...

1 views

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 7-10
ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ



ഭാഗം 7
പരുന്തിന്റെ ടെലിസ്കോപ്പ്
..................................................

കോഴി പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു. കോഴിക്കുഞ്ഞുങ്ങൾ ഓടിവന്ന് തള്ളക്കോഴിയുടെ ചിറകിനടിയിൽ ഒളിച്ചു. ഉണ്ണിക്കുട്ടനറിയാം പരുന്ത് വന്നതുകൊണ്ടാണ് തള്ളക്കോഴി പ്രത്യേക ശബ്ദം പുറപ്പെടുവിച്ചതെന്ന്. പരുന്തിനെ നോക്കി ഉണ്ണിക്കുട്ടൻ മുറ്റത്തേക്കിറങ്ങി. ആകാശത്ത് ഒരു പരുന്ത് വട്ടമിട്ട് പറക്കുന്നുണ്ട്.

പരുന്തിന് കാഴ്ചശക്തി കൂടുതലാണത്രെ. ഒരു മനുഷ്യന്റെതിനെക്കാൾ ആറു മുതൽ എട്ടിരട്ടി വരെ കാഴ്ചശക്തി പരുന്തിനുണ്ട്. പരുന്തിന്റെ കണ്ണിലെ റെറ്റിനയിൽ രണ്ട് 'ഫോവിയകൾ' (fovia= yello spot) ഉണ്ട്.
ദൃഷ്ടി പത്രത്തിൽ ഏറ്റവും കൂടുതൽ കാഴ്ചശക്തിയുള്ള ഭാഗമാണ് ഫോവിയ.
പരുന്തിന്റെ കണ്ണുകളും വലുതാണ്. അതുകൊണ്ട് മണ്ണിലിഴയുന്ന മണ്ണിരയെപ്പോലും ഉയരത്തിൽ പറക്കുന്ന പരുനതിന് വ്യക്തമായി കാണാം.

പരുന്ത് വർഗത്തിലെ കഴുകന്മാർ ശവശരീരങ്ങളെ കൊത്തി വിഴുങ്ങി ഭൂമിയെ ശുദ്ധീകരിക്കുന്നവരാണ്. ഭക്ഷ്യ ശൃഖലയിലെ തൃതീയ ഉപഭോക്താക്കളാണവർ.

പരുന്തിനോട് സംസാരിക്കണമെങ്കിൽ അത് അടുത്തു വരണം. അത്രമാത്രം സൗഹൃദം അതിന്റെ സ്വഭാവത്തിനില്ലാത്തതുകൊണ്ട്, ആ പക്ഷിയോട് സൗഹൃദ സംഭാഷണം സാധ്യമല്ല.

പ്രകൃതി സന്തുലനത്തിന് വിലപ്പെട്ട സംഭാവനയാണ് പരുന്തു വർഗങ്ങൾ നല്കുന്നത്. പ്രധാനമായും ചത്ത ജന്തുക്കളെ കൊത്തി വിഴുങ്ങി പരിസ്ഥിതിയെ ശുദ്ധീകരിക്കുന്നു എന്നതാണ്. മനുഷ്യനെ ശല്യം ചെയ്യുന്ന ക്ഷുദ്ര കീടങ്ങളെ തിന്നൊടുക്കുന്നുണ്ടെങ്കിലും അവന്റെ വളർത്തു പക്ഷികളെയും വളർത്തു മൃഗങ്ങളെയും പരുന്ത് റാഞ്ചിക്കൊണ്ടു പോകും. അതിനു യോജിച്ച കാലു. നഖങ്ങളും പരുന്തിനുണ്ട്.

പരുന്തുകൾ അറുപതിലേറെ ഇനങ്ങളുണ്ട്.
മനുഷ്യനേക്കാൾ പത്തിരട്ടി ബലത്തിൽ വസ്തുക്കളെ പിടിക്കാൻ കഴിയും. ഉയർന്ന പർവതശിഖരങ്ങളിലാണ് കൂട്. രണ്ടു വർഷത്തിലൊരിക്കൽ തൂവലുകൾ പൊഴിച്ച് പുതിയ തൂവലുകൾ വളർത്താറുണ്ട്.

ഭാഗം 8
അണ്ണാറക്കണ്ണന്റെ മാവ്.
..............................................
സൂര്യനുദിച്ചതെയുള്ളു, മുറ്റത്ത് വലിയൊരു ബഹളം. അണ്ണാറക്കണ്ണനും കരിയിലക്കിളികളും തമ്മിലുള്ള വഴക്കാണ്.

