...

6 views

നോവൽ : വഴിത്തിരിവുകൾ ഭാഗം 03
തുടർച്ച -

മല്ലികേ, എന്തായാലും കുറച്ചൊക്കെ കാര്യങ്ങൾ നമ്മൾ ജീവിതത്തിൽ മറ്റുള്ളവരെ കണ്ട് പാഠമാക്കണം. എല്ലാം അനുഭവിച്ചറിഞ്ഞാൽ മതിയെന്നുള്ളത് തെറ്റായ കീഴ്‌വഴക്കമാണ്. നമ്മുടെ പൂർവ്വികർ എത്രയോ ജീവിത തത്വങ്ങൾ അവരുടെ ജീവിത അനുഭവ സമ്പത്തായി നമുക്ക് വേണ്ടി നൽകിയിട്ടുണ്ടുതാനും. ആവക കാര്യങ്ങളെ നമ്മൾ അറിഞ്ഞ് ഓരോരോ കാര്യങ്ങൾ ചെയ്യുമ്പോഴും ഒരു മുൻകരുതൽ എടുക്കുന്നതാണ് നല്ലത്. ജീവിതം ഒരു ദിവസം കൊണ്ടൊന്നും തീരുന്നതല്ലല്ലോ. ഓരോ ദിവസവും സന്തോഷവും, സങ്കടവും, കഷ്ടപ്പാടും, ദുരിതവുമൊക്കെ നമ്മെ മാറി മാറി കീഴ്പ്പെടുത്തിയെന്നു വരാം. ആ സമയങ്ങളിൽ നമുക്ക് താങ്ങും തണലുമായി സ്നേഹമുള്ള നല്ലവരായ സുഹൃത്തുക്കളും, ബന്ധുക്കളും അപ്രകാരം സഹോദരങ്ങളും ഇവരോടെല്ലാം സ്നേഹബന്ധം പുലർത്തുന്ന ഭർത്താവും ഭാര്യയുമെന്ന രീതിയാണ് ജീവിതത്തിന് ആവശ്യമായിട്ടുള്ളത്. അല്ലാതെ വെറും സൗന്ദര്യാധാരകരായ ഇന്നത്തെ ഒരു കൂട്ടം സുഹൃദ്ബന്ധങ്ങളെ ജീവിതത്തിൽ തുണയായി സ്വീകരിക്കുന്നതിൽ ശ്രദ്ധിക്കണമെന്നാണ് എൻെറ അഭിപ്രായം. വിവാഹ ശേഷം ഓരോരോ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ എത്രയോ പേരുണ്ട്. അവരുടെ ജീവിതങ്ങൾ പരസ്പരം അറിഞ്ഞു ജീവിക്കേണ്ടവരാണ് ഭാര്യാഭർത്താക്കന്മാർ. ഈ ബോധം നാം ഓരോരുത്തരും മനസ്സിലാക്കിയാൽ ദു:ഖിക്കേണ്ടി വരില്ല. സിനിമയിൽ രണ്ടു മണിക്കൂർ കാട്ടിക്കൂട്ടുന്ന നാടകമല്ല ജീവിതം. അവർ നമുക്ക് ചില പാഠങ്ങൾ മനസ്സിലാക്കുവാൻ വേണ്ടിയും അല്പസമയം സന്തോഷിക്കുന്നതിനും മറ്റും വേണ്ടി തയ്യാറാക്കിയിട്ടുള്ളതായ കഥകൾ മാത്രമാണ്. അത് അതേപടി ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുന്നത് എത്രകണ്ട് നന്മ നമ്മളിൽ ഉണ്ടാക്കും എന്ന് നാം സ്വയം ചിന്തിക്കേണ്ടതാണ്.

