...

0 views

വലിയച്ഛൻ
വലിയച്ഛൻ

ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല അച്ഛന്റെ പരാതി.
ആശാനോടാണ്. എന്തൊരു കൊതുകാ.
കടിച്ചാലും തരക്കേടില്ല.
ഈ പാട്ടാ സഹിക്കാന്‍ വയ്യാത്തത്.

അതേ സാറേ കൊതുകു നാലുതരത്തിലുണ്ട്. ചേന ച്ചൊറിച്ചി;
ചെഞ്ചോരവാലി; സംഗീതക്കോത; എടങ്കോട്ടു ചക്കി. ഇതില്‍ ആദ്യത്തെതു
വന്നു ദേഹത്തിരുന്നാല്‍ ഭയങ്കര ചൊറിച്ചിലാണ്.
നമ്മള്‍ അടിച്ചാല്‍ കൈ നിറയെ ചോര ആകത്തില്ലിയോ- അതാണ് ചെഞ്ചോരവാലി. സാറു പറഞ്ഞ ഈ പാട്ടു കാരില്ലിയോ -അതാണ് സംഗീതക്കോത. ചിലതുവന്നു ദേഹത്തിരുന്നാല്‍ നമുക്കു ഭയങ്കര അസഹ്യത തോന്നും-അത് ഇടങ്കോട്ടു ചക്കി.

ആശാനിതൊക്കെ എവിടുന്നു കിട്ടി-അച്ഛന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

കൊതുകു ഗവേഷണക്കാരുടെ
ഒരു പുസ്തകത്തീന്നു കിട്ടിയതാ.

വെള്ളിയാഴ്ചയായി. സാഹിത്യ
സമാജത്തിനു പ്രസംഗമെഴുതിക്കൊടുക്കേണ്ട ദിവസമാണ്. ദേശഭക്തിയേക്കുറിച്ച്--ജനനീ ജന്മ ഭൂമിശ്ച-സ്വര്‍ഗ്ഗാദപി ഗരീയസി--എന്നും മറ്റും പറഞ്ഞ് ഒരെണ്ണം കാച്ചി. അതു മേടിക്കാന്‍ വന്ന
കൂട്ടത്തിലുമുണ്ട് മണി. ഇപ്പോള്‍ പൊട്ടിച്ചിരി ഇല്ല. വന്നാല്‍ എന്നേ അങ്ങിനെ നോക്കി നില്‍ക്കും. എനിക്കാണെങ്കില്‍ വര്‍ത്തമാനം പറയണമെങ്കില്‍ വേറേ വല്ലയിടത്തും നോക്കണം.ഞാന്‍ പ്രസംഗമെടുത്തു ദേവകിയമ്മക്കു കൊടുത്തു. എന്നിട്ടു പറഞ്ഞു. ഇനി ഈ
പരിപാടിയും കൊണ്ട് എന്റടുത്തു വരരുത്.

ഉടനേ മണി ചാടി മുമ്പില്‍ വന്ന്--എന്താ വന്നാല്‍--അടുത്തയാഴ്ച ഞാന്‍ പറയാന്‍ തീരുമാനിച്ചിരിക്കുവാ-പറഞ്ഞേക്കാം. ഞാനങ്ങോട്ടു
നോക്കി മിഴുങ്ങസ്യാ എന്നു നിന്നു പോയി. അവരവരുടെ പാട്ടിനു
പോകയും ചെയ്തു.

ഇവള്‍ക്കെന്താ എന്റെ മേല്‍ ഇത്ര അവകാശം. എനിക്കു മനസ്സില്ല. ഞാന്‍ സ്വയം പറഞ്ഞു. പക്ഷേ എനിക്കറിയാമായിരുന്നു ഞാനെഴുതിക്കൊടുക്കുമെന്ന്.

