...

12 views

നോവൽ : വഴിത്തിരിവുകൾ - ഭാഗം 01
വെള്ളം കോരുന്ന ബക്കറ്റിന്റേയും കപ്പിച്ചക്രത്തിന്റേയും ശബ്ദത്തിന്നിടയിൽ ആരോ വിളിച്ചു പറയുന്നത് കേട്ടു, മല്ലികേ ഒന്നു നില്ക്കൂ. പോകല്ലേന്ന് ഞാൻ പറയുന്നതൊന്നു കേൾക്കൂ. കുടത്തിൽ വെള്ളമെടുത്തിട്ട് പോയാൽ മതീട്ടോ.
കുട്ടുകാരി തങ്കമ്മ വിഷമത്തോടെ പറയുകയായിരുന്നു.
വേണ്ട, മതി നിന്റെയൊക്കെ തമാശ പറച്ചിൽ. എനിക്ക് ഒട്ടും തന്നെ ഇഷ്ടപ്പെടുന്നില്ല. സ്ത്രീകളുടെ കൂട്ടുകൂടിയുള്ള ഒരു കളിയാക്കൽ. എല്ലാവരും പോയശേഷം ഞാൻ വന്ന് വെള്ളമെടുത്തു കൊള്ളാം. നീ അവിടെ നിന്നുകൊള്ളൂ. ഞാൻ പോവുകയാണ്.
കിണറിന്നടുത്ത് വെള്ളമെടുക്കാൻ വന്നു നിന്നിരുന്ന സ്ത്രീകൾ എല്ലാവരും പെട്ടെന്ന് വർത്തമാനം നിർത്തി.
നമ്മൾ കളിയാക്കിയത് മല്ലികയ്ക്ക് തീരെ പിടിച്ചില്ലെന്നാ തോന്നുന്നത്. അവൾ ദേഷ്യപ്പെട്ടാണ് പോയത്. നമ്മളെല്ലാം പോയിട്ടേ വരൂന്നാ പറഞ്ഞത്.
രാധ പറഞ്ഞു , തങ്കമ്മേ നീയെന്തിനാ മറ്റുള്ളവരോടൊക്കെ മല്ലിക കഥയെഴുതുന്നെന്നു പറഞ്ഞത്. അതല്ലേ അവളെ എഴുത്തുകാരീന്നും, കാമുകീന്നും ഒക്കെ പറഞ്ഞ് കളിയാക്കിയത്.
എന്താണാവോ എഴുതുന്നത്. പാട്ടാണോ, ലക്ഷ്മിക്കുട്ടിയമ്മയുടെ ജിജ്ഞാസ കൂടി വന്നു. ആ കുട്ടി പാട്ടൊക്കെ പാടുമോ.
രാധ പറഞ്ഞു, ഇല്ല ലക്ഷ്മിയമ്മേ. മല്ലിക എന്തോ കഥയെഴുതുവാൻ തുടങ്ങിയിരിക്കുന്നു എന്നാ പറഞ്ഞത്.
പ്രായമൊക്കെ കഥയെഴുത്തിനു പറ്റിയതാണല്ലോ. വല്ല പ്രേമോം കാണുമായിരിക്കും. അപ്പോൾ കഥയെഴുതുവാനെന്താ സ്വന്തം കഥ തന്നെ മതീല്ലോ. ലീലയും കൂട്ടത്തിൽ പറഞ്ഞു ചേർത്തു.