തങ്കമ്മേ, എല്ലാ തട്ടിലുമുള്ള ജനങ്ങളിലും നല്ലവരും ദുഷിച്ചവരുമുണ്ട്. അവരുടെ പ്രവർത്തി മേഖലകൾ തങ്ങളുടെ കഴിവിന്നനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നു മാത്രം. പരിഷ്ക്കാരികളായ മാതാപിതാക്കളെ വെറുക്കുന്ന എത്രയോ മക്കളുണ്ട്. അച്ഛനും അമ്മയും പാർട്ടികളും പ്രസംഗങ്ങളുമായി നടക്കുമ്പോൾ അവരുടെ സന്താനങ്ങൾ ഒന്നു മോളെയെന്നോ മോനേയെന്നോ സ്നേഹത്തോടെ മറ്റുള്ള സുഹൃത്തുക്കളെ മാതാപിതാക്കൾ വിളിക്കുന്നതു പോലെ വിളിച്ചു കാണാനാഗ്രഹിക്കുന്നവരായ കുട്ടികൾ. അവരുടെ ജന്മം അത്തരം ഒരു വീട്ടിലായിപ്പോയി എന്ന ഒരു തെറ്റ് മാത്രമല്ലേ സംഭവിച്ചിട്ടുള്ളൂ. ജീവിതത്തിൽ ഓരോരോ കാര്യങ്ങൾ നാം ചികഞ്ഞു നോക്കുമ്പോൾ പണമോ, വിദ്യാഭ്യാസമോ, ഒരു ജോലിയോ കിട്ടിയതു കൊണ്ട് മാത്രം നന്മ വരുമെന്ന് കരുതുക വയ്യ.
സ്നേഹിക്കുന്നവരും നല്ലവരുമായ കുറെയാളുകൾ നമുക്ക് ഓരോരുത്തർക്കും ഉണ്ടാകണം. സ്നേഹം അത് യാഥാർത്ഥ്യമായി തന്നെയായിരിക്കുകയും വേണം. അതായത് വെറും പ്രകടനമായിരിക്കരുത്. ഓരോരുത്തരും പരസ്പരം ബഹുമാനിച്ചെങ്കിൽ മാത്രം അത് നിലനില്ക്കുകയുള്ളു. അതിന് മതമോ ജാതിയോ, വലിയവനോ ചെറിയവനെന്നോ, പ്രായഭേദങ്ങളോ ഒന്നും ബാധകമല്ലെന്നു തന്നെ പറയാം. ഒരു കുട്ടിയോട് പോലും എടാ പോടാ എന്നതിന് പകരം പേര് വിളിക്കുകയോ മോനേ എന്ന് കൂട്ടിച്ചേർത്തു വിക്കുകയോ ചെയ്യുമ്പോൾ അവനിൽ യഥാർത്ഥത്തിൽ ഒരു വിശ്വാസവും സ്നേഹവും ഉണ്ടായിക്കൊണ്ടിരിക്കും. ഈ അവസ്ഥ ഇന്ന് പ്രത്യേകിച്ചും മലയാളികളായ നമ്മളിൽ നിന്നും അകന്നു കൊണ്ടിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്.

മല്ലികേ, ഇന്ന് സംസാരം വളരെ നീണ്ടു പോയി തല്ക്കാലം നിറുത്താം. സമയം പതിനൊന്നരയായി. നീ എഴുതി കഴിഞ്ഞ ഭാഗം ഒന്ന് തരിക. ഞാൻ വായിച്ചിട്ട് കൊണ്ടുവരാം.

കഥയുടെ പേപ്പറുകൾ വാങ്ങി തങ്കമ്മ വീട്ടിലേക്ക് പോയി. തങ്കമ്മയെ കാത്ത് അമ്മ ദേവകി ഉമ്മറത്ത് നോക്കി നില്പുണ്ടായിരുന്നു.

നീ എന്തായിത്ര വൈകിയത് മോളേ. മല്ലിക അവിടെ ഇല്ലായിരുന്നോ. ദേവകി തിരക്കി.

മല്ലിക ഉണ്ടായിരുന്നു അമ്മേ. ഓരോരോ കാര്യങ്ങൾ സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല. ഞാൻ ഒന്നു കാൽ കഴുകിയിട്ട് വരാം. ഈ പേപ്പറുകൾ ഒന്ന് മേശപ്പുറത്ത് വയ്ക്കുമോ അമ്മേ.

