...

11 views

തിരയോഴിഞ്ഞ സ്നേഹസാഗരം


വീടിന്റെ ഗേറ്റിനരികിൽ ഒറ്റക്കിരുന്ന് എന്തോ ആലോചിക്കുകയാണ്
വാഫുമോൻ, മുൻപെങ്ങും
അവനിൽ ഇതുപോലെ കണ്ടിട്ടില്ല...ഞാൻ വരുന്നത് കണ്ടാൽ ഓടിവരും
മിട്ടായി ഉണ്ടോന്ന് ചോദിക്കും,
ഇന്ന് ആ സന്തോഷവും ചിരിയുമൊന്നും അവനിൽ കണ്ടില്ല. എന്തോ വിഷമമുള്ളത് പോലെ...
എന്തു പറ്റി ആവോ..? നാളെ നടക്കാൻപോകുന്ന ചടങ്ങിനെ കുറിച്ച് അവൻ വല്ലതും അറിഞ്ഞു കാണുമോ?
വയസ്സ് പത്തായില്ലേ.. തിരിച്ചറിവിന്റെ പ്രായം വന്നുതുടങ്ങി, എത്ര ഒളിപ്പിച്ചു വെച്ചാലും ഒളിഞ്ഞിരിക്കില്ലല്ലോ...
"ങ്ഹാ..നീ വന്നോ..?"
ഇത്തിത്തയുടെ ചോദ്യം,
"മ്മ്.. ഇത്താ അവനെന്താ ഒറ്റക്കിരിക്ക് ണ്? ഇന്ന് മക്കളുടെ കൂടെ കളിക്കാനൊന്നും പോയില്ലേ.?"
"എനിക്കറിഞ്ഞൂടമോനേ.... ഇന്നലെ തൊട്ടേ അവനിങ്ങനെയാ ..നേരാവണ്ണം ഒന്നും കഴിച്ചിട്ടുമില്ല.എന്തു പറ്റിയെന്നറിയില്ല,
ഞാൻ പതുക്കെ അടുത്തേക്ക് ചെന്നു,
അവന്റെ ചുമലിൽ കൈവെച്ചു..
വാഫു മോൻ ഇളം പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി..അവനെന്തോ ചോദിക്കാനുള്ളത് പോലെ..
"വാഫുമോനെന്താ ഇങ്ങിനെ ഒറ്റക്കിരിക്കണേ...?"
ആ ചോദ്യം അവന് പിടിച്ചില്ലെന്ന് തോന്നുന്നു,
അല്പം ഈർഷ്യഭാവത്തോടെ അവൻ എഴുനേറ്റ് മുന്നോട്ട് നടന്നു.
എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല..
ഒടുവിൽ മടങ്ങുന്നതിനിടയിൽ എന്റെ കയ്യിൽ പിടിച്ച് ഇടറിയ ശബ്ദത്തിൽ അവൻചോദിച്ചു ...
"ഉമ്മപോവ്വാല്ലേ...? ഇനി എന്നെ കുളിപ്പിക്കാനും പഠിപ്പിക്കാനും സ്കൂളിൽ പറഞ്ഞയക്കാനുമൊക്കെ ആരാഉണ്ടാവ്വ്വ ? ആരുടെ അടുത്താ ഞാൻ
കിടക്ക്വ....?അവന്റെ ചോദ്യം എന്റെ ഹൃദയത്തിൽതട്ടി ...ചെറിയ നിശ്ശബ്ദക്ക് ശേഷം അവൻ വീണ്ടും തുടർന്നു,
"എനിക്ക് വേണം ന്റെ ഉമ്മയെ....എന്നെ തനിച്ചാക്കി പോകല്ലെന്ന് പറയോ...!
ആ വാക്കുകൾക്ക് മുന്നിൽ കണ്ഠമിടറി...
അവൻ എല്ലാം അറിഞ്ഞിരിക്കുന്നു, കുട്ടികളാരോ പറഞ്ഞുകാണും,
ഒരുവിധത്തിൽ അവനെ പറഞ്ഞ് ആശ്വസിപ്പിച്ചു,
ഇതൊക്കെ അവളോട്‌ എങ്ങനെ പറയും?
വർഷങ്ങൾ ഏറെയായില്ലേ ഒറ്റക്കുള്ള ജീവിതം... അവളെപ്പോലെ സഹനവും ക്ഷമയും ഉള്ളവർ ഈ കുടുംബത്തിലില്ല,
അത്രക്കും അനുഭവിച്ചിട്ടുണ്ടവൾ... കൈക്കുഞ്ഞുമായി എല്ലാപീഠനങ്ങളും സഹിച്ച് വർഷങ്ങളോളം അയാളുടെകൂടെ.."ഹോ.. ആലോചിക്കാനേ വയ്യ,
എന്നിട്ടും പലരും അവളെ കുറ്റപ്പെടുത്തു മായിയിരുന്നു