മതി. എല്ലാവരും കൂടി പറഞ്ഞു പറഞ്ഞ് ഇനി നാട് നാറ്റിക്കേണ്ട. ഞാൻ മല്ലികയുടെ നന്മയെ കരുതി ജനപ്രീതി വരുമെന്ന് വിശ്വസിച്ച് നിങ്ങളോട് പറഞ്ഞെന്നേയുള്ളൂ. ഇപ്പോൾ പറഞ്ഞു പറഞ്ഞ് നിങ്ങൾ എന്തൊക്കെയുണ്ടാക്കുമോ. എന്റെ ഒരു കഷ്ടകാലം. വെറുതെ മിണ്ടാതിരുന്നാൽ മതിയായിരുന്നു. എത്രയോ പേർ ന്യൂസ് പേപ്പറിലും, മാസികകളിലും മറ്റും കഥയെഴുതുന്നു. അതൊക്കെ ഒരു പ്രത്യേക കഴിവുകൊണ്ട് നേടിയിട്ടുള്ളതാണ്. തങ്കമ്മ വിഷമത്തോടെ പറഞ്ഞു നിർത്തി.
ഇനി നിങ്ങളിവിടെ നിന്ന് ഓരോന്നു സംസാരിക്കേണ്ട. മല്ലിക കഥയെഴുതുകയോ, പാട്ടെഴുതുകയോ എന്തുവേണേലുമായിക്കോട്ടെ. ഇവിടെ നമ്മൾക്ക് എന്തിനിത്ര വഴക്കും പിണക്കവുമൊക്കെ. വെള്ളം പിടിച്ചോണ്ട് വേഗം പോ മക്കളെ. ലക്ഷ്മിക്കുട്ടിയമ്മ ഇത്രയും പറഞ്ഞ് വെള്ളമെടുത്ത് കുടവും തൂക്കി വീട്ടിലേക്ക് നടന്നു.
വീട്ടിൽ തിരിച്ചെത്തിയ മല്ലികയെ കയ്യിൽ കാലി കുടവുമായി വരുന്നത് കണ്ട് അമ്മ കാർത്യായനി ചോദിച്ചു.
എന്താ കുട്ടി വെള്ളമില്ലാതെ കുടോം തൂക്കീട്ടു വരുന്നേ. വെള്ളം കിട്ടിയില്ലേ.
അവിടെ വലിയ തിരക്കാണമ്മേ. കുറേ കഴിഞ്ഞ് ഞാൻ പോയി കൊണ്ടുവരാം എന്ന് പറഞ്ഞ് മല്ലിക വീട്ടിനുള്ളിലേക്ക് കയറി.
മുറിയിൽ പോയി സ്വസ്ഥമായിരുന്നു പിറുപിറുത്തു കൊണ്ടിരുന്നു.
ആ പെണ്ണുങ്ങളൊക്കെയറിഞ്ഞു. വളരെ മോശമായിപ്പോയി. ആ തങ്കമ്മയുടെ ഒരു പണിയാണിത്. അവൾ ഒരു പൊട്ടിതന്നെയാണ്. അവളെയാണെങ്കിൽ എനിക്ക് വെറുക്കുവാനും വയ്യ. ഏറ്റവും അടുത്ത ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരിയാണ്. അവൾ യാതൊന്നും ചിന്തക്കാതെ വളരെ സന്തോഷത്തോടെ കിണറ്റിൻ കടവിൽ വച്ച് കഥയെവിടെവരെയെഴുതി എന്ന് തിരക്കിയതല്ലേയുള്ളൂ. അപ്പോഴേക്കും എല്ലാവരും കൂടി എന്തൊക്കെ ചോദ്യങ്ങളായിരുന്നു. എന്തു കഥ, എന്നാണ് എഴുതുവാൻ തുടങ്ങിയത്, വല്യ ആളാവൂല്ലോ എന്നൊക്കെ പറഞ്ഞു പറഞ്ഞ് കൂട്ടത്തിൽ കളിയാക്കുവാനും തുടങ്ങി. ആലോചിച്ചിട്ട് കാര്യമില്ല. എന്തായാലും എനിക്ക് ആകപ്പാടെ വളരെ ദേഷ്യം വന്നു. കൂടുതലും ലീലയുടെ പറച്ചിൽ കേട്ടിട്ടാണ്. ഇങ്ങനെയൊക്കെ ഒരാളോട് പറയാൻ എത്ര തന്റേടമാണാ സ്ത്രീക്ക്. ഒട്ടും പ്രതീക്ഷിച്ചതല്ല, അതിനാലാണ് കൂടുതൽ ദേഷ്യം തോന്നിയത്. എന്തായാലും സ്ത്രീകൾക്കൊക്കെ എന്റെ ഭാവമാറ്റം കണ്ട് അല്പം പേടി വന്നിട്ടുള്ള മട്ടാണ്. സംസാരം ഉടനെ നിർത്തി. കുറച്ചൊക്കെ അങ്ങിനെ തന്നെ വേണം. ഇല്ലേൽ തലേൽ കയറുക തന്നെ ചെയ്യും. ഇങ്ങനെ ഓരോന്നായി മല്ലിക ആലോചിച്ചു കൊണ്ടിരുന്നു.
