...

2 views

ഭാഗം 15 പ്ലാസ്റ്റിക്ക് എന്ന പാവം
ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 15.

പ്ലാസ്റ്റിക് എന്ന പാവം


കയ്യിൽ കിട്ടിയ പ്ലാസ്റ്റിക് ഷീമ്മിക്കൂടും കൊണ്ട് മാമ്പഴം പെറുക്കാൻ ഓടുമ്പോഴാണ്, അയലത്തെ വീട്ടിലെ പോലീസ് മാമൻ എതിരെ വരുന്നത്.
"എടാ ഉണ്ണീ, അവിടെ നില്ക്ക്."
" എന്താ മാമാ?"
"നിന്റെ കൈയ്യിൽ ഇരിക്കുന്ന സാധനം എന്താ?"
"കൂട്."
"എന്തു കൂട്? "
"പ്ലാസ്റ്റിക് കൂട്"
"പ്ലാസ്റ്റിക് കൂടുകൾ നിരോധിച്ച പഞ്ചായത്തല്ലേ ഇത്? ഇതുകൊണ്ടു നടക്കാൻ പാടില്ല."
"പ്ലാസ്റ്റിക് എന്തു കുറ്റമാ ചെയ്തത്?"
" ഉണ്ണിക്കുട്ടാ, തർക്കിക്കാൻ നില്ക്കാതെ. നീ മറുചോദ്യം ചോദിച്ച് മിടുക്കനാവല്ലേ, കൂടുതൽ വിശദീകരണമൊന്നും ആവശ്യമില്ല."

ഈ സമയത്ത് കുട്ടപ്പൻ സർ ആ വഴി വന്നു.
സർ: " എന്താ രണ്ടു പേരും തമ്മിലൊരു തർക്കം? പോലീസിനെ, ഉണ്ണിക്കുട്ടൻ ഉത്തരം മുട്ടിച്ചു കാണും!"

പോലിസ്: "എന്തുത്തരം മുട്ടിക്കാൻ? എനിക്കല്പം ധൃതിയുണ്ട്, ഞാൻ പോകുന്നു. സാറ് പ്ലാസ്റ്റിക്ക് കൊണ്ടുള്ള ദോഷങ്ങൾ ഇവനൊന്നു പറഞ്ഞുകൊടുക്കൂ."

സർ: "ഉണ്ണിക്കുട്ടാ, നമുക്കാ തണലിലിരുന്ന് സംസാരിക്കാം. നിനക്കെന്താ അറിയേണ്ടത്?"

" മാഷേ, ഈ പ്ലാസ്റ്റിക് വലിയ പ്രശ്നക്കാരനാണോ?" " ഉണ്ണിക്കുട്ടാ, അവ ജൈവവിഘടനത്തിന് വിധേയമാകാത്തതുകൊണ്ട്, മണ്ണിലലിയാതെ, ദ്രവിക്കാതെ കിടക്കും എന്നതാണ് ദോഷം."
" എന്നാൽ അതിന്റെ നിർമാണം വില്പന എന്നിവ നിറുത്തിക്കൂടേ?"
" സാധ്യമല്ല, എത്രയോ പ്രധാനപ്പെട്ട വസ്തുക്കളാ പ്ലാസ്റ്റിക്കുകൊണ്ട് നിർമിക്കുന്നത്? ഹൃദയ വാൽവും കണ്ണിന്റെ ലെൻസും അസ്തികളും പല്ലുകളും കുഴലുകളും കൃത്രിമമായി നിർമിക്കുന്നത് പ്ലാസ്റ്റിക്കുകൊണ്ടാണ്. വീടു നിർമാണത്തിനും ഫർണിച്ചറുണ്ടാക്കാനും നിത്യോപയോഗ സാധനങ്ങളുടെ നിർമാണത്തിനും പ്ലാസ്റ്റിക്ക് വേണം."

