ഹൃദയ നുറുങ് 💞
നനുത്ത ഇളം കാറ്റു ജനലിൽ കൂടെ തട്ടി കയറി മാടി വിളിച്ചപ്പോൾ ആണ് ഉണർന്നത്. രണ്ട് ദിവസമായി ട്രെയിൻ ഇന് ഉള്ളിൽ തന്നാണ്. കാറ്റും വെയിലും മഴയും മഞ്ഞും ഒക്കെ കടന്ന് മലയുടെ അടിയിലൂടേം, നദിയുടെ മുകളിലുടേം ചീറി പാഞ്ഞു പോവുകയാണ്.ഇടക്ക് രസം പിടിക്കുമ്പോൾ ഒരു ചൂളം അടിയും. പിന്നെ ഉള്ളിൽ ഉള്ള എല്ലാരേം കുലുക്കി കളിക്കുവാ...
ഉറക്കം ആണ് ഈ യാത്രയിൽ മെയിൻ, എന്നാലും അവസാന ദിവസം രാവിലെ ഒരു ആറു മണി കഴിയുമ്പോൾ ഇപ്പറഞ്ഞ കാറ്റു നമ്മളെ മാടി വിളിക്കും. മറ്റെല്ലാ ഇടങ്ങളെക്കാളും കണ്ണിനു വിരുന്നേകുന്ന പുലരി നമ്മുടെ കേരം തിങ്ങിയ നാട്ടിലെ ഉള്ളു എന്ന് തോന്നിപോയിട്ടുണ്ട്.
ഇപ്പോൾ നിങ്ങൾ ഓർത്തിട്ടുണ്ടാവും പാവം നാട് കാണാൻ രാവിലെ എഴുന്നേറ്റതാണെന്ന്, അല്ല കേട്ടോ., !🤓
പാലക്കാട് ജംഗ്ഷൻ ഒന്ന് കാണാൻ വേണ്ടിയാ, അവിടെ കുറച്ചു സമയം ചൂളം അടിച്ചു വണ്ടി നിർത്തും, അപ്പോൾ രാവിലത്തെന് കഴിക്കാൻ എന്തേലും വാങ്ങും. പിന്നെ കണ്ണുകൾ എത്താവുന്ന ഇടത്തു ഒക്കെ പരതും. ഒരാളെ....
"ലോകം ഉണ്ടയാണ് എവിടെങ്കിലും ഒക്കെ വെച് കാണാം എന്ന് പറയുന്നത് വെറും, ഓട്ടോഗ്രാഫ് വരികൾ മാത്രമാണ്."
ഈ "ദേജാ വു " എന്ന് പറയുന്ന സംഭവം പണ്ടേ ഉണ്ട്. ചില സ്ഥലങ്ങൾ, വസ്തുക്കൾ ആളുകൾ.... പക്ഷേ ഇത്ര ഹൃദയത്തിൽ തൊട്ട ഒരു അനുഭവം വേറെ ഇല്ല.
.. ***********************...
അഞ്ചു വർഷം മുൻപേ..
ആദ്യമായി ഒരു നീളൻ ട്രെയിൻ യാത്ര. മൂന്ന് ദിവസം ആണ് യാത്ര . അമ്മയും ഞാനും. ഓരോരോ സ്റ്റേഷനിൽ നിന്നും കയറി ഓരോരുത്തരായി അവരവരുടെ സ്ഥാനം പിടിച്ചു. ഞങ്ങളുടെ എതിരെ ഇരുന്ന ചേട്ടൻ കാര്യമായി എന്തോ ഒരു വീഡിയോ കണ്ട് രസിക്കുകയാണ്. ഒന്ന് രണ്ട് പേർ ഗൗരവക്കാർ. ചിലർ ഉറക്കംതൂങ്ങികൾ.