ഇങ്ങോട്ട് തരൂ മോളേ ഞാൻ കൊണ്ടു വയ്ക്കാം. വേഗം കാൽ കഴുകിയിട്ട് വരൂ.
പേപ്പറുകൾ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പ് എഴുതിയ പേജുകൾ ഒന്നു വായിച്ചു നോക്കി. എന്തൊക്കെ കാര്യങ്ങളാണ് കഥയായിട്ട് എഴുതിയിരിക്കുന്നത്, നന്നായിട്ടുണ്ട്.

ശരിയാ അമ്മേ. മല്ലിക വളരെയധികം കാര്യങ്ങൾ ആലോചിച്ചു കൂട്ടിച്ചേർത്താണ് കഥയാക്കി എഴുതുന്നത്. നമ്മുടെ എല്ലാവരുടെയും കാര്യങ്ങൾ ഒക്കെ തന്നെ കഥയിലെഴുതിച്ചേർക്കുന്നുണ്ട്. കൂടുതലും സാധാരണക്കാരുടെ ജീവിത കാര്യങ്ങളെ ആസ്പദമാക്കിയാണ് എഴുതുന്നത്.

മോളേ, ഇതൊക്കെ ഈശ്വരൻ കൊടുക്കുന്ന ഒരു കഴിവാണെന്നാ എനിക്ക് തോന്നുന്നത്.

ഓരോരോ അനുഭവങ്ങൾ സ്വയം അറിയുമ്പോൾ താനെ എഴുതുവാൻ തോന്നുകയാണ്. അതിനുള്ള വഴി ഭഗവാൻ കാട്ടിത്തരുന്നതാണ് അമ്മേ.

നീ വരൂ നമുക്ക് ഊണ് കഴിക്കാം സമയം ഒരു മണി ആയല്ലോ. ഊണ് കഴിച്ചിട്ടാകാം സംസാരോം വായനേം ഒക്കെ.

ശരി അമ്മേ. ഞാൻ ദാ വരുന്നു.

ദേവകിയും തങ്കമ്മയും ഊണ് കഴിച്ച് പാത്രങ്ങളെല്ലാം വൃത്തിയാക്കി കഴുകി അടുക്കി വെച്ചു. കുറച്ചു നേരം കട്ടിലിൽ വന്നു കിടന്ന് ഒന്നു മയങ്ങി. മൂന്ന് മണിയായിക്കാണും തങ്കമ്മ കണ്ണു തുറന്നു.
അമ്മ ഉറങ്ങുകയാണല്ലോ. കുറച്ചു നേരം കൂടി കിടന്നു കൊള്ളട്ടെ.
മേശപ്പുറത്ത് വച്ചിരുന്ന കഥയെഴുതിയ പേപ്പറുകൾ എടുത്ത് വായന തുടങ്ങി. കണ്ണ് തുറന്ന ദേവകി തങ്കമ്മയോട് ഉച്ചത്തിൽ വായിക്കുവാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ദേവകി അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിലേർപ്പെട്ടു.
തങ്കമ്മ വായന തുടർന്നു.
"മേരി റീത്തയുടെ അടുത്ത് ചെന്ന് ദേഹത്ത് തൊട്ടു നോക്കി.
റീത്തേ, നീ ഇന്ന് കോളേജിൽ പോകുന്നില്ലേ.

ഇല്ല അമ്മേ. ഇന്നെനിക്ക് തീരെ സുഖമില്ല.

ശരി, എന്നാൽ ഇന്ന് പോകേണ്ട. എന്താ മോളെ അസുഖം വല്ലതും തോന്നുന്നുണ്ടോ.

ക്ഷീണവും അല്പം തലവേദനയും ഉണ്ട്.

മരുന്ന് വാങ്ങണമെങ്കിൽ അപ്പനെ പറഞ്ഞയക്കാം.

അതൊന്നും തല്ക്കാലം വേണ്ടമ്മേ. എന്റെ കയ്യിലുണ്ടായിരുന്ന തലവേദന ഗുളിക കഴിച്ചു.