ഏതാണ്ട് വൈകിട്ട് അഞ്ച് മണിയോടുകൂടി മല്ലിക കുടവുമെടുത്ത് വെള്ളമെടുക്കുവാൻ പോയി. മല്ലികയെ കണ്ട തങ്കമ്മയും കൂടെ ഓടിയെത്തി.
എന്നാലും നീ ഇത്രക്ക് ദേഷ്യപ്പെടുമെന്ന് കരുതിയില്ല.
ശരി ശരി, അതൊക്കെ പിന്നെ സംസാരിക്കാം. നീയും കൂടെ വേഗം വാ. എന്താ യാതൊരാളെയും കാണുന്നില്ലല്ലോ.
രണ്ട് പേരും കിണറ്റിന്നടുത്തെത്തി. മറ്റുള്ളവരെല്ലാം തന്നെ വെള്ളമെടുത്ത് പോയി കഴിഞ്ഞിരുന്നു.
കുടത്തിൽ വെള്ളമെടുത്ത് രണ്ട് പേരും തിരിച്ചു പോന്നു. ഇടക്ക് വെച്ച് തങ്കമ്മ അടുത്തുള്ള ഇടവഴിയിലൂടെ അവളുടെ വീട്ടിലേക്ക് പോവുകയും ചെയ്തു.
അല്പദൂരം ചെന്ന ശേഷം വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഞാൻ നാളെ രാവിലെ ഒമ്പത് മണിക്ക് നിന്റെ വീട്ടിലേക്ക് വരാട്ടോ.
ശരിയെന്ന് പറഞ്ഞ് മല്ലിക വീട്ടിലേക്ക് നടന്നു.
അതാ അമ്മാവൻ വന്നിട്ടുണ്ടല്ലോ.
അമ്മാവൻ തിരക്കി, എന്താ മല്ലികേ വെള്ളമെടുക്കാൻ പൊയതാണോ.
അതേ അമ്മാവാ, കുടിക്കുവാനുള്ള വെള്ളം മാത്രം കിണറ്റിൽ നിന്നും കൊണ്ടുവരാൻ പോയതാണ്. ഇവിടെ അടുത്ത പ്രദേശത്ത് ഉള്ള കിണറുകളിൽ കൂടുതലും ഉപ്പുരസം കൂടുതലായതിനാലാണ് നല്ല വെള്ളം കിണറ്റിൽ നിന്നും കൊണ്ടുവരുന്നത്.
ഇവിടെ അടുത്താണോ മല്ലികേ കിണറ്.
അതേ അമ്മാവാ. അതുകൊണ്ട് തന്നെ അല്പം ആശ്വാസം. എങ്ങിനെയാ ദൂരത്ത് നിന്ന് ചുമന്ന് കൊണ്ട് വരിക. എത്ര ആളുകളാണ് കുടിവെള്ളത്തിനായി കഷ്ടപ്പെടുന്നത്. ഈവക കാര്യങ്ങൾ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ.
അത് ശരിയാ മല്ലികേ.
