...

2 views

ഭാഗം 19
ഭാഗം 19
മലിനീകരണം
സെമിനാറിന്റെ മൂന്നാം ദിവസം കുറച്ചു കൂടി മനസ്സിലാകുന്ന മലിനീകരണത്തെക്കുറിച്ചായിരുന്നു. ഇതീൽ പറഞ്ഞ കാര്യങ്ങളൊക്കെ ഗൗരവമായി കാണേണ്ടവയാണ്.


'ഭൂമിയിലെ ജീവവർഗങ്ങളിൽ, പ്രകൃതിക്ക്
കൃത്രിമ മാറ്റംവരുത്താൻ കഴിവുള്ള ഒരേ
ഒരു ജീവി മനുഷ്യനാണ്. മനുഷ്യ നിർമ്മിത
മാറ്റങ്ങൾ എല്ലാ ജീവവർഗങ്ങളുടെ
നിലനില്പിനേയും ഭീഷണിപ്പെടുത്തുന്നു.
മനുഷ്യനുണ്ടാക്കുന്ന ദോഷങ്ങളിൽ,
ഏറ്റവും ഗുരുതരമായത് മലിനീകരണമാണ്. മാനവസംസ്കാര
പരിണാമത്തിന്റെ ഉപോല്പന്നങ്ങളാണ്
മാലിന്യങ്ങൾ. മനുഷ്യന്റെ അലസതയും
അജ്ഞതയും മാലിന്യങ്ങളെ മണ്ണിലേക്കും
ജലത്തിലേക്കും വായുവിലേക്കും കലരാൻ
അനുവദിക്കുന്നു.

പ്രകൃതി ഘടകങ്ങൾക്ക് നിലനില്ക്കാനുള്ള
ജന്മസിദ്ധമായ അവകാശത്തെ മലിനീകരണം ഭീഷണിപ്പെടുത്തുന്നു.
വായുവിൽ നിറയുന്ന വിഷബാഷ്പങ്ങളും
വാതകങ്ങളും മണ്ണിലെ ഖരമാലിന്യങ്ങളും
ജലത്തിലെ രാസസംയുക്തങ്ങളും
പരിസ്ഥിതിയെ വിഷമയമാക്കുന്നു.
ഭൂമണ്ഡലത്തെ വിട്ട് ശൂന്യതയിലേക്കു കുതിക്കുന്ന മനുഷ്യൻ, അവിടെയും
മാലിന്യക്കൂമ്പാരമുണ്ടാക്കും എന്നതിന്
സംശയമില്ല.

ഒരുകാര്യം തുറന്നു പറയട്ടെ. നമ്മുടെ
പ്രാസംഗികർ പറയുന്നതുപോലെ,
മനുഷ്യജന്യ മാലിന്യങ്ങളൊന്നും ലോകാവസാനം വരെ നശിക്കാതെ
അവശേഷിക്കില്ല. ഏതു വിഷത്തെയും
മാലിന്യത്തെയും പ്രകൃതി സാംശീകരിച്ച്
ശുദ്ധീകരിക്കും.ആ പ്രക്രിയ ഏറെ
നാളുകൾ നീണ്ടു നിൽക്കുന്നതാണ്.
മനുഷ്യന്റെ പല തലമുറകൾ, പ്രകൃതി
മാറ്റത്തിന് ചെറിയ കാലയളവാണ്.

നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും
പൂർണമായ അറിവോടെയല്ല. നമുക്ക്
അറിവു സമ്പാദിക്കാൻ സൃഷ്ടികർത്താവ്
നല്കിയ തലച്ചോറിന്റെ രണ്ടു ശതമാനം
മാത്രമേ നമ്മൾ ഉപയോഗിക്കുന്നുള്ളു.
ആ രണ്ടു ശതമാനത്തിന്റെ ചിന്തകളും
കണക്കുകൂട്ടലുകളും തികച്ചും ശരിയാവണമെന്നില്ല. നമ്മുടെ ജീവിത
കാലത്തിന്റെ പരിധിയിലായിരിക്കില്ല
പ്രകൃതിയുടെ പുനരുജ്ജീവനയജ്ഞം
പൂർണമാവുന്നത്. (ഈ ചിന്തകൾ
സാധാരണ മനുഷ്യന്റെ ചിന്താമണ്ഡലത്തിന് ഉപരിയായ ബ്രഹത്
മണ്ഡലത്തിൽനിന്നു ചിന്തിക്കുമ്പോഴാണ്
ഉടലെടുക്കുന്നത്.)

സാഗരമാലിന്യം മൂലം മീനുകൾ ചത്തൊടുങ്ങിയാലും കടൽപ്പക്ഷികൾക്ക്
വംശനാശം നേരിട്ടാലും പ്രകൃതിയുടെ
നിലനില്പിനെയാണ് ബാധിക്കുന്നത്.
( മീനും കടൽപ്പക്ഷിയും പ്രകൃതിയുടെ
ഭാഗമാണ്) അമ്ലമഴപെയ്ത് മണ്ണിന്റെ
പി.എച്ച്.മാറുമ്പോൾ, മണ്ണിരയും,അണുജീവികളും,സസ്യ   വർഗവും നാമാവശേഷമാവുമ്പോൾ;
പ്രകൃതിക്ക് സ്വാഭാവിക രീതിയിൽ നിലനില്ക്കാൻ കഴിയാതെ വരുന്നു.
ഭക്ഷ്യ ശൃംഖലയിലെ കണ്ണികൾ തകരുന്നു.
പ്രകൃതി സന്തുലനം താളം തെറ്റുന്നു.

മലിനീകരണം കുറയ്ക്കാൻ, പരിസ്ഥിതി
സൗഹൃദമായ സാങ്കേതിക വിദ്യകൾ
കണ്ടെത്തണം. എയർ കണ്ടീഷനറുകൾ
പുറത്തുവിടുന്ന വിഷവാതകങ്ങൾ,
ഓസോൺ പാളിയെ അലിയിക്കും എന്ന്
മനസ്സിലാക്കിയിട്ടുണ്ട്. ഏ.സി. കൂടാതെ
തണുപ്പ് പ്രകൃതിദത്തമായി നിലനിൽക്കുന്ന
നിർമാണ ശൈലി, ചിതലുകളെ നോക്കി പഠിക്കാം. ചിതൽപ്പുറ്റിനകത്ത് 'ഏസി'യിലെ ഊഷ്മാവ് നിലനില്ക്കുന്നു.

ചുരുക്കത്തിൽ, ദീർഘനാളത്തേക്ക്
പ്രകൃതിക്ക് മാറ്റം സംഭവിക്കാത്ത സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്
നമ്മുടെ വ്യവസായശാലകളെയും
ജീവിത ശൈലിയേയും തിരുത്തിയെടുക്കണം. വൃക്ഷങ്ങളും
പാറക്കെട്ടുകളും പുഴയും കായലും
കടലും വായുവും ആകാശവും പുനരുജ്ജീവനത്തിന് സാദ്ധ്യമാകുന്ന
രീതിയിൽ, മാനവ ജീവിതശൈലി
മാറ്റിയെടുക്കണം. അതിനു പശ്ചാത്തലമൊരുക്കാൻ വിദ്യാഭ്യാസ
രംഗവും നിയമവ്യവസ്ഥയും
നീതിന്യായ നിർവഹണ വ്യവസ്ഥയും
മാറ്റങ്ങൾക്ക്  വിധേയമായേ തീരു.'

            
© Rajendran Thriveni