ഞാന്‍ മുമ്പ് എന്റെ വലിയച്ഛനേ
ക്കുറിച്ചുപറഞ്ഞിട്ടുണ്ട്. അമ്മയുടെ അച്ഛനാണ് . അമ്മയുടെ കുഞ്ഞമ്മയുടെ മക്കള്‍-എന്റെ അമ്മാവന്മാര്‍ വലിയച്ഛന്‍ എന്നു വിളിക്കുന്നത് കേട്ട് ഞാനും അങ്ങനെയാണ് വിളിക്കുന്നത്.
അമ്മാവന്മാരും ഞാനും
കിഴക്കേതിലും പടിഞ്ഞാറെതിലും ആണ് താമസിക്കുന്നത്.
പത്തുനൂറു കൊല്ലം മുമ്പുള്ള കാര്യമാണ്. അന്ന് കിണറ്റുകര
രാമന്‍ പിള്ള, കിണറ്റുകര ഗോവിന്ദപ്പിള്ള എന്ന് രണ്ടു
മഹാരഥന്മാര്‍
ഈ നാട്ടില്‍ ഉണ്ടായിരുന്നു. രാജഭരണമാണ്.
ഫ്യൂഡലിസവും. ഇവര്‍ രണ്ടുപേരും ചേട്ടനനിയന്മാരാണ്. അറ്റില്‍ കിണറ്റുകര രാമന്‍പിള്ളയാണ് എന്റെ വലിയച്ഛന്‍.

ഏതാണ്ട് ആറടി ഉയരവും അതിനു തക്ക വണ്ണവുമുള്ള
ഒരതികായനാണ് വലിയച്ഛന്‍ .
അന്ന് ഇവിടെങ്ങും സ്കൂളുകളില്ല. അതുകൊണ്ട് കോട്ടയത്താണ്
പഠിത്തം. തിങ്കളാഴ്ച രാവിലേ വള്ളത്തില്‍ കൊണ്ടുപോയി കോട്ടയത്തു വിടും- വെള്ളിയാഴ്ച വൈകിട്ട്
വള്ളത്തില്‍ തന്നെ തിരിച്ചും കൊണ്ടു വരും. അന്ന് വണ്ടിയൊന്നുമില്ല കാളവണ്ടിയല്ലാതെ.
അവിടെ ഫോര്‍ത്തു ഫോമില്‍--ഇന്നത്തേ ഒന്‍പതാം ക്ലാസ്--പഠിക്കുമ്പോഴാണ് ആ സംഭവം.

വലിയച്ഛന്‍ വലിയ ഫുട്ബാള്‍ കളിക്കാരനാണ്. ഗുസ്തിയാണ്
മറ്റൊരു വിനോദം. അന്നു സായിപ്പന്മാരാണല്ലോ ഭരണം. ഫിസിക്കല്‍ എഡ്യൂക്കേഷന്‍
അദ്ധ്യാപകന്‍ ഒരു സായിപ്പാണ്.
ഫുട്ബാള്‍ കളിക്കുമ്പോള്‍
സായിപ്പിനൊരു രസം. കളിച്ചു
കൊണ്ടിരിക്കുമ്പോള്‍ ബൂട്ടിട്ട കാലുകൊണ്ട് കളിക്കാരുടെ പിന്നില്‍
കൂടി ചെന്ന് കാല്‍ത്തളവിന്
അടിക്കുക. കാലു മടക്കാത്തവന്‍ മിടുക്കന്‍. സായിപ്പങ്ങനെ
രസിച്ചടിച്ചുകൊണ്ടിരിക്കുകയാണ് വലിയച്ഛന്റെ കാലിലടിച്ചിട്ട്
മടക്കിയില്ല. സായിപ്പ് ഒരടികൂടി
അടിച്ചു. വലിയച്ഛന്‍ തിരിഞ്ഞ് സായിപ്പിന്റെ കരണക്കുറ്റിക്കിട്ട് ഒരു
വീക്കും. സായിപ്പ് മറിഞ്ഞു വീണു. ആള്‍ക്കാര്‍ ഓടിക്കൂടി വലിയച്ഛനേ പിടിച്ചു. സായിപ്പു പറഞ്ഞു--സാരമില്ലരാമന്‍പില്ലെ പോലീസില്‍ നല്ല ജോലിതരാം-എന്റെ കൂടെ പോരൂ.