നമ്മുടെ ഇവിടുത്തെ പോലെ പാലക്കാട്ടും, കോയമ്പത്തൂരുമൊക്കെ കുടിവെള്ളത്തിന് വളരെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങൾ ധാരാളമുണ്ടത്രേ. ജീവിക്കുവാൻ എത്ര കഷ്ടപ്പാടുകളാണ് ഓരോരുത്തരും അനുഭവിക്കുന്നത്. നമ്മുടെ നാട്ടിലാണെങ്കിൽ ചില സ്ഥലങ്ങളിൽ സ്ഥിരമായി പൈപ്പുകൾ പൊട്ടിയൊഴുകി എത്ര ജലമാണ് പാഴാക്കി കളയുന്നത്.
അമ്മാവൻ വന്നിട്ടെത്ര നേരമായി.
അല്പസമയമേ ആയിട്ടുള്ളു. ഞാൻ എറണാകുളം വരെ വന്നപ്പോൾ ഇവിടെ ഒന്ന് കയറിയിട്ട് പോകാമെന്ന് കരുതി.
അത് നന്നായി. അമ്മായിക്കും കുട്ടികൾക്കും ഒക്കെ സുഖം തന്നെയല്ലേ.
അതെ, പ്രത്യേക വിശേഷമൊന്നും ഇല്ല. അമ്മായിക്കാണെങ്കിൽ കുട്ടികളുടെ പിന്നാലെയെപ്പോഴും ശകാരിച്ചു നടക്കലുതന്നെയാണ് മുഖ്യ ജോലി. കുട്ടികളിൽ സതീശ് ആണ് കൂടുതൽ പ്രശ്നക്കാരൻ. അവന് എപ്പോഴും സജിതമോളുമൊത്ത് ശണ്ഠ കൂടിക്കൊണ്ടിരിക്കും. അവർ കുട്ടികളല്ലേ അങ്ങിനെയിരിക്കും. എങ്ങിനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു.
അതു ശരിയാ. കുട്ടികളാകുമ്പോൾ ഇടയ്ക്കൊക്കെ അങ്ങിനെ ശണ്ഠയും ശുണ്ഠിയുമൊക്കെയുണ്ടായിരിക്കും. അതൊന്നും അത്ര കാര്യമാക്കേണ്ട അമ്മാവാ. ഏതായാലും വന്നപാടെ നില്ക്കാതെ വീട്ടിലേക്ക് കയറൂ ചായ കുടിക്കാം. ചാലക്കുടിയിലേക്ക് നാളെ പോയാൽ പൊരെ. രാവിലെ ഇവിടന്നു പോകാം.
വേണ്ട മല്ലികേ, ഇനി ഒരു ദിവസം
കുട്ടികളേയും അമ്മായിയേയും കൂട്ടി വന്നിട്ട് താമസിക്കാം. സത്യഭാമ അവിടെ കാത്തിരിക്കും.
ചായ കഴിഞ്ഞ് സത്യനമ്മാവൻ ചാലക്കുടിയിലേക്ക് പുറപ്പെട്ടു.
ചേച്ചീ അളിയൻ വരുമ്പോൾ അന്വേഷണം പറയണം. ഞാനിറങ്ങുന്നു മല്ലികേ എന്നാ വരട്ടെ.
ശരി അമ്മാവാ. അപ്പോൾ എല്ലാവരും കൂടി വരുവാൻ മറക്കേണ്ടട്ടോ.
വരാം എന്ന് പറഞ്ഞു സത്യൻ നടന്നു നീങ്ങി.
മല്ലികയുടെ അച്ഛൻ രാത്രി എട്ട് മണിയോടടുകൂടി വീട്ടിൽ എത്തിച്ചേർന്നു. എറണാകുളത്ത് നിന്ന് ജോലി കഴിഞ്ഞ് എടവനക്കാട് ബസ്സിറങ്ങി മരപ്പാലത്തിന്നടുത്തെത്താൻ ഇരുപത് മിനിറ്റ് നടക്കണം. അപ്പോഴേക്കും സമയം രാത്രി വളരെ വൈകുകയും ചെയ്യും.