"അല്ലങ്കിലും അതെളുപ്പമാണല്ലോ.. അനുഭവിക്കുന്നവർക്കല്ലേ അത് മനസ്സിലാകൂ...!
ആരോടും ഒരു പരാതിയും പറയാതെഅത്രയുംകാലം...
ഒടുവിൽ നിവർത്തി കേടുകൊണ്ടല്ലേ എല്ലാം തുറന്ന് പറഞ്ഞത്,
"അയാളൊരു മനോരോഗിയായിരുന്നെന്ന് അപ്പോഴല്ലേ മനസ്സിലായത്.
അയാളുമായി പിരിഞ്ഞതോടെ അവൻ അവളുടെ കൂടെ തന്നെ ആയിരുന്നല്ലോ,
വിട്ട് നിൽക്കാൻ വിഷമം കാണും,
പലപ്പോഴും ഞാൻ കാണാറുണ്ട്, പഠിക്കാൻ മടികാണിക്കുമ്പോൾ അവളൊന്ന് ഉച്ചത്തിൽ ശബ്ദിച്ചാൽ കരയാൻ തുടങ്ങും,വാത്സല്യത്തിന്റെ ഉറവിടമായിരുന്നു അവൾ... അത്ര സ്നേഹത്തോടെയും സൂഷ്മതയോടും കൂടിയായിരുന്നു അവനെ വളർത്തിയത്.
ഇതൊക്കെയാണെങ്കിലും അവൾക്കും ഒരുജീവിതം വേണ്ടേ.. ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ അവൾക്കും കാണില്ലേ...ഇനിയും എത്രകാലമെന്നു വെച്ചാ ഒറ്റയ്ക്കിങ്ങനെ....?
മുറ്റത്ത്‌ ഓട്ടോ വന്നു നിർത്തി. അവളെയും കൂട്ടി ഇത്താത്തമാർ ഡ്രസ്സെടുത്ത് വന്നതാണ്,
ഓട്ടോയുടെ ശബ്ദം കേട്ടിട്ടും.. അവന് പുതിയ ഡ്രസ്സ് വാങ്ങിയെന്നു ജെസ്‌ല പറഞ്ഞപ്പോഴും അവനിൽ ഒരു സന്തോഷവും കണ്ടില്ല,
എല്ലാം കേട്ട് തലതാഴ്ത്തികൊണ്ടവൻഅകത്തേക്ക് പോയി, ഒറ്റപ്പെടലിനെ കുറിച്ച് ഓർത്ത് ആ കുഞ്ഞു ഹൃദയം നോവുന്നുണ്ടാവും....
വേണ്ട നടന്നതൊന്നും അവളോട്‌ പറയണ്ട.. ഇനി അതുകൂടി അവൾക്കൊരു വിഷമമാകണ്ട..!
പിറ്റേദിവസം ബന്ധുക്കളുടെ സാന്നിധ്യത്തിൽ പള്ളിയിൽ വെച്ചായിരുന്നു നിക്കാഹ് അവളെ കൊണ്ടു പോകാനായി ഒരുക്കക്കാരും വണ്ടിയും വന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് അവൾ ഇറങ്ങുമ്പോൾ എന്റെ മറവിലേക്ക് മാറിനിന്നു കൊണ്ട് ഉമ്മയെ ഒളിഞ്ഞു നോക്കുകയായിരുന്നു അവൻ, ഇറങ്ങുന്നതിനിടയിൽ അതുവരെ അടക്കി നിർത്തിയ സങ്കടങ്ങളൊക്കയും അണപൊട്ടി ഒഴുകിയതു പോലെ....അവന്റെ തേങ്ങൽ കേട്ട് കണ്ടുനിന്നവരിലും കണ്ണുനീരിന്റെ തിളക്കം.
അവന്റെ സമാധാനത്തിനായി അവനെ ചേർത്ത് പിടിച്ച് ഞാൻ പറഞ്ഞു..
"ഉമ്മവരും.. കുറച്ച് കഴിഞ്ഞ് മോനെ കൊണ്ട് പോകാനായി ഉമ്മവരും..!"
എന്റെ വാക്കുകളിൽ ആശ്വാസം തോന്നി കാണും, ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട്.. മാതൃസ്നേഹത്തിന് വേണ്ടി തുടിക്കുന്ന
മനസ്സും കാണാൻ കൊതിക്കുന്ന കണ്ണുകളുമായി വരുമെന്ന പ്രതീക്ഷ യിൽ വാഫുമോൻ എന്റെ മടിയിലേക്ക് തലചായ്ച്ചു.....!
© All Rights Reserved