എന്നാല് മോള് കുറച്ചു നേരം കിടന്നു കൊള്ളൂ. ക്ഷീണം മാറട്ടെ. നീ എണീറ്റ് ചായ കുടിക്കാൻ മറക്കേണ്ട. ഞാൻ ഐസ് കമ്പനിയിൽ പോയിട്ട് വരാം.

ശരി അമ്മേ. അല്പം സമയം കഴിഞ്ഞ് റീത്ത എഴുന്നേറ്റ് പോയി ചായ കുടിച്ചു.
മേരി പോയശേഷം റീത്ത കട്ടിലിൽ വന്നു കിടന്നു. എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ല. ഇപ്പോഴും കോളേജിൽ ആൺകുട്ടികളും പെൺകുട്ടികളും കൂട്ടമായി ചിരിച്ചു കളിയാക്കിയതിലുള്ള ദേഷ്യം തീരുന്നില്ല. കോളേജിൽ വച്ച് അവർ എന്തൊക്കെയാണ് പറഞ്ഞത്. എന്താ ക്ളിയോപാട്രയല്ലേ. എന്താ ഭാവം. വീട്ടിൽ പോയി അന്വേഷിച്ചാലറിയാം എന്തൊക്കെയാണ് സ്ഥിതിയെന്ന്. പറയണമെന്ന് തോന്നിയതാ, " നിന്നെപ്പോലെയുള്ള അഴിഞ്ഞാട്ടക്കാരിയല്ല ഞാൻ. നിന്നെയൊക്കെ കുറ്റീം പറിച്ച് വീട്ടിൽ നിന്ന് വിട്ടിരിക്കയല്ലേ " എന്ന്. ഇവിടെ വീട്ടിലെ സ്ഥിതി ആലോചിച്ചപ്പോൾ സ്വയം സമാധാനിച്ചുകൊണ്ട് യാതൊന്നും പറയാതെ തല കുമ്പിട്ടു കൊണ്ട് പോരുകയായിരുന്നു. ആകെ ചെയ്ത തെറ്റ് കൂട്ടുകാരികൾ വിളിച്ചപ്പോൾ ഒന്ന് രണ്ട് തവണ പാർക്കിലും ഐസ് ക്രീം കഴിക്കാൻ പോയതും മാത്രം. അവർ വാങ്ങി തന്നു. അത് കഴിക്കുകയും ചെയ്തു. അത് പോലെ ഞാനും ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണെന്നു തോന്നുന്നു പിന്നീട് ഞാൻ ചെല്ലാൻ മടികാട്ടിയപ്പോൾ മുതൽ ദേഷ്യമായത്. അതിന് വേണ്ടത്ര പണമൊന്നും എൻെറ കയ്യിലില്ല താനും. മറ്റുള്ളവരുടെ കൂട്ട് കൂടുമ്പോൾ തന്റെ നിലയെന്തെന്നോർക്കാതെ പോയതാണ് തെറ്റ്. അവരുടെ ആഢംബരത്തിൽ ഞാനും അറിയാതെ വീണുപോയതാണ്. എന്റെ പിൻമാറ്റമാണ് പിന്നീട് ശത്രുഭാവം കൂടുവാൻ കാരണമായത്. ഞാൻ കൂട്ട് പിടിച്ച കുട്ടികൾ കോളേജിലെ പണക്കാരായ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പിമ്പുകളാണെന്നറിയുവാനും വൈകി. എന്തായാലും വിട്ടു കൊടുക്കില്ല ഞാൻ. ഇങ്ങനെ ആലോചിച്ചു കൊണ്ട് റീത്ത ഉറങ്ങാൻ കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി.
അമ്മയുടെ വിളി കേട്ടാണ് ഉണർന്നത്. അപ്പോഴേക്കും സമയം അഞ്ചരയായിരുന്നു. അമ്മ ജോലി കഴിഞ്ഞെത്തിയ താണ്. പിന്നീട് ചായ ഉണ്ടാക്കി കഴിച്ചു. അതിന് ശേഷം പുസ്തകമെടുത്ത് പഠിക്കാൻ തുടങ്ങി. രാത്രി വൈകി ഭക്ഷണം കഴിച്ചു ഉറങ്ങി.