അച്ഛാ വന്നു ചായ കുടിക്കു. ഇന്ന് അമ്മാവൻ വന്നിരുന്നു. അഞ്ചരമണിയായിക്കാണും. എന്നിട്ട് ആറ് മണിയോടുകൂടിയാണ് തിരിച്ചു പോയത്. അച്ഛനോട് അന്വേഷണം പറയാൻ പറഞ്ഞു. എറണാകുളത്ത് വരെ വന്നപ്പോൾ ഇവിടെ വന്നതാണെന്നും പറഞ്ഞു.
പ്രത്യേകിച്ച് വിശേഷം വല്ലതും ഉണ്ടോ മോളേ.
എന്തോ ഓഫീസ് കാര്യമായിട്ട് വന്നതാണ് എന്നാ പറഞ്ഞത്.
ചായ കുടി കഴിഞ്ഞ് വേലായുധൻ കുറച്ച് നേരം റേഡിയോ ശ്രദ്ധിച്ചു കൊണ്ടിരുന്നു. പിന്നീട് കുളി കഴിഞ്ഞ് വന്ന് ഭക്ഷണവും കഴിച്ചു.

മല്ലികയും അമ്മയും ഭക്ഷണം കഴിഞ്ഞ് അടുക്കളയെല്ലാം വൃത്തിയാക്കി. പാത്രങ്ങളൊക്കെ കഴുകിയടുക്കി ചിട്ടയോടെ എടുത്ത് വച്ചു. രാത്രി ഒമ്പതരമണിക്കു തന്നെ ഉറങ്ങാൻ കിടന്നു. അതിനിടയിൽ മല്ലിക കട്ടിലിൽ കിടന്നു കൊണ്ട് കുറെ സമയം കിണറ്റിൻ കരയിൽ വച്ചുണ്ടായ സംസാരങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ഉറങ്ങിയത് എപ്പോഴെന്നറിഞ്ഞില്ല. രാവിലെ അമ്മ വിളിച്ചപ്പോഴാണ് നേരം ആറുമണിയായെന്നറിഞ്ഞത്. ഞായറാഴ്ച ആയതിനാൽ വീട്ടുജോലികളെല്ലാം വളരെ പതുക്കെയാണ് ചെയ്തു കൊണ്ടിരുന്നത്. അമ്മ ദോശയും ചായയുമെല്ലാം തയ്യാറാക്കി വച്ചിരുന്നു. നിത്യ കർമ്മങ്ങൾ കഴിഞ്ഞ് അച്ഛനും ചായ കഴിച്ചു. മല്ലികയും കുളികഴിഞ്ഞ് വന്ന് ചായ കഴിച്ചു.
ഒമ്പത് മണി ആയിക്കാണും തങ്കമ്മ മല്ലികയെ കാണാൻ വീട്ടിലെത്തിച്ചേർന്നു.
മല്ലികേ ഇന്ന് നീ വല്ലതും എഴുതിയോ. മിനിയാന്ന് എഴുതി തന്ന ഭാഗത്തിൽ റീത്തയുടെ കഷ്ടപ്പാടുകൾ വായിച്ചപ്പോൾ വല്ലാതെ വിഷമം തോന്നി. നീ എങ്ങിനെയാണ് ഇത്രയൊക്കെ കാര്യങ്ങൾ ആലോചിച്ച് എഴുതുന്നത്. ഇതൊക്കെ നടക്കുന്ന കാര്യങ്ങൾ തന്നെയാണോ. എത്ര പേജുകളായി ഇതുവരെ എഴുതിയത്. പുതിയത് വല്ലതും എഴുതിയെങ്കിൽ ഒന്ന് വായിക്കാമെന്ന് കരുതിയാണ് ഞാൻ വന്നത്.