ഇത് വീട്ടിലറിഞ്ഞു. അന്ന് ജോലിക്കു പോകുന്നതു
കുറച്ചിലാണ്. പഠിത്തവും നിര്‍ത്തി വലിയച്ഛനേ തിരിച്ചു കൊണ്ടു പോന്നു.

പിന്നെ നാട്ടു ഭരണമാണ്. ഗുസ്തി പിടുത്തവും വൈദ്യം പഠിത്തവും. ഗുരുകുല വിദ്യാഭ്യാസമാണ്.
കരുവാറ്റാ കേശവക്കുറുപ്പു
വൈദ്യന്‍ എന്നൊരു പ്രസിദ്ധനായ വൈദ്യനുണ്ടായിരുന്നു.
അദ്ദേഹത്തെ ഗുരുവായി വരിച്ചാണ് പഠിത്തം. അങ്ങിനെ
നാട്ടിലേ അറിയപ്പെടുന്ന
വൈദ്യനായിത്തീര്‍ന്നു.

അതിനു മുമ്പുള്ള ലീലാ
വിലാസങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. നാട്ടിലുള്ള ഏതു
കുസൃതിത്തരങ്ങളും കൊച്ചുരാമന്‍ അന്നങ്ങനെയാണ് വലിയച്ഛന്‍ അറിയപ്പെടുന്നത്അറിയാതെ
നടക്കില്ല. കോമിലേഴത്ത്
എന്നൊരു വലിയ വീടുണ്ട്. അവിടുത്തേ മൂപ്പീന്ന് കുതിരപ്പുറത്താണ് സഞ്ചരിക്കുന്നത്. അന്ന് വടീം കാറും ഒന്നുമില്ലല്ലോ. അദ്ദേഹം ഒരു ദിവസം വീട്ടില്‍ വന്ന് കുതിരയേ
ഒരു മരത്തില്‍ കെട്ടിയിട്ട്
വലിയമ്മാവനുമായി എന്തോ ഗൗരവമായ കാര്യം ചര്‍ച്ച
ചെയ്യുകയാണ്. അന്ന്
മരുമക്കത്തായമാണ്. വലിയമ്മാവനാണ് കാരണവര്‍. ചര്‍ച്ചയെല്ലാം കഴിഞ്ഞ് മൂപ്പീന്ന് പോകാന്‍ ഇറങ്ങിയപ്പോള്‍ കുതിരയില്ല. കുതിരയേ അന്വേഷിച്ച് ആള്‍ക്കാര്‍ നാലുപാടും ഓട്ടം തുടങ്ങി. അപ്പോള്‍ വലിയമ്മാവന്‍ ചോദിച്ചു-കൊച്ചു രാമനെവ്വിടെ. കൊച്ചുരാമനേയും കാണാനില്ല. സമയം കുറേ കഴിഞ്ഞു. അതാ കോമിലേഴത്തുനിന്ന് ആള്‍ക്കാര്‍! കുതിര അവിടെത്തി-മൂപ്പീന്നില്ല. അവര്‍ വെപ്രാളപ്പെട്ട് ഓടിയെത്തിയതാണ്. മൂന്നു ദിവസം കഴിഞ്ഞാണ് പിന്നെ കൊച്ചു രാമനേ കാണുന്നത്. മാവേലിക്കരെയുള്ള അമ്മാവന്റെ വീടില്‍
തട്ടിന്‍പുറത്ത് ഒളിച്ചിരിക്കുകയായിരുന്നു. അമ്മാവന്റെ മകന്‍
ശങ്കുപ്പിള്ളയാണ് സഹായി.