അടുത്ത ദിവസം കോളേജിൽ ചെന്നപ്പോൾ എന്തോ ഒരു പന്തികേട് തോന്നി. റീത്തയുടെ സ്നേഹിതകളായ രാജിയും, വീണയും അധികമൊന്നും സംസാരിക്കുന്നില്ലായിരുന്നു.
ഹലോ, എന്ന വാക്കിൽ സൗഹൃദം കൂടി ഒഴിഞ്ഞു മാറുകയാണെന്നു തോന്നി. എങ്കിലും കൂട്ടാക്കാതെ ക്ളാസ് മുറിയിൽ കയറി ഇരുന്നു.
ക്ളാസ് തുടങ്ങി. എല്ലാവരും നിശബ്ദരായി തന്നെ ക്ളാസിൽ ഇരുന്നു. ഉച്ചയ്ക്ക് കാൻറീനിൽ പോയി ഊണ് കഴിക്കുവാൻ തുടങ്ങുമ്പോൾ ചില കൂട്ടർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.

ജീവിക്കാൻ വഴിയില്ലാത്തവരൊക്കെ കോളേജ് പഠിത്തത്തിന് വന്നിരിക്കുന്നു. എന്നിട്ട് മറ്റുള്ളവരെ ഭരിക്കാന്നാ ഒരു ഭാവം. മാത്യു എന്ന മറ്റൊരുത്തൻ ഇതിനിടയിൽ പറയുന്നത് കേട്ടു. പോട്ടടാ ജോണി. എങ്ങനെയെങ്കിലും പെഴച്ച് പൊയ്ക്കോട്ടെടാ. നീ ആ കേസ് വിട്ടു കള. ഞങ്ങളൊക്കെയില്ലെ നിനക്ക്.
അതുകൊണ്ട് തന്നെയാ ഞാൻ ക്ഷമിക്കുന്നേ. ഇല്ലേൽ എൻെറ തനിനിറം അറിഞ്ഞേനെ. ഇതിന് മുമ്പും പലരും എന്നോടെതിർത്തിട്ട് വിവരമറിഞ്ഞിട്ടുണ്ട്. തൽക്കാലം നിങ്ങളൊക്കെ പറഞ്ഞതു കൊണ്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു.

റീത്ത ഊണ് കഴിഞ്ഞ് കാൻറീനിൽ നിന്നും ക്ളാസ് മുറിയിലെത്തി സീറ്റിലിരുന്നു. വിഷമിച്ചിരിക്കുന്ന റീത്തയുടെ അടുത്തേക്ക് സീനിയർ കുട്ടികളായ വിജുവും, റാണിയും വന്നു.