തങ്കമ്മേ, ഇതൊക്കെ പലരിൽ നിന്നും മനസ്സിലാക്കിയതും, കൂടാതെ ഞാൻ സ്വയം കൂട്ടിച്ചേർത്ത് എൻെറ അനുഭവങ്ങളുമൊക്കെ പാകപ്പെടുത്തിയാണ് എഴുതിച്ചേർക്കുന്നത്.
എന്റെ പ്രധാന കഥാപാത്രമായ റീത്ത ചെറുപ്പം മുതൽക്കു തന്നെ വളരെ പാവപ്പെട്ട ദേവസ്സി യുടെ മകളായിട്ടാണ് ഞാൻ എഴുതിയിട്ടുള്ളത്. അവരുടെ കഷ്ടപ്പാടുകളാണ് അതായത് ഒരു സാധാരണക്കാരന്റെ കുടുംബത്തിലെ ചുറ്റുപാടുകളാണ് അതിൽ മുഖ്യസ്ഥാനം കൊടുത്തിട്ടുള്ളത്. മകൻ ജോർജ്ജ് മീൻബോട്ടിൽ പോകുന്നതിനാൽ ആ കുടുംബം ഒരുവിധം പച്ചപിടിച്ചു വന്നു. അമ്മ മേരിയാകട്ടെ ചെമ്മീൻ കമ്പനിയിൽ ചെമ്മീൻ കിള്ളുന്ന ജോലിചെയ്തു കിട്ടുന്ന പണം കൂടി കൊടുത്താണ് മകൾ റീത്തയെ എറണാകുളത്ത് കോളേജിൽ പഠിക്കാൻ അയച്ചത്. കാലത്തിന്റെ വ്യതിയാനം റീത്തയെ പട്ടണ പ്രൗഢി സ്വാധീനം ചെലുത്തുവാൻ തുടങ്ങിയെന്നു തന്നെ പറയാം. പട്ടിണിയിൽ ജനിച്ചു വളർന്നെങ്കിലും പരിഷ്ക്കാരത്തിന് ഒരു കുറവും വരുത്താതെയാണ് മേരി റീത്തയെ വളർത്തുന്നത്. തനിക്ക് നഷ്ടപ്പെട്ട ജീവിതം മകൾ റീത്തയ്ക്ക് ലഭിക്കണമെന്ന നിശ്ചയം മേരിക്കും ദേവസ്സിക്കും ഒരുപോലെ ഉണ്ടെന്ന് തന്നെ പറയാം.
എന്നാൽ കോളേജു കുമാരിമാരുടെ ശ്രദ്ധ റീത്തയിൽ അല്പം സ്വാധീനിച്ചു തുടങ്ങുകയായിരുന്നു. കാഴ്ചയിലെ കൗതുകം ജീവിതത്തെയെത്ര സ്വാധീനിക്കുമെന്നുള്ളത് ഒഴുക്കിൽ പെട്ട് മത്സ്യം ഒഴുകിയെത്തുന്ന കുളമോ, പുഴയോ അതോ ചൂടുപിടിച്ചു കിടക്കുന്ന പാടങ്ങളോ പോലെ ചെന്നെത്തിയാലെ അറിയൂ പിന്നീടുള്ള അവസ്ഥകൾ. ഒരു പക്ഷെ കുളങ്ങളും പുഴകളുമാണെങ്കിൽ അവിടെയുള്ള വലിയ മീനുകൾക്ക് സ്വയം ആഹാരമാവുകയോ അവർ ആക്രമിച്ച് നാശം വരുത്തിയെന്നും വരാം. എത്തുന്നത് കടലിൽ ആണെങ്കിൽ പിന്നെ ചിന്തിക്കയും വേണ്ട. ആവുന്നതും ശാന്തമായ തടാകത്തിൽ ഒരു ദിക്കിൽ ജീവിക്കുന്നതു തന്നെയാണ് നന്മയെന്നു സാരം. കാര്യമായ ആപത്തില്ലാതെ ജീവിക്കുകയും ചെയ്യാം.
© Salimraj Vadakkumpuram