കുതിരയേ കെട്ടിയിരുന്നിടത്തുവന്ന് അതിനേ കെട്ടിയിരുന്ന
മരത്തില്‍ കയറി
കുതിരപ്പുറത്തിരുന്ന് കുതിരയേ അഴിച്ചുവിട്ടു. അഴിച്ചപാടേ കുതിര ഒറ്റ് പാച്ചില്‍. കുതിരപ്പുറത്തു കമിഴ്ന്നുകിടന്ന് അതിന്റെ കുഞ്ചിരോമത്തില്‍ മുറുകെപിടിച്ച് മൂന്നു മൈലോളം ദൂരത്ത്- കരിപ്പുഴെ- ചെന്നപ്പോള്‍. കരിപ്പുഴെ
തോട്ടിലോട്ടു ചടുകയോ, കുതിര തെള്ളിയിടുകയോ ചെയ്തു. അവിടെ നിന്നുമാണ് മാവേലിക്കരെ അമ്മവന്റെ വീട്ടില്‍ ഒളിച്ചിരുന്നത്. ഇങ്ങനെ പറയാനാണെങ്കില്‍ ഒത്തിരി കാര്യങ്ങളുണ്ട്. ഒന്നു രണ്ടു കാര്യങ്ങൾ കൂടി പറയാം.

ഗുസ്തി പിടുത്തം ഉണ്ടെന്നു പറഞ്ഞല്ലോ. പലരുമായി ഗുസ്തി പിടിക്കുകയും ജയിക്കുകയും ഒക്കെ ചെയ്തുക്ഴിഞ്ഞപ്പോള്‍ അമ്പീല്‍ കൃഷ്ണപിള്ളയോടൊന്നു പിടിച്ചാല്‍ കൊള്ളമെന്നു തോന്നി.

അതാരാ അപ്പൂപ്പാ ഈ അമ്പീല്‍ കൃഷ്ണപിള്ള -രാംകുട്ടന്‍ ചോദിച്ചു.

ഹരിപ്പാട്ട് കായികാഭ്യാസികളുടെ
പ്രസിദ്ധമായ ഒരു കുടുംബമാണ് അമ്പീല്‍. ഹരിപ്പാട്ടമ്പലത്തിലെ
ഉത്സവത്തിന് ഞാണിന്മേല്‍ കളി എന്നൊരു പരിപാടി ഉണ്ടായിരുന്നു. വലിയ ഒരു തൂണു കുഴിച്ചിട്ട്
അതില്‍ ചരട് വലിച്ചുകെട്ടി
അതിലുള്ള അഭ്യാസങ്ങളാണ്.
കണ്ടു നില്‍ക്കുന്നവര്‍
മോഹാലസ്യപ്പെട്ടു പോകുന്ന
പരിപാടികള്‍. അതിന്റെ അന്നത്തേ ആശാനാണ് അമ്പീല്‍
കൃഷ്ണപിള്ള. വലിയച്ഛന്റെ
സമപ്രായക്കരനും,
കൂട്ടുകാരനുമായിരുന്നു.

വലിയച്ഛന്റെ മോഹം
കൃഷ്ണപിള്ളക്കു മനസ്സിലായി.
പറഞ്ഞുപോയെങ്കില്‍
ചെയ്യാതിരിക്കുന്നത് മോശമാണ്.
ഒരു ദിവസം ഇവര്‍ രണ്ടുപേരും
കൂടി നടക്കുമ്പോള്‍ കൃഷ്ണപിള്ള പറഞ്ഞുരാമന്‍പിള്ള വന്നേ, ഒരു വിദ്യ കാണിക്കാം.