ചേട്ടനോട് പിന്നീട് സംസാരിച്ചപ്പോൾ ആണ്, വീഡിയോയുടെ രസം മനസിലായത്. സ്വന്തം കല്യാണ വീഡിയോ കാണുവാ. കെട്ടിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളു. പട്ടാളക്കാരൻ ആണ്. പോയല്ലേ പറ്റു.പിന്നെ ഞങ്ങൾ കമ്പനി ആയി. സംസാരം ഒക്കെ തുടങ്ങി.
തിരക്കുള്ള സമയം ആയതുകൊണ്ട് വളരെ പേർക്കു ടിക്കറ്റ് പോലും കിട്ടീട്ടില്ല വെയ്റ്റിംഗ് ലിസ്റ്റ് ഇൽ ആണ്. കയറിയപ്പോൾ മുതൽ ഒരു കൂട്ടുകാരന്റെ കാര്യം പറയുന്നുണ്ടാർന്നു. ഒടുവിൽ പാലക്കാട് ആയപ്പോൾ നമ്മുടെ ആള് കൂടെ വന്നു. സീറ്റ് കൺഫേം ആയിട്ടില്ല. അപ്പോൾ കൂട്ടുകാരനോടൊത് സീറ്റ് ഷെയർ ചെയ്യാൻ ആണ്. ആദ്യം ആ ചേട്ടനെ കണ്ടപ്പൊൾ ഒന്നും തോന്നിയില്ല പക്ഷേ. പിന്നീട് ആ ചിരിയും, പിന്നെ എന്തൊക്കെയോ കാന്തിക ശക്തിയോടെ എന്നെ ആകർഷിച്ചു.പ്രപഞ്ചത്തിലെ ഏറ്റവും സുന്ദര വസ്തുവിനെ കണ്ടത് പോലെ. ഹൃദയം കൂടു പൊട്ടിച്ചു വെളിയിൽ വരുമോ എന്ന് തോന്നി. ഇപ്പോളത്തെ ഭാഷയിൽ പറഞ്ഞാൽ "സ്ടാൽകിങ് "ഓ "ക്രഷ് "ഓ എന്നൊക്കെ പറയാം.പക്ഷേ ആ വികാരം ഇന്നും വർണിക്കാൻ അറിയില്ല. രണ്ടാം രാത്രിയിൽ ഉറക്കം വന്നില്ല അപ്പർ ബെർത്തിൽ തന്നെ നോക്കി കിടന്നു. രണ്ട് കൂട്ടുകാരും കഷ്ടപ്പെട്ട് ഒരു സീറ്റിൽ കിടക്കുകയായിരുന്നു. അരണ്ട വെളിച്ചത്തിൽ ആ മുഖംതന്നെ ഇങ്ങനെ നോക്കി കിടക്കാൻ തോന്നി.കാറ്റടിച്ചു മുടിയിഴകൾ പാറുന്നതും, മിന്നി മായുന്ന വെളിച്ചത്തിൽ ആ കണ്തടങ്ങളും. അറിയില്ല എന്ത് തരം ജാലം ആയിരുന്നെന്ന്. ഉറക്കത്തിനിടയിൽ ചേട്ടൻ തിരിഞ്ഞു കിടന്നപ്പോൾ എന്തോ ഒരു വിഷമം.
യാത്രയുടെ അവസാന ദിവസം. വെറും ഒരു തോന്നലുകൾ എന്ന് തലച്ചോറ് പറഞ്ഞു, ഹൃദയം എന്തോ ഒന്നും മിണ്ടിയില്ല. ചീട്ടു കളിയും, കഥ പറച്ചിലുകളും, സാംസ്‌കാരിക സംഭാഷണങ്ങളും ചർച്ചകളും ഒക്കെയായി അവസാന നിമിഷങ്ങൾ. ഞാനും ആ ചേട്ടനും അധികം മിണ്ടാത്തവർ ആയിരുന്നു. പുഞ്ചിരികൾ മാത്രം.
