...

3 views

ബഹാറിലെ പാർവ്വതി / വാണി വിൻസന്റ്
സന്ധ്യ, പാർവ്വതിയുടെ വീട്ടിലെത്തുമ്പോൾ പടിപ്പുരവാതിലിനോട് ചേർന്ന് പിച്ചളയിൽ മനോഹരമായ അക്ഷരങ്ങളോടെ 'ബഹാർ' എന്ന പേര് കൊത്തിയ ഫലകം...
അവളെ ഒരുപാട് ഓർമ്മകളിലേക്ക് നയിച്ചു. ആ ഫലകത്തിലെ അക്ഷരങ്ങളിൽ തലോടി ഒരു നിമിഷം സന്ധ്യ നിന്നു. കിലുക്കാംപെട്ടി പോലെ ചിരിച്ചുകൊണ്ട് അടുത്തെത്തിയ പാർവ്വതി അവളെ ഓർമ്മകളിൽനിന്നും ഉണർത്തി. കണ്ടപാടെ രണ്ടുപേർക്കും പരസ്പരം ചേർത്തണയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല. നിറയെ പൂച്ചെടികളും ചിത്രപ്പണികളും നിറഞ്ഞ ആ വീട് ഏറെ മനോഹരമായിരുന്നു. അവിടത്തെ ഓരോ പൂച്ചെടികളും ചിത്രവാതിലുകളും തന്നെ സ്വാഗതം ചെയ്യുന്നതായി സന്ധ്യക്ക് തോന്നി. പൂക്കളം മുറ്റത്തിനൊരു അഴകായി സ്ഥാനം പിടിച്ചിരുന്നു. ലോകത്തിന്റെ ഏതുകോണിൽനിന്നും താൻ ഓണത്തിന് ഈ വീട്ടിലെത്തുമെന്ന് പാർവ്വതി പറഞ്ഞിരുന്നത് സന്ധ്യ ഓർത്തു.

തന്റെ പ്രിയസ്വത്തായ കൂട്ടുകാരിയെ പടിവാതിൽക്കൽ കണ്ടതിന്റെ സന്തോഷത്തിൽ ഉപചാരങ്ങളെല്ലാം മറന്നുപോയ പാർവ്വതിയുടെ സീമന്തരേഖയിൽ അവളുടെ കുസൃതിയുടെ ലക്ഷണമായി സ്ഥാനം പിടിച്ചുകൊണ്ട് നെറ്റിയിലേക്കിറങ്ങി തലയെടുപ്പോടെ നിന്ന സിന്ദൂരസാന്നിധ്യം സന്ധ്യയിൽ മധുരച്ചിരി ഉണർത്തി. സംഗീതകോളേജിലെ പഠനകാലത്തും വിവാഹംവേണ്ടന്ന തീരുമാനം ഉണ്ടായിരുന്ന പാർവ്വതി സീമന്തരേഖയിൽ സിന്ദൂരമിട്ടിരുന്നതിന്റെ കാരണമായി പറഞ്ഞിരുന്നത് വിവാഹം വേണ്ടെങ്കിലും ഈ തിലകം തനിക്കിഷ്ടമാണെന്നാണ്. വേദികളും റെക്കോർഡിംഗുകളുമായി ലോകമറിയുന്ന സംഗീതജ്ഞ ആയിട്ടും കുട്ടിക്കുസൃതിക്ക് ഒട്ടും കുറവില്ലെന്ന് നൂറുകണക്കിന് ശിഷ്യസമ്പത്തുള്ള, സ്വന്തമായി സംഗീതവിദ്യാലയം നടത്തുന്ന സന്ധ്യ ഓർത്തു.

തിരുവോണത്തിന് പുളിയിലക്കര സെറ്റുസാരിയിൽ ഒരുങ്ങിയപ്പോൾ അരക്കെട്ടിനൊപ്പം നീണ്ട് ഇടതൂർന്ന തലമുടിയിൽ പാർവ്വതി ഐശ്വര്യമുഖി ആയി. ആലിലനിറപശ്ചാത്തലത്തിൽ വള്ളംകളിയും പൂക്കളും പ്രിന്റ് ചെയ്ത കേരള ചുരിദാറിലായിരുന്നു സന്ധ്യ.