അണ്ണാൻ: " നേരം വെളുക്കുന്നതിനു മുമ്പേ ഇറങ്ങിയിരിക്കുകയാ കലപില കൂട്ടാൻ. സമാധാനം തരാത്ത വർഗങ്ങള്."

കിളി: " എടാ അണ്ണാനെ, നിന്ന് നിനക്കെന്തോന്നിന്റെ കേടാ? രാവിലെ ഞങ്ങളെ ചീത്തപറയാൻ കാരണമെന്താ? നിന്റെ അഹംഭാവം കയ്യിലിരിക്കട്ടെ."

അണ്ണാൻ: "നിങ്ങളിങ്ങനെ കൂട്ടത്തോടെ വന്ന് കൊത്തിപ്പെറുക്കിയാൽ, ബാക്കിയുള്ളവർ എന്തു തിന്നും? ആർത്തിപ്പണ്ടാരങ്ങള്."

കിളി: "വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുക. നിനക്കു വല്ല മാവേലോ, ആഞ്ഞിലിയിലോ, പേരയിലോ ചെന്ന് പഴം തിന്നുകൂടേ? ഞങ്ങളുടെ പിറകെ നടക്കുന്നതെന്തിനാ?"

അണ്ണാൻ: "അതിനു മാവും പ്ലാവും ആഞ്ഞിലിയും എവിടെ? എല്ലാം വെട്ടി വിറ്റില്ലേ?

" അയ്യോ, ഞാനതു ശ്രദ്ധിച്ചില്ല!"

കഴിഞ്ഞ തവണ വരുമ്പോൾ, ഈ പുരയിടത്തിൽ ധാരാളം ഫലവൃക്ഷങ്ങൾ ഉണ്ടായിരുന്നു. ഇപ്പോളിതാ അതിന്റെ സ്ഥാനത്ത് കോൺക്രീറ്റ് വീടുകൾ വന്നിരിക്കുന്നു. മുറ്റത്ത് മണ്ണു പോലുമില്ല, മുഴുവൻ കോൺക്രീറ്റ് ചെയ്തിരിക്കുകയാ!"

"അതു ശരിയാ."

അണ്ണാൻ: "ഇനി എന്തു കഴിക്കും? ഫലവൃക്ഷങ്ങൾ തകർത്തു. കൂടുകൂട്ടാൻ മരങ്ങളുമില്ല."

കിളി: "ആ വീടിന്റെ മുകളിലേക്കു നോക്കിക്കേ, കുറെ ചെടികളും ലതകളും കാണുന്നുണ്ടല്ലോ. പോയി കൂടുകെട്ടിക്കൂടെ?"

അണ്ണാൻ: "അതെല്ലാം പ്ലാസ്റ്റിക് ചെടികളാ!
ഇനി പ്ലാസ്റ്റിക് മരങ്ങളിൽ കൂടുകൂട്ടേണ്ടി വരുമെന്നാ തോന്നുന്നത്. എന്തൊരു ഗതികേടാ? കഴിക്കണമെങ്കിൽ മനുഷ്യൻ വലിച്ചെറിയുന്ന ഉച്ചിഷ്ടം മാത്രം! അതൊക്കെ നേരം വെളുക്കുന്നതിനു മുമ്പേ, നിങ്ങളു വന്ന് കൊത്തിപ്പെറുക്കും. ജീവിക്കാൻ വയ്യാതായി...!"

"ഓഹോ! അതാണു ദേഷ്യത്തിന്റെ കാരണം! നീ കരഞ്ഞുകൊണ്ടിരിക്കാതെ, അകലേക്കെങ്ങാനും പോകാൻ നോക്ക്. മനുസ്യരില്ലാത്ത ഇടം തേടി പോ..."

ഇതെല്ലാം കേട്ടുനിന്ന ഉണ്ണിക്കുട്ടനും അണ്ണാറക്കണ്ണന്റെ മാവും പ്ലാവും ആഞ്ഞിലിയും നഷ്ടപ്പെട്ട ദുഃഖത്തിന്റെ ആഴം മനസ്സിലായി.

പക്ഷി മൃഗങ്ങളുടെ നിവർത്തികേട് ഉണ്ണിക്കുട്ടനേയും സങ്കടപ്പെടുത്തി!

ഭാഗം 9

ചില്ലുകൂട്ടിലെ മീനുകൾ
...........................................