ഹരിപ്പാട്ട് പടിഞ്ഞാറു നടയിലേ
മൂപ്പന്റെ പലചരക്കുകടയാണ്
അന്നത്തെ പ്രധാന വാണിജ്യ
സ്ഥാപനം. കൃഷ്ണപിള്ള ആകടയില്‍ കയറി. ഒരു മൂലയ്ക്ക് അരിച്ചാക്ക് അടുക്കി വച്ചിരിക്കുന്നു. കൃഷ്ണപിള്ള അതിന്റെ അടുത്ത ചെന്ന് കുത്തിയിരിക്കുന്നു. ഒരു
ചാക്കിന്റെ രണ്ടു മൂലയ്ക്കുരണ്ടുകൈയ്യും നിവര്‍ത്തി പിടിക്കുന്നു. കൃഷ്ണപിള്ള താ
എഴുന്നേൽക്കുന്നു. . ചാക്കുകള്‍
ഒന്നിച്ചു കൃഷ്ണപിള്ളയോടൊപ്പം പോരുന്നു. കൃഷ്ണപിള്ള് വീണ്ടും
ഇരിക്കുന്നു. ചാക്ക്
സാവധാനത്തില്‍ താഴത്തുവച്ച്
വലിയച്ഛന്റെ തോളില്‍ കൈവച്ച് കടയില്‍ നിന്ന് ഇറങ്ങി നടക്കുന്നു

ഓ പിന്നെ കൈനൂര്‍ത്തുവച്ച്
അരിച്ചാക്കിന്റെ അട്ടി കുറേ പൊക്കും--ശ്യാമിന് വിശ്വാസം വരുന്നില്ല.

എടാ ഇതു വലിയമ്മ പറഞ്ഞതാണ്. ഒരു കഥ പറയുമ്പോള്‍ അതിനൊരു രസം വേണ്ടേ. ചുമ്മാ അങ്ങു പറഞ്ഞാല്‍ മതിയോ?

ഒരാള്‍ മൂന്നു കാക്കയേ ഛര്‍ദ്ദിച്ചത് അറിയാന്‍ വയ്യായോ?

മൂന്നു ക്കാക്കയേ ഛര്‍ദ്ദിച്ചോ-എവിടെആതിര അമ്പരപ്പോടെ ചോദിച്ചു.

അതേ മോളേ. മൊത്തക്കച്ച
വടക്കാരന്‍ കുമാരറഡ്ഡി തന്റെ
ഓമന കുടവയറുംതടവി ചാരുകസേരയില്‍ ഇരിക്കുമ്പോഴാണ്
സംഭ്രമജനകമായ ആ
വാര്‍ത്തയുമായി മാരിമുത്തു
ഓടി വരുന്നത്.

അറിഞ്ഞില്ലേ- മാരിമുത്തു അണച്ചുകൊണ്ടു പറഞ്ഞു, ആ എരുമക്കുഴിയിലേ കല്യാണിഅമ്മ മൂനു കാക്കയേ ഛര്‍ദ്ദിച്ചു.

കുമാരറഡ്ഡി ഞെട്ടി. നിവര്‍ന്നിരുന്നുകൊണ്ട്ചോദിച്ചു. നീ കണ്ടൊ.

ഞാന്‍ കണ്ടില്ല. പക്ഷേ നേരിട്ടു
കണ്ട പരമന്‍ പറഞ്ഞതാ‍.
ആള്‍ക്കാരെല്ലാം കൂടെ അങ്ങോട്ട് ഓടുന്നു പോലും.

നീ ആ പരമനേ വിളിച്ചേ-റഡ്ഡി പറഞ്ഞു.

പരമന്‍ വന്നു. നീ ഇന്ന് എരുമക്കുഴിയില്‍ പോയിരുന്നോ? റഡ്ഡി ചോദിച്ചു.

ഇല്ല. പരമന്‍ പറഞ്ഞു.

പിന്നെ കല്യാണിഅമ്മ മൂന്നു
കാക്കയേ ഛര്‍ദ്ദിച്ചതു നീ കണ്ടെന്നു മാരിമുത്തു പറഞ്ഞല്ലോ.

