിച്ച് കിടന്ന ഷെറിനെ മാറോടണച്ച് കരയുകയായിരുന്നു കൃഷ്ണ.. അവളുടെ കൈകൾ കൃഷ്ണയുടെ മുഖത്ത് അമർത്തി പിടിച്ചു.. അവളുടെ ചുണ്ടുകൾ പതിഞ്ഞ സ്വരത്തിൽ അവനോട് പറഞ്ഞ് കൊണ്ടിരുന്നു.. "സാരം...ല്ല.. നിനക്ക് ഒന്നും പറ്റി..യില്ലല്ലോ.. " അവളുടെ മുഖത്ത് തെളിഞ്ഞിരുന്ന ചെറിയ ചിരിയും മാഞ്ഞു. കൃഷ്ണമണികൾ മറിഞ്ഞ് പോവുന്നത് അവൻ കണ്ടു.. കൈകൾ തളർന്ന് താഴേക്ക് പതിച്ചു...
" ഷെറിൻ........" കൃഷ്ണ അലറി കരഞ്ഞു.. എന്നാൽ ആ നിലവിളി കേൾക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല..


ദിവ്യ യെയും കൊണ്ട് ആ കാർ പാഞ്ഞ് വന്ന് നിന്നത് അവളുടെ വീട്ടിലേക്ക് ആണ്. കാർ നിർത്തിയതും മാധവൻ അവളെ പിടിച്ച് വലിച്ച് കൊണ്ട് ഉള്ളിലേക്ക് പോയി.. റൂമിലേക്ക് കയറ്റി കട്ടിലിലേക്ക് അവളെ വലിച്ചെറിയുകയായിരുന്നു.. ഒരു പഴം തുണി പോലെ അവൾ അവിടേക്ക് വീണു;.
മാധവൻ റൂം പുറത്ത് നിന്നും ലോക്ക് ചെയ്തു.. " ഇവൾക്ക് പച്ച വെള്ളം പോലും കൊടുക്കരുത്.. കുടുംബത്തിന്റെ മാനം കളയാൻ ജനിച്ച അസത്ത്.." അയാൾ ഭാര്യയോട് വിളിച്ച് പറയുന്നത് അവൾക്ക് കേൾക്കാമായിരുന്നു..
അവൾ അവിടെ തന്നെ കിടന്ന് കരഞ്ഞു.. അവൾക്ക് തന്റെ മാതാപിതാക്കളോടും ബന്ധുക്കളോടും എല്ലാം വെറുപ്പ് തോന്നി.. തന്നെ സ്നേഹിച്ച കുറ്റത്തിന് കൃഷ്ണയെ അവര്..
എന്റെ, ഷെറിൻ... ഞാൻ കാരണം അവളുടെ ജീവൻ..
അവൾക്ക് സഹിക്കാവുന്ന തിലും അപ്പുറം ആയിരുന്നു അത്.. അവിടെ ഉണ്ടായിരുന്നതെല്ലാം അവൾ തട്ടി മറിച്ചിട്ടു. കണ്ണിൽ കണ്ടതെല്ലാം എറിഞ്ഞ് പൊട്ടിച്ചു.. ദേഷ്യവും സങ്കടവും എല്ലാം അവൾ ആ റൂമിൽ തീർക്കുകയായിരുന്നു.
അവസാനം... അവൾ അത് തന്നെ തീരുമാനിച്ചു..


നഗരമധ്യത്തിൽ വച്ചുണ്ടായ കൊലപാതകം പത്രമാധ്യമങ്ങൾക്ക് ചാകരയായ്.. ചില മഞ്ഞ പത്രങ്ങൾ അതിന്റെ കാരണങ്ങൾ തേടി പിടിച്ച് ഫീച്ചറാക്കി.. ആ കൂട്ടത്തിൽ ഫോട്ടോ ചേർത്ത മറ്റൊരു വാർത്തയും ഇടം പിടിച്ചിരുന്നു.
" നാടിനെ നടുക്കിയ ഷെറിൻ കൊലപാതകം കമിതാക്കളുടെ ഒളിച്ചോട്ടത്തിന്റെ പരിണിത ഫലം.. കമിതാക്കളിൽ ഒരാളായിരുന്ന ഹരിപ്പാട് സ്വദേശി ദിവ്യ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു..

എർണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം.. കൃഷ്ണ തന്റെ കൈയ്യിലുരുന്ന ന്യൂസ് പേപ്പർ അടുത്ത് കണ്ട യൂസ് മി ബോക്സിലേക്ക് തളളി. കൈയ്യിലിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് ഒന്നും കൂടി നോക്കി കിശയിലേക്കിട്ടു.. അവൻ ആകെ ക്ഷീണിച്ചിരുന്നു.. കണ്ണുകളിൽ ചുവപ്പ് രാശി പടർന്നിരിക്കുന്നു. അവൻ പ്ലാറ്റ്ഫോമിലേക്ക് കയറി.. കണ്ണൂർ ഇൻറർ സിറ്റി എക്സ്പ്രസ് ഏതാനും നിമിഷങ്ങൾക്കകം എത്തിച്ചേരും എന്ന അറിയിപ്പ് പ്ലാറ്റ്ഫോമിലെ സ്പീക്കറിലൂടെ ഉയർന്ന് കേട്ടു..
അധികം കാത്ത് നിൽക്കേണ്ടി വന്നില്ല.. ട്രെയിൻ ചുളം വിളിയോടെ കിതച്ച് കിതച്ച് വന്ന് നിന്നു.. തന്നെ കളിയാക്കി പാഞ്ഞ് വരുന്ന തേരട്ടയെ പോലെയാണ് കൃഷ്ണയ്ക്ക് അത് കണ്ടപ്പോൾ തോന്നിയത്. അവൻ ഉറച്ച കാൽവയ്പ്പോടെ മുമ്പോട്ട് നടന്നു. ജനറൽ കംപാർട്ട്മെൻറിൽ കയറി പറ്റാൻ ശരിക്കും ബുദ്ധിമുട്ടി. അധികം വൈകാതെ തന്നെ അത് വീണ്ടും ചൂളം വിളിക്കാൻ തുടങ്ങി.. അത് കൃഷ്ണയെയും കൊണ്ട് അധി വേഗം പാഞ്ഞു.. കൃഷ്ണ കാണുകയായിരുന്നു.. വളരെ വേഗം പിന്നോട്ട് പോവുന്ന മരങ്ങൾ, കെട്ടിടങ്ങൾ, അങ്ങനെ എന്തെല്ലാം..
ട്രെയിൻ അതിന്റെ പൂർണ്ണമായ വേഗത കൈവരിച്ചു കഴിഞ്ഞു.. എതിർദിശയിൽ നിന്നും മറ്റൊരു ട്രെയിൻ ചൂളം വിളിയോടെ പാഞ്ഞ് വരുന്നു.. പിന്നോട്ട് പോയ ജീവിതത്തെ തിരിച്ച് പിടിക്കാൻ ഒരുങ്ങുകയായിരുന്നു അവൻ.. അപ്പുറത്തെ ട്രാക്കിന്റെ വശത്തെ ഡോറിന്റെ സൈഡിലേക്ക് കൃഷ്ണ നീങ്ങി നിന്നു.. ചൂളം വിളി അടുത്തെത്തിയതും ഒരു അലർച്ചയോടെ ചാടിയതും ഒരുമിച്ചായിരുന്നു... ചൂളം വിളിയോടൊപ്പം ആ അലർച്ചയും നേർത്ത് ഇല്ലാതായ്.



കഥ പറഞ്ഞ് തീർന്നിട്ട് ഷെറിൻ എന്നെ ഒന്ന് നോക്കി. എനിക്ക് അവളുടെ മുഖത്ത് നോക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല.. എന്റെ ചെവികൾക്കുളളിൽ നിന്നും ആ ചൂളം വിളി നിലച്ചിരുന്നില്ല. ഞാൻ എന്റെ ദേഹത്തോട്ട് നോക്കി. ചിതറി തെറിച്ച ശരീരഭാഗങ്ങൾ കൂട്ടി അടുക്കി വച്ച പോലെ എനിക്ക് തോന്നപ്പെട്ടു.. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ഞാൻ ഷെറിനെ നോക്കി, എന്റെ കൂട്ടുകാരി... എനിക്ക് വേണ്ടി ഉയിര് കളഞ്ഞവൾ..
പെട്ടന്ന് തന്നെ ഞാൻ അവളെ കെട്ടിപ്പിടിച്ചു. അവളും എന്നെ കെട്ടിപിടിച്ചു... ഷെറിന്റ കണ്ണുകളിൽ നിന്നുതിർന്ന വെള്ളം എന്റെ ദേഹം പൊള്ളിച്ചു..
അവൾ എന്റെ തല പിടിച്ച് നേരെയാക്കി.. " ഇവിടെ നിങ്ങളെ ആരും പിരിക്കില്ല, ഒറ്റപ്പെടുത്തില്ല..
സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പറുദീസയാണിത്. നിനക്ക് അവളെ കാണണ്ടേ..?"
"വേണം.... " ഞനത് പറയുമ്പോഴും എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു..
"വരൂ... '' ഷെറിൻ എന്നെയും കൂട്ടി നടന്നു.. പിലി വിരിച്ചാടുന്ന മയിലുകൾക്കിടയിലൂടെ മേഘ പാളികൾ വകഞ്ഞ് മാറ്റി ഷെറിൻ നടന്നു . പുറകേ ഞാനും
പെട്ടന്ന് അവളെന്നെ പിടിച്ച് നിർത്തി. " നോക്കൂ... കൃഷ്ണ... "
ഞാനും കാണുകയായിരുന്നു. തൂ വെള്ള വസ്ത്രമണിഞ്ഞ് ചുറ്റും മഞ്ഞിന്റെ ആവരണം തീർത്ത് അവൾ....
ദിവ്യ.... അവളെ കണ്ടതാവാം മയിലുകൾ പീലി വിരിച്ചാടുന്നത് എന്ന് എനിക്ക് തോന്നി..
ഷെറിൻ എന്റെ കൈയ്യിൽ ഒന്ന് അമർത്തി പിടിച്ചിട്ട് നടന്നകന്നു.. ഞാൻ അവളുടെ അടുത്തേക്കും..
ആരാലും പിരിക്കാൻ കഴിയാത്ത ആരുടെ മുന്നിലും തോൽക്കാതെ ഈ മാന്ത്രിക ലോകത്ത് ജീവിച്ച് കാണിച്ചു കൊടുക്കാൻ..

...ശുഭം....


© Sreehari Karthikapuram