ഉണ്ണിക്കുട്ടന്റെ അമ്മാവന്റെ വീട്ടിൽ അക്വേറിയമുണ്ട്. അതിൽ നീന്തിക്കളിക്കുന്ന 'ഏഞ്ജൽ ഫിഷ്' ഉണ്ണിക്കുട്ടന്റെ ചങ്ങാതിയാണ്. അക്വേറിയത്തിലെ കല്ലിനു പിന്നിൽ ഒളിച്ചു നിന്ന് നിശ്ശബ്ദമായി പ്രാർത്ഥിച്ചു നില്ക്കുന്ന മീനിന്റെ അടുത്തുചെന്ന് ഉണ്ണിക്കുട്ടൻ നോക്കി നില്ക്കുകയായിരുന്നു.

ഏഞ്ജൽഫിഷ് ഉണ്ണിക്കുട്ടന്റെ നേരെ കണ്ണിറുക്കി കാണിച്ചു. ഉണ്ണിക്കുട്ടൻ ചോദിച്ചു: "എന്തേ ചങ്ങാതീ, സുഖമല്ലേ?"

"സുഖം തന്നെ, ഉണ്ണിക്കുട്ടാ, നിനക്കീ ചില്ലുകൂടൊന്നു തുറന്നു തരാമോ?"

"അയ്യോ, ഇതു തുറന്നാൽ വെള്ളം ഒഴുകിപ്പോകില്ലേ, വെള്ളമില്ലാതെ ജീവിക്കാൻ കഴിയുമോ?"

"അതു ശരിയാ. അപ്പോൾ രക്ഷപെടാൻ മാർഗമില്ല."

"അല്ല ചങ്ങാതി, എവിടേക്കു പോകാനാ?"

"എന്റെ കുടുംബക്കാരുടെ അടുത്തേക്ക്."

"അവരെവിടെയാ?"

"ആമസോൺ നദിയിലാണ്."

"അവിടം വരെ എങ്ങനെ പോകും? വളരെ അകലെയല്ലേ?"

"ങ്ഹാ, ഇവിടെക്കിടന്നു ചാകുക തന്നെ! ഈ ചില്ലുപാത്രത്തിൽ തനിച്ചു കിടന്നു മടുത്തു. ഉണ്ണിക്കുട്ടൻ ഇടയ്ക്കിടയ്ക്ക് വരണേ, നീ മാത്രമാണ് എന്നോടു സംസാരിക്കുന്നത്."

"ഇതിനകത്ത് ഭക്ഷണം കിട്ടുന്നില്ലേ, മറ്റു വർഗങ്ങളിലുള്ള കൂട്ടുകാരില്ലേ?"

"ഉണ്ട്, ടെറ്റ്രാസ്സും ഗുരാമികളും റയിൻബോ ഫിഷും കൂട്ടിനുണ്ട്. പക്ഷേ, സ്വന്തം രക്തബന്ധത്തിലുള്ളവരെപ്പോലെ ആകില്ലല്ലോ!"

"എന്തുചെയ്യാം ചങ്ങാതി, നിന്നെ രക്ഷിക്കാൻ മാർഗങ്ങളൊന്നും ഉണ്ണിക്കുട്ടന്റെ അടുക്കലില്ല."

..........................
ഭാഗം 10
ചെമ്പരത്തി വിത്തുകൾ
..............................................

മുറ്റത്തിന്റെ അരുകിൽ പന്ത്രണ്ടു മാസവും പൂവിട്ടു നില്ക്കുന്ന ചെമ്പരത്തിയുണ്ട്. അതിന്റെ ശാഖകളിൽ കയറാനും മറിയാനും ആടാനും ഉണ്ണിക്കുട്ടന് വലിയ ഇഷ്ടമാണ്. അടുത്തുതന്നെ കിന്നാരം പറയുന്ന വെള്ള, പിങ്ക് നിറത്തിലുള്ള പൂക്കളുള്ളവരും മൊട്ടു ചെമ്പരത്തിയും
ആൾവിളക്കുപോലെ ബഹുനില ദളങ്ങളുള്ളവരും നില്പുണ്ട്. എന്നും വിരുന്നിനെത്തുന്ന തേനീച്ചകളെ ആവോളം തേനൂട്ടി, വയറു നിറച്ച് പൂമ്പൊടി
വാരി നല്കുന്ന ചെമ്പരത്തിക്ക് വിത്തുകളില്ലേ എന്നായി ഉണ്ണിക്കുട്ടന്റെ സംശയം. ഇന്നുവരെ വിത്തിട്ട് ചെമ്പരത്തി വളർത്തിയതായി ഉണ്ണിക്കുട്ടനറിയില്ല.

സംശയം ചെമ്പരത്തിയോടുതന്നെ ചോദിച്ചുകളയാം.
"ചെമ്പരത്തിയക്കാ, ഈ പൂക്കളൊന്നും വിത്തായി മാറാറില്ലേ?"