മൂന്നു കാക്കയേ ഛര്‍ദിച്ചില്ല.
രണ്ടണ്ണമേ ഉള്ളായിരുന്നു. നമ്മടെ കറവക്കാരന്‍ ഗോപി അവിടെ കറക്കാന്‍ ചെന്നപ്പോള്‍ കണ്ടതാ. അവനാ എന്നൊടു പറഞ്ഞത്. പരമന്‍ പറഞ്ഞു.

ദേ ഗോപി വരുന്നു. മാരിമുത്തു വിളിച്ചുപറഞ്ഞു.

റഡ്ഡി ഗോപിയേ വിളിച്ചു. എടോ ആ എരുമക്കുഴിയിലേ കല്യാണിയമ്മ രണ്ടു കാക്കയെ ഛര്‍ദിച്ചതു താന്‍ കണ്ടോ? റഡ്ഡിചോദിച്ചു.

കാക്കയേ ഛര്‍ദിച്ചെന്നോ. ഇതെന്തൊരു വിവരക്കേടാ ഈ
പറയുന്നത്. അവര്‍ക്ക് ചര്‍ദ്ദി
ഉണ്ടായിരുന്നു. അതിനു ലേശം
കറുപ്പു നിറവും. അതാ ഞാന്‍
പരമനോടു പറഞ്ഞത്.

മനസ്സിലായോ മക്കളേ.
ചൊല്ലുള്ളതില്‍ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം
തെല്ലതിന്‍ സ്പര്‍ശമില്ലാതെ
ഇല്ലലങ്കാ‍രമൊന്നുമേ.

കല്യാണിയമ്മ ഛര്‍ദിച്ചതിനു കറുപ്പു നിറമായിരുന്നെന്നു പറഞ്ഞാല്‍ എന്താരസം?

അതുപൊലെ കൃഷ്ണപിള്ള
ഒരരി ചാക്ക് പൊക്കി കാണും.
ഏതായാലും കൃഷ്ണപിള്ളയോടു ഗുസ്തി പിടിക്കണമെന്നുള്ള പൂതി പോയെന്നാ വലിയച്ഛന്‍ പറഞ്ഞത്. ആ കൈയ്യിലെങ്ങാനും പെട്ടുപോയാല്‍----

അന്നു രാജഭരണ കാലമാണല്ലോ. കൊട്ടരങ്ങളുടെ മുമ്പികൂടെ
ആളുകള്‍ പഞ്ചപുഛമടക്കി
പൊക്കോളണമെന്നണു വയ്പ്. കൊല്ലിനുംകൊലയ്ക്കും അധികാരമുള്ളവരാണ് അകത്ത്. ഒരു
ദിവസം വലിയച്ഛന്‍ കൊട്ടരത്തിന്റെ മുന്‍പില്‍കൂടി പോവുകയാണ്. വിഷവൈദ്യം പഠിക്കാന്‍ . തലയിലൊരു കെട്ടുണ്ട്. കൊട്ടാരത്തിനുള്ളില്‍ നിന്നൊരു ഗര്‍ജ്ജനം--ആരാടാ അത്? എടുക്കെടാ തലേക്കെട്ട്.

ഇതു തന്നൊടല്ലെന്നുള്ളഭാവത്തില്‍ വലിയച്ഛന്‍ നടന്നു. “ പിടിയെടാ അവനേ” അടുത്ത ആജ്ഞ. ഒരു സേവകന്‍ വലിയച്ഛന്റെ പുറകേ ഓടി. വാലിയച്ഛന്‍ ഒന്നു തിരിഞ്ഞു നോക്കി. പുറകേ ഓടിയ ആള്‍ പെട്ടെന്ന് നിന്നു. സാവധാനത്തില്‍ തിരിച്ചുപോയി.

എവിടെടാ അവന്‍? അകത്തു
നിന്നും ഗര്‍ജ്ജനം. അതു
കിണറ്റുകര രാമന്‍ പിള്ളയാ. സേവകന്റെ ഉത്തരം.

ങാ. പോട്ടെ.

ശുഭം