പഠനകാലം കഴിഞ്ഞ് എല്ലാവരും പല രീതികളിൽ വഴിപിരിഞ്ഞ് മുന്നോട്ട് പോവുമ്പോൾ നാളുകൾക്കുമുമ്പ് തന്നെത്തേടിയെത്തിയ ഫോൺകോളിൽ മുത്തുമണി കിലുങ്ങുന്നതുപോലത്തെ പാർവ്വതിച്ചിരി കേട്ട സന്ധ്യയിൽ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. തന്റെ ഏറ്റവുമടുത്ത കൂട്ടുകാരി പ്രശസ്തിയിലേക്ക് കുതിക്കുന്നത് അറിയുമ്പോഴെല്ലാം അഭിമാനത്തോടെ സന്തോഷിച്ചെങ്കിലും സന്ധ്യ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നില്ല.

വീടു ചുറ്റിക്കാണുന്നതിനിടയിൽ പാർവ്വതി നിറുത്താതെ സംസാരവും ചിരിയും തുടർന്നു; ഇടക്കിടെ സന്ധ്യയുടെ വിശേഷങ്ങൾ തിരക്കലും. വായാടി ആയ കുസൃതി ആണെങ്കിലും അവളുടെ സംസാരത്തിൽപ്പോലും സംഗീതമുണ്ട്; അതുകൊണ്ടുതന്നെ ഏറെ ആസ്വാദ്യവുമാണ്.

സന്ധ്യ കർണ്ണാട്ടിക്കിൽ ഗവേഷണവുമായി നീങ്ങിയപ്പോൾ പാർവ്വതി ഹിന്ദുസ്ഥാനിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രസിദ്ധമായ ബഹാർ രാഗം പാർവ്വതി വിസ്തരിക്കുമ്പോൾ എത്ര വലിയ സദസ്സും മുഴുകിപ്പോവുന്ന അത്രയും മനോഹരമാവും. അങ്ങനെ തുടക്കകാലത്ത് വീണുകിട്ടിയ ബഹാർ എന്ന വിളിപ്പേരിനെ അവൾ പിന്നീട് സർനെയിം ആയി കൂടെക്കൂട്ടി. കർണ്ണാട്ടിക്കിൽ നിമിഷങ്ങൾകൊണ്ട് രാഗമാലിക വികസിപ്പിക്കുന്ന സന്ധ്യയോട് തനിക്ക് അസൂയ തോന്നാറുണ്ടെന്നാണ് പാർവ്വതിയുടെ പക്ഷം.

വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം സംഗീതവിശേഷങ്ങളുടെ മേമ്പൊടിയുമായപ്പോൾ കൂട്ടുകാരികൾക്ക് ഇരട്ടിമധുരഹർഷം. കുറേ നേരം സംഗീതവും വിശേഷങ്ങളുമായി ഇരുവരും കൂടി. സംഗീതമാണ് ജീവിതമെന്ന തിരിച്ചറിവിൽ വിവാഹത്തോട് മുഖം തിരിച്ചു നീങ്ങുന്ന ഇരുവരും പ്രതിഭത്തിളക്കത്തിലും സമാനതകളുമായി കുതിക്കുകയാണ്.

തിരിച്ചുപോവാനിറങ്ങുമ്പോൾ ഇരുവർക്കും മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല. കാറിനടുത്തുവരെ സന്ധ്യയെ പാർവ്വതി അനുഗമിച്ചു. കാർ മുന്നോട്ട് നീങ്ങുമ്പോൾ കണ്ണെടുക്കാതെ നോക്കിനിൽക്കുമ്പോഴും ഒന്നും പറഞ്ഞുതീർന്നില്ലല്ലോ എന്നും ഇനിയുമൊത്തിരി പറയാനുണ്ടല്ലോ എന്നും മനസ്സ് പറഞ്ഞപ്പോൾ പാർവ്വതിയുടെ കണ്ണുകൾ ഈറനണിഞ്ഞു. സന്ധ്യയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.

© PRIME FOX FM