റാണി പറഞ്ഞു തുടങ്ങി-
കുട്ടി ഇതൊന്നും വലിയ കാര്യമായി എടുക്കേണ്ട. കോളേജ് ആകുമ്പോൾ കുട്ടികൾ പല തരക്കാരാ. അല്പമൊക്കെ അഡ്ജസ്റ്റ് ചെയ്തു ശ്രദ്ധിച്ചു നിന്നാൽ പ്രശ്നങ്ങളൊന്നും ഇല്ലാതെ പഠിത്തം പൂർത്തിയാക്കാം. കൂടുതലായി ഇങ്ങനെയുള്ള കുട്ടികളുമായി ചങ്ങാത്തം വയ്ക്കാതെ നോക്കുന്നതു തന്നെ നല്ലത്. എന്നു വച്ച് വെറുപ്പും കാട്ടേണ്ട. അവരൊക്കെ അടുക്കുന്നത് സ്വന്തം താല്പര്യങ്ങൾ സാധിക്കുകയെന്നത് മാത്രമാണ്. അതൊന്നും ഞങ്ങൾ പറഞ്ഞു തരണമെന്നില്ലല്ലോ.
അമിത മോഹം ആരിലും വരാതെ സൂക്ഷിക്കണം. ഞങ്ങളും ആദ്യകാലങ്ങളിൽ ഇക്കൂട്ടരുടെ ശല്ല്യം അനുഭവിച്ചതാ. പോകപ്പോക എല്ലാം ഒരു വിധം നേരെയായി. ഇപ്പോൾ പുതുമുഖങ്ങളെ വളച്ചെടുക്കുകയാണ് ഇത്തരക്കാരുടെ പ്രധാന ഹോബി. ഇക്കൂട്ടരെ നേരെയാക്കണമെങ്കിൽ കോളേജ് അധികൃതരും നാട്ടുകാരും കൂടി തീരുമാനിച്ചാലേ നടക്കൂ എന്നാ തോന്നുന്നേ.
രാഷ്ട്രീയ യൂണിയനുകൾ വന്നപ്പോൾ കുറച്ചു നേരെയാകുമെന്ന് വിചാരിച്ചു. അവിടെയും ഇവന്മാർ നേതൃനിരയിലെത്തി വിലസാൻ
തുടങ്ങി. പണവും പിൻബലവും വേണ്ടത്ര ഉണ്ടല്ലോ. പിന്നെ ആർക്കും നേരിട്ട് എതിർക്കാൻ പറ്റാത്ത സ്ഥിതിയും ആയിത്തീർന്നു. ഇവന്മാർക്കെതിരെ നടപടിയെടുത്താൽ ഉടനെ രാഷ്ട്രീയക്കാർ ഇടപെടുകയും ചെയ്യും. ഇനി പൊതുജനങ്ങൾ ഒന്നായി തന്നെ മാത്രമേ ഈവക അക്രമത്തിന് അറുതി വരുത്തുവാൻ കഴിയുകയുള്ളുതാനും. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ അതുവരെ കാത്തിരിക്കാനേ വഴിയുള്ളു. റാണി ഇത്രയും പറഞ്ഞു നിർത്തി.

ഈ സംസാരങ്ങൾ കേട്ടിരുന്ന റീത്ത സഹപാഠികളായ റാണിയോടും, വിജുവിനോടും താങ്ക്സ് എന്ന് പറഞ്ഞു. നിങ്ങൾ ഇടക്കൊക്കെ എൻെറ അടുത്ത് വരണമെന്നും അറിയിച്ചു.
ശരിയെന്ന് പറഞ്ഞ് റാണിയും, വിജുവും അവരുടെ ക്ളാസിലേക്ക് പോകുകയും ചെയ്തു.

റീത്ത സ്വയം ഒരു തീരുമാനമെടുത്തു. കുറച്ചു കാലത്തേക്ക് ആരോടും കാര്യമായി ഇടപെടേണ്ട. മൗനമായി തന്നെ ക്ളാസിലിരുന്ന് പഠിപ്പിൽ മാത്രം ശ്രദ്ധ ചെലുത്തുകയായിരുന്നു.

റീത്തയുമായി ശത്രുത പുലർത്തിയിരുന്ന കുട്ടികൾ റീത്തയുടെ പുതിയ മാറ്റം കണ്ട് എന്തോ പന്തികേടുണ്ടെന്ന് സംശയിച്ചു തുടങ്ങി. എപ്പോഴും സങ്കടാവസ്ഥയിലുള്ള ഇരുപ്പാണ് ആ കുട്ടിക്ക്. നമ്മൾ വെറുതെ ഇത്രയ്ക്കൊന്നും പറയേണ്ടായിരുന്നു. യഥാർത്ഥത്തിൽ വളരെ കഷ്ടപ്പാടുള്ളവളാണ് റീത്ത എന്നാ തോന്നുന്നത്. നല്ല രീതിയിലുള്ള ഡ്രസ്സും നടത്തവും ഒക്കെ കണ്ടപ്പോൾ തരക്കേടില്ലാത്ത സ്ഥിതിയിലുള്ളവളാകുമെന്നാ കരുതിയത്. എന്നിങ്ങനെ കുട്ടികൾ തമ്മിൽ പലവിധ സംഭാഷണങ്ങളും തുടർന്നു കൊണ്ടിരുന്നു.