ലാസ്റ്റ് സ്റ്റേഷൻ എല്ലാവരും സ്വർഗത്തിൽ നിന്ന് സ്വരുക്കൂട്ടിയ ഭാരിച്ച പെട്ടികൾ ഉന്തി നടന്നു, ഒരു ഓട്ട പാച്ചിലിലേക്ക്. ഇനി ഒരിടവേള എന്ന്, എന്ന ചോദ്യം മനസ്സിൽ ഉയരുന്ന നിമിഷം.
ഞങ്ങളെ സ്വീകരിക്കാൻ അവിടെ കുടിയേറിയ ബന്ധുക്കൾ എത്തി. വഴികാട്ടികൾ. വിടവാങ്ങലിന്റെ വിരഹം ഒന്നും തോന്നിയില്ല. ഒരു നിമിഷത്തേക്ക് ഹൃദയം മരവിച്ച പോലെ. പുതിയ ലോകം പുതിയ കാഴ്ചകൾ, പുതിയ മനുഷ്യർ.
രണ്ട് കൂട്ടുകാരും പട്ടാള പെട്ടിയുമായി ഞങ്ങളുടെ പിറകിൽ തന്നെ എക്സിറ് ഗേറ്റിൽ ഉണ്ടായിരുന്നു. അന്ന് ഒരു പ്രേത്യേക ചെക്കിങ് ഉണ്ടായിരുന്നു. പെട്ടികൾ കേറ്റി വിട്ടു. എന്റെ സൈഡിൽ ആയി ആ ചേട്ടനും.
""പോലീസുകാർ, ഈ ചെക്കിങ് കൌണ്ടർ, കൂടെ അമ്മ, വലതു കൈയോരത്തു ആരോ പ്രിയപ്പെട്ടയാൾ,പിരിയുന്ന നിമിഷം. ഹൃദയത്തിന്റെ വിങ്ങൽ ഇനി കാണാനാവുമോ എന്ന ഒരു വികാരം " ആ നിമിഷം ഒരിക്കൽ കണ്ണിൽ തെളിഞ്ഞു മാഞ്ഞപ്പോൾ പണ്ടൊരു നാൾ പുലരിയിൽ ഞാൻ ഉണർന്നിരുന്നു. കണ്ട് മറന്ന പോലെ
അന്നും അതെ വിങ്ങൽ തോന്നി. അറിയില്ല ഹൃദയത്തിനിടയിലെ നൂലിഴകൾ പൊട്ടിപ്പോയപോലെ.തിരിഞ്ഞ് നോക്കി ഒരു വട്ടം കൂടെ ആ മുഖം കണ്ടു. പിന്നെ ജനത്തിരക്കിൽ എവിടേക്കോ മാഞ്ഞു. ആ ചേട്ടൻ എന്നെ അത്രക്ക് ശ്രേദ്ധിച്ചിട്ടില്ല എന്ന് തോന്നി.
എങ്കിലും ഇന്നും പാലക്കാട് ജംഗ്‌ഷൻ എത്തുമ്പോൾ തിരയും ആ മുഖം. ഇപ്പോൾ ആ മുഖവും ഓർമയിൽ നിന്ന് മായുന്നു, പേരും അറിയില്ല. എന്നാലും ഹൃദയത്തിന്റെ പകുതി നഷ്ടപ്പെട്ട ആ വികാരം. അറിയില്ല ഏതു ജാലമായിരുന്നു എന്ന്. ശരീരങ്ങളെക്കാൾ ഹൃദയത്തിന്റെ അകൽച്ച വലുതാണ്. പ്രണയിച്ചിട്ടില്ല എങ്കിലും ആ നിമിഷം പിരിയുന്നവരുടെ വേദന മനസിലാക്കി തന്നു. എല്ലാം മായ. " ദേജാവു "എന്ന് വിളിക്കാം അല്ലേ !!ഒരു പക്ഷേ പാലൊ കൊയിലോ യുടെ ബ്രിഡക്ക് കാണാൻ ആയതു പോലെ ഇടത്തു തോളിൽ ആ തിളക്കം കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.