" അപ്പോൾ, പ്ലാസ്റ്റിക്ക് കൂടാതെ ജീവിക്കാൻ വയ്യ. എന്നിട്ടും അതിനെ ഏറ്റവും വലിയ ശത്രുവായി മുദ്ര കുത്തുകയും ചെയ്യുന്നു. മനുഷ്യന്റെ പാപ്പരത്തം!"
"അതെന്താ നീ അങ്ങനെ പറഞ്ഞത്?"
" ഏറ്റവും ഉപകാരിയായ ഒരു വസ്തുവിനെ
നന്ദി കാട്ടാതെ, വർഗശത്രുവായി കാണുന്നതു കൊണ്ട്."
" പ്ലാസ്റ്റിക്ക് മണ്ണിനെ നശിപ്പിക്കുമെന്നത് ശരിയല്ലേ?"
" ശരിയല്ല, പ്ലാസ്റ്റിക്കല്ല ദോഷക്കാരൻ, മനുഷ്യനാണ്. പ്ലാസ്റ്റിക്കിനെ അവിടെയും ഇവിടെയും വലിച്ചെറിയുന്നത് ആരാണ്?
ജൈവ വിഘടനം സംഭവിക്കാത്ത പ്ലാസ്റ്റിക്കിനെ രാസവിഘടനത്തിന് വിധേയമാക്കിക്കൂടേ? അതിനുള്ള സാങ്കേതിക വിദ്യ മനുഷ്യൻ വികസിപ്പിച്ചില്ലേ? ഇല്ലെങ്കിൽ എന്തുകൊണ്ട്?"
"അതു ശരിയാണല്ലോ."
" എല്ലും പല്ലും ഹൃദയവും കണ്ണും കുഴലും നിർമിക്കുന്ന വസ്തുവിനെ ആക്ഷേപിക്കുന്നത് മോശം! അതിനെ ചെറുക്കാൻ സംഘടനയുണ്ടാക്കിയത്, സാംസ്കാരിക പാപ്പരത്തം! ഇന്ന് ജനലും കതകും അലമാരിയും മറ്റു വീട്ടുപകരണങ്ങളും പ്ലാസ്റ്റിക്ക് നിർമിതമാണ്. ഈ പ്ലാസ്റ്റിക്ക് ഇല്ലായിരുന്നെങ്കിൽ ഭൂമുഖത്ത് മരങ്ങൾ അവശേഷിക്കില്ലായിരുന്നു."

" ഉണ്ണിക്കുട്ടാ, സമ്മതിക്കുന്നു, നിന്റെ ചിന്ത മറ്റൊരു തലത്തിലാ!"
"ശരിയല്ലേ മാഷേ, ഇവിടെ വനനശീകരണം കൂടുതലാകാതെ തടയുന്നത് പ്ലാസ്റ്റിക്കിന്റെ ഉപയോഗമാണ്. അത് പുനരുപയോഗ സാധ്യതയുള്ള വസ്തുവാണ്, വിലക്കുറവുള്ളതാണ്. അതിനെ ബുദ്ധി ശൂന്യമായി വലിച്ചെറിഞ്ഞിട്ട്, കുറ്റം പറയുന്ന പ്രകൃതി സ്നേഹികൾ നന്ദികെട്ടവർ തന്നെ!

നമ്മുടെ ശാസ്ത്ര പാഠപുസ്തകത്തിൽ പ്ലാസ്റ്റിക്ക് എന്ന നിർമാണവസ്തുവിനെ
പുനരുപയോഗം ചെയ്യുന്നതിനെപ്പറ്റി പാഠങ്ങളുണ്ടാവണം. പ്രായോഗിക പരിശീലനമുണ്ടാവണം. ശരിയല്ലേ?"

" എന്റെ ഉണ്ണിക്കുട്ടാ, ഞാനല്ല, നീയാ മാഷ്.
നിന്നോട് സമാധാനം പറയാൻ എനിക്കു കഴിയില്ല. നീ പറയുന്നത് കാര്യമാണ്."

" ശരി മാഷേ, ഉണ്ണിക്കുട്ടന് ഒത്തിരി അറിവൊന്നുമില്ല. കണ്ടു കേട്ടും മനസ്സിലാക്കിയ കുറേ അറിവുകളെയുള്ളു . ഈ പ്രകൃതിയല്ലേ ഏറ്റവും വലിയ ഗുരു?"

" വാസ്തവം വാസ്തവം." മാഷ് നടന്നകന്നു!

(തുടരും...)







© Rajendran Thriveni