ചെമ്പരത്തി നിശ്ശബ്ദയായി. കാറ്റിൽ കുഞ്ഞിലപോലും ഇളകാതായി. അവൾ വിതുമ്പുന്നതു പോലെ ഉണ്ണിക്കുട്ടനു തോന്നി.

"അയ്യോ, അക്കാ കരയല്ലേ! ഞാൻ ചോദിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കുക."

അവൾ പറഞ്ഞു, "ശരിയാണുണ്ണി, ഞങ്ങളിൽ മിക്കവാറും വർഗങ്ങൾക്ക് വിത്തുകളുണ്ടാകിറില്ല. വിത്തുകളെ ഗർഭം ധരിക്കാൻ കഴിവുള്ളവർക്ക് തക്ക സമയത്ത് പൂമ്പൊടി കിട്ടാറുമില്ല.
തേനൂട്ടാനും പൂമ്പൊടി നല്കാനും പൂജയ്ക്ക് ഉപയോഗിക്കാനും മരുന്നിനും
താളിക്കും കൊള്ളാവുന്ന പൂക്കളെ വിരിയിച്ച്, നിത്യവസന്തമൊരുക്കുന്ന നിത്യ കന്യകകളാണ് ഞങ്ങൾ. ഞങ്ങളുടെ ജനിപുടത്തിൽ വിത്തുകളായി മാറുന്ന അണ്ഡകോശങ്ങളുണ്ട്. പക്ഷേ, അവയ്ക്ക് വളരുന്നതിനുവേണ്ട ബീജസങ്കലനം നടക്കാറില്ല. നേരത്തൊടു നേരം കഴിഞ്ഞ് കൊഴിഞ്ഞു വീഴാനാണ് വിധി."

"ചെമ്പരത്തി അക്കാ, അതിലൊരു നല്ല വശവുമില്ലേ? എത്ര ജന്മങ്ങൾ കഴിഞ്ഞാലും ചെമ്പരത്തിയുടെ സൗന്ദര്യം
കുറയാതെ നില്ക്കുകയില്ലേ? പരപരാഗണം നടന്ന് ജനിതകഘടന മാറി
സങ്കരവർഗങ്ങൾ ഉണ്ടാവുകയില്ലല്ലോ."

"ഉണ്ണിക്കുട്ടൻ പറഞ്ഞതിലും വാസ്തവമുണ്ട്. വിട്ടില്ലെങ്കിലും കമ്പു മുറിച്ചു നട്ടാൽ ചെമ്പരത്തികൾ നന്നായി വളരും."
ഉണ്ണിക്കുട്ടൻ പറഞ്ഞു: " നമ്മുടെ പ്രകൃതി ബുദ്ധിശൂന്യമായി പ്രവർത്തിക്കിറില്ല. ഏതു ജീവിക്കും അനുഷ്ഠിക്കാനുള്ള നൈതിക കർമങ്ങൾ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്. അത് തടസ്സപ്പെടുത്തുന്നത് മനുഷ്യർ മാത്രം. പ്രകൃതിതാളത്തിന് അനുകൂലമായി ജീവിക്കുമ്പോൾ, ജീവിതം ധന്യമാകും."

"ശരിയാണുണ്ണിക്കുട്ടാ. നിന്റെ വാക്കുകൾ കേട്ട് ഞാനത്ഭുതപ്പെടുകയാണ്. മനുഷ്യര് കൃത്രിമ മാർഗങ്ങളിലൂടെ ചെമ്പരത്തയിലും കൃത്രിമ ബീജസങ്കലനം നടത്തി ഹൈബ്രിഡ് വിത്തുകളും അന്തക വിത്തുകളും ഉത്പ്പാദിപ്പിക്കുന്ന കാലം എത്തിയിരിക്കുന്നു. മനുഷ്യനാണ് പ്രകൃതിതാളം തെറ്റിക്കുന്നത്. എല്ലാം തന്റെ സുഖത്തിനു വേണ്ടി മാറ്റി മറിക്കുന്നത്."

" ശരി അക്കാ, തേനീഛ്ചകളും ചിത്രശലഭങ്ങളും നമ്മുടെ സംഭാഷണം കേട്ട്, തേൻ കുടിക്കാതെ മാറി നില്ക്കുകയാ. അവർ തേൻ കുടിക്കട്ടെ.
ഞാൻ കുറച്ചു കഴിഞ്ഞു വരാം. വെയിലത്ത് ചെമ്പരത്തിത്തണലിൽ കുളിരണിഞ്ഞിരിക്കാൻ എന്തു രസമാ..."

(തുടരും)