...

6 views

പാവം എലി
വിനു നാട്ടിൽ നിന്നും ജോലിതേടി കോയമ്പത്തൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്തിരുന്ന കാലം. രണ്ട് സുഹൃത്തുക്കൾ ഒന്നിച്ച് ഒരു ചെറിയ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഭക്ഷണം സ്വയം പാകം ചെയ്ത് ആണ് കഴിച്ചിരുന്നത്. ദിവസവും ഉച്ചയ്ക്ക് താമസസ്ഥലത്ത് വന്നാണ് ഊണ് കഴിക്കുക.
ഒരു ദിവസം റൂമിൽ ഉച്ചയ്ക്ക് വന്നപ്പോൾ റൂമിൽ വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ ഒരു എലിക്കുഞ്ഞ് വയറ് വീർത്തു പൊന്തി കിടക്കുന്നതാണ് കണ്ടത്.
വീട്ടിലെ മുകളിലെ ഓടിൽനിന്ന് വീണതാണെന്ന് തോന്നുന്നു. ആ എലിയുടെ ദയനീയമായ അവസ്ഥ കണ്ടപ്പോൾ അതിനെ വെള്ളത്തിൽ നിന്ന് താഴെ തറയിൽ എടുത്ത് വച്ചു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന് നോക്കുമ്പോൾ എലിക്കുഞ്ഞ് ക്ഷീണം എല്ലാം മാറി റൂമിൽ നടക്കുന്നതു് കണ്ടു. അന്ന്മുതൽ എലിക്കുഞ്ഞ് വിനുവുമായി ഇണക്കമായി. ഊണ് കഴിക്കാൻ നേരം അടുത്തു വരുകയും ഭക്ഷണം ഇട്ട് കൊടുത്താൽ അത് ഭക്ഷിക്കുകയും ചെയ്യും.

വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയ സുഹൃത്ത് ദാസൻ എലികുഞ്ഞിനെ കണ്ട് സംശയം പ്രകടിപ്പിച്ചു. ഇത് നമ്മുടെ തുണികളും ബാഗും മറ്റും കടിച്ചു നുറുക്കുമോ എന്നാണെന്റെ സംശയം എന്ന് പറഞ്ഞു. എങ്കിലും കുഞ്ഞ് എലിയുടെ ശാന്തമായ കാഴ്ച ദാസന് അതിനോട് ഇഷ്ടം തോന്നിയെന്നു പറയാം.
അങ്ങിനെ നാല് ദിവസം ആ മുറിയിൽ എലിക്കുഞ്ഞ് കഴിഞ്ഞു.
അടുത്ത ദിവസം ഉച്ചയ്ക്ക് വിനു ഊണ് കഴിക്കാൻ വീട്ടിൽ വന്നു. വാതിൽ തുറന്നു നോക്കിയപ്പോൾ മറ്റൊരു എലിക്കുഞ്ഞു കൂടി കണ്ടു. അതിനിടയിൽ രണ്ട് എലികളും കൂടി അന്യോന്യം കടികൂടാൻ തുടങ്ങി. ഓടിക്കാൻ നോക്കിയിട്ടും രണ്ട് പേരും പിന്മാറുന്ന ഉദ്ദേശം ഇല്ലാത്ത അവസ്ഥ. ഒരാൾ വിനു രക്ഷിച്ചതിൻറ അധികാരത്തിലും മറ്റൊരു എലി അധികാരം നേടാനുള്ള ശ്രമത്തിലാണ് ഈ കടിപിടിത്തം നടത്തുന്നത്. എന്നാൽ വിനുവിന് കമ്പനിയിൽ പോകേണ്ട സമയം വൈകി തുടങ്ങി. ഊണ് കഴിക്കാൻ കഴിയാത്ത അവസ്ഥയാണ്.
സഹികെട്ട് ദേഷ്യം തോന്നി അവസാനം രണ്ട് എലികളെയും തല്ലിക്കൊന്നു പുറത്ത് കൊണ്ട് പോയി ഇടുകയും ചെയ്തു.
അങ്ങിനെ ആ എലികളുടെ കടിപിടുത്തവും സൗഹൃദവും ഒരേ നിമിഷത്തിൽ അവസാനിച്ചു.

- സലിംരാജ് വടക്കുംപുറം -

© Salimraj Vadakkumpuram