റീത്തയുടെ പെരുമാറ്റത്തിലും നടപ്പിലും പൊതുവെ മൗനവും ദു:ഖവും എപ്പോഴും ദർശിച്ചിരുന്നു.
ഈ വക കാര്യങ്ങൾ മറ്റ് കുട്ടികളുടെ ഇടയിൽ തന്നെ വ്യത്യസ്ത മനോഭാവം രൂപം കൊള്ളുകയും അവർ തമ്മിൽ തമ്മിൽ സ്വരച്ചേർച്ചയില്ലാത്ത സംസാരങ്ങളിലുമെത്തി. അവരുടെ കൂട്ടുകെട്ടുകളുടെ സ്വരുമ തനിയെ നഷ്ടപ്പെടുകയായിരുന്നു. കൂട്ടം ചേർന്നുള്ള ശണ്ഠയും കളിയാക്കലുമെല്ലാം കുറയുവാൻ തുടങ്ങി. ചിലർ റീത്തയുടെ സമീപത്ത് വന്ന് സൗഹൃദഭാവ പ്രകടനങ്ങളും സുഹൃദ് സംഭാഷണങ്ങളും ഒക്കെ നടത്തുവാൻ ശ്രമിക്കയും ചെയ്യുന്നത് കണ്ടു. പൊതുവെ ഒരു തണുപ്പൻ സമീപനം സീനിയറായ കുസൃതി കുട്ടികളിൽ കണ്ട് തുടങ്ങി.

റീത്തയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറുകയായിരുന്നു ഇക്കാല സംഭവവികാസങ്ങളെന്നു തന്നെ പറയാം. റീത്തയുടെ ദു:ഖാവസ്ഥ മാറ്റിയെടുക്കാൻ ഒരു പ്ലാൻ തന്നെ മറ്റു കുട്ടികൾ തയ്യാറാക്കി വച്ചു. റീത്തയുടെ പിറന്നാൾ ദിനം അവർ മനസ്സിലാക്കുകയും അന്നേ ദിവസം രാവിലെ റീത്ത വരുമ്പോൾ കുട്ടികൾ സ്വീകരിച്ചു കൂട്ടിക്കൊണ്ടു വന്ന് കേക്ക് മുറിക്കുകയും പാരിതോഷികങ്ങളും അഭിനന്ദനങ്ങളും കൈമാറുക തന്നെ ചെയ്തു.

റീത്തക്ക് യഥാർത്ഥത്തിൽ ഇതൊന്നും ഉൾക്കൊള്ളുവാൻ കഴിയാത്ത അവസ്ഥ തന്നെയായിരുന്നു. എന്നാൽ ഒട്ടൊക്കെ അത്ഭുതവും തോന്നാതില്ല. തൻെറ ശത്രുക്കൾ ഇന്നിതാ എന്തൊക്കെ കാര്യങ്ങളാണ് കാട്ടിക്കൂട്ടുന്നത്. റീത്തക്കും ചില മനം മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. റാണി കുറച്ചു ദിവസം മുൻപ് പറഞ്ഞ കാര്യങ്ങൾ മനസ്സിൽ ഓർക്കുകയും ചെയ്തു. ശത്രുത മറന്ന് മറ്റുള്ളവരുടെ സംഭാഷണങ്ങൾക്ക് മറുപടി വെറുപ്പ് മറച്ചു പിടിച്ചു കൊണ്ട് തന്നെ നൽകുകയും ചെയ്തു. അങ്ങിനെ ചുരുങ്ങിയ സമയം കൊണ്ട് കുട്ടികൾ തമ്മിൽ പരസ്പര ധാരണയിൽ കഴിയാമെന്ന സ്ഥിതിയാകുകയും ചെയ്തു.

- തുടരും.

- സലിംരാജ് വടക്കുംപുറം.


© Salimraj